ശാസ്ത്ര സാഹിത്യപരിഷത്ത് ഒരു ശാസ്ത്ര മത തീവ്രവാദ സംഘടന ആയി മാറിക്കഴിഞ്ഞു: ഡോ.ബിജു 

ശാസ്ത്ര സാഹിത്യപരിഷത്ത് എന്നത് ഇന്ന് ഒരു ശാസ്ത്ര മത തീവ്രവാദ സംഘടന ആയി മാറിക്കഴിഞ്ഞു എന്ന് സംവിധായകനായ ഡോ.ബിജു. മറ്റു വൈദ്യശാസ്ത്ര ശാഖകളോടുള്ള അന്ധമായ  വിദ്വേഷം  ശാസ്ത്ര സാഹിത്യപരിഷത്തിനെ ഒരു തീവ്രവാദ ഫാസിസ്റ്റ് സംഘടനയുടെ തലത്തിലേക്ക് കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നു എന്ന് ഡോ.ബിജു തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു.

ഡോ.ബിജുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നത് ഇന്ന് ഒരു ശാസ്ത്ര മത തീവ്രവാദ സംഘടന ആയി മാറിക്കഴിഞ്ഞു. മറ്റു വൈദ്യശാസ്ത്ര ശാഖകളോടുള്ള അന്ധമായ  വിദ്വേഷം  ശാസ്ത്ര സാഹിത്യ പരിഷത്തിനെ ഒരു തീവ്രവാദ ഫാസിസ്റ്റ് സംഘടനയുടെ തലത്തിലേക്ക് കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നു. അതോടൊപ്പം  ശാസ്ത്ര മെഡിസിൻ എന്ന്  പരിഷത് വിശേഷിപ്പിക്കുന്ന  രംഗത്തെ എല്ലാ വിധ ചൂഷണങ്ങൾക്കും എതിരെ മൗനവും പാലിക്കുക എന്ന ഒന്നാന്തരം കാപട്യമുള്ള ഒരു സംഘടനയായും പരിഷത് മാറിക്കഴിഞ്ഞു.  ഈ ശാസ്ത്ര തീവ്രവാദ സംഘടനയുടെ പല നിലപാടുകളും ആരോഗ്യരംഗത്തെ സംയോജിത ചികിത്സാ സാധ്യതകൾക്ക് തുരങ്കം വെയ്ക്കുകയും കേരളത്തിലെ പൊതു ജനാരോഗ്യത്തിനു അപകടകരമാവുകയും ചെയ്യുന്ന നിലയിലേക്ക് വളർന്നിരിക്കുന്നു. യാതൊരു വിധത്തിലും സർക്കാരിന്റെ ഭാഗം അല്ലാത്ത ഈ സ്വകാര്യ ശാസ്ത്ര തീവ്രവാദ സംഘടന സർക്കാറുകൾ  അംഗീകരിച്ച  പൊതുജനങ്ങൾക്കിടയിൽ ഏറെ സ്വീകാര്യത ഉള്ള ഇതര വൈദ്യശാസ്ത്രങ്ങൾക്കെതിരെ നിരന്തരം അപവാദ പ്രചാരണങ്ങൾ നടത്തുകയും  ആ വൈദ്യശാസ്ത്രങ്ങൾ ഒക്കെയും അന്ധവിശ്വാസം ആണ് എന്ന മട്ടിൽ അസംബന്ധ പ്രസ്താവനകൾ ഇറക്കുകയും ആണ് ചെയ്യുന്നത്. ഒരു മഹാ മാരിയുടെ കാലത്ത് സർക്കാർ അംഗീകരിച്ച വൈദ്യശാസ്ത്രങ്ങൾ എല്ലാം തന്നെ അവരവർക്ക് സാധ്യമായ രീതിയിൽ  പ്രവർത്തിക്കാനുള്ള  സാധ്യതകളെ തുരങ്കം വെക്കുകയും അതുവഴി പൊതുജനാരോഗ്യത്തെ അപകടപ്പെടുത്തുകയും ചെയ്യുന്ന ഇത്തരം തീവ്രവാദ സംഘടനകളെ തള്ളിക്കളയേണ്ടതുണ്ട്. യാതൊരു വിധത്തിലും സർക്കാരിന്റെ ഭാഗം അല്ലാത്ത ഇത്തരം സംഘടനകൾക്ക് പൊതുജനാരോഗ്യ വിഷയത്തിലും ഇതര വൈദ്യശാസ്ത്രങ്ങളെപ്പറ്റിയും ആധികാരികമായി പറയുവാൻ എന്തു യോഗ്യത ആണുള്ളത്. ശാസ്ത്രവും സാഹിത്യവും ഒക്കെ തങ്ങൾ പറയുന്നത് മാത്രമാണ് എന്നു നിഷ്കർഷിക്കുന്ന അങ്ങനെ ശാഠ്യം പിടിക്കുന്ന, സമാന്തരമായ എല്ലാ അറിവുകളെയും നിഷേധിക്കുന്ന  ഏതാനും കുറെ വൈതാളികന്മാരുടെ കൂട്ടമായ ഈ (അ)ശാസ്ത്ര (അ)സാഹിത്യ  പരിഷത്തിനെ പരിഷ്‌കൃത സമൂഹത്തിൽ നിന്നും പുറന്തള്ളേണ്ട സമയം അതിക്രമിച്ചിരിക്കുന്നു….അറിവുകൾ എന്നത് ഏകരൂപം അല്ല എന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബോധം എങ്കിലും  ഉണ്ടാകണം.

ഏതു മേഖലയിലും ബഹുസ്വരതയെ ഉൾക്കൊള്ളാനും പരിശോധിക്കാനും മടിക്കുന്ന എല്ലാ പ്രസ്ഥാനങ്ങളും ആത്യന്തികമായി ഫാസിസ്റ്റ് തീവ്രവാദ സംഘടനകൾ ആയി രൂപാന്തരം പ്രാപിക്കും. ഈ സംഘടനയും ഇപ്പോൾ മറ്റൊന്നല്ല തന്നെ…..

ഡോ.ബിജുവിന്റെ രണ്ടാമത്തെ കുറിപ്പ്:

ഭാരത സർക്കാർ മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയന്റെ നിർദേശ പ്രകാരം നാഷണൽ ഹ്യൂമൻ റൈറ്സ് കമ്മീഷൻ  “ചാർട്ടർ ഓഫ് പേഷ്യന്റ്സ് റൈറ്റ്സ് ” എന്ന ഒരു ഡ്രാഫ്റ്റ് ഉണ്ടാക്കിയിട്ടുണ്ട് . ഇന്ത്യയിൽ നിലവിലുള്ള വിവിധ നിയമങ്ങൾ, ആക്ടുകൾ , പ്രൊവിഷൻ എന്നിവയിൽ നിന്നും ഏറെ പ്രധാനപ്പെട്ടവ ചേർത്ത് കൊണ്ടാണ് ചാർട്ടർ ഓഫ് പെഷ്യന്റ് റൈറ്റ്സ് തയ്യാറാക്കിയിരിക്കുന്നത് .  ഇന്ത്യൻ ഭരണ ഘടന , (പ്രേത്യേകിച്ചു ആർട്ടിക്കിൾ 21  ലെ റൈറ്റ് റ്റു  ഹെൽത്ത് , റൈറ്റ് റ്റു  മെഡിക്കൽ സയൻസ് എന്നീ സെക്ഷനുകൾ ) , ഡ്രഗ്സ് ആൻഡ് കോസ്‌മെറ്റിക് ആക്റ്റ് 1940, ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്  2010, സുപ്രീം കോടതിയുടെ  വിവിധ വിധി ന്യായങ്ങൾ എന്നിവ അടിസ്ഥാനപ്പെടുത്തിയാണ്  ചാർട്ടർ ഓഫ് പേഷ്യന്റ്സ് റൈറ്സ് തയ്യാറാക്കിയിട്ടുള്ളത് . ഇതിൽ പ്രധാനമായും 17  കാര്യങ്ങൾ ആണ് ഉൾപ്പെടുത്തിയിട്ടുള്ളത് . ഇതിൽ പത്താമത്തെ വിഭാഗം കേരളത്തിലെ ശാസ്ത്ര തീവ്രവാദികൾ പ്രേത്യേകം ശ്രദ്ധിയ്ക്കും എന്ന് കരുതുന്നു . ബാക്കി പതിനാറു കാര്യങ്ങളിലും ഇക്കൂട്ടരുടെ  അഭിപ്രായം അനുകൂലം ആയിരിക്കും എന്നും കരുതുന്നു .(സോറി പ്രതീക്ഷിക്കുന്നു..😊)

1 . റൈറ്റ് റ്റു ഇൻഫർമേഷൻ –  രോഗിയ്ക്ക് രോഗത്തെ പറ്റി കൃത്യമായ വിവരങ്ങൾ നൽകുക

2 . റൈറ്റ് റ്റു റെക്കോർഡ്‌സ് ആൻഡ് റിപ്പോർട്സ്  –  രോഗിയ്‌ക്കോ രോഗിയുടെ ഒപ്പം ഉള്ളവർക്കോ രോഗിയുമായി ബന്ധപ്പെട്ട എല്ലാ ചികിത്സ രേഖകളും റിപ്പോർട്ടുകളും ലഭ്യമാകുക.

3 . റൈറ്റ് റ്റു എമർജൻസി മെഡിക്കൽ കെയർ  –  അടിയന്തിര ഘട്ടങ്ങളിൽ എല്ലാ സർക്കാർ സ്വകാര്യ ആശുപത്രികളും മുൻ‌കൂർ ഫീസ് ഇല്ലാതെ തന്നെ എമർജൻസി ചികിത്സാ നൽകാൻ ബാധ്യസ്ഥരാണ് . അത് അപകടത്തിൽ പെട്ട രോഗിയുടെ അവകാശം ആണ്.

4 . റൈറ്റ് റ്റു ഇൻഫോംഡ്  കൺസെന്റ്  –  അപകടകരമായ മരുന്നുകൾ, റിസ്കുള്ള സർജറികൾ തുടങ്ങിയവ രോഗിയുടെ / ബന്ധുക്കളുടെ അറിവും സമ്മതപ്രകാരവും മാത്രമേ ചെയ്യാവൂ .

5 . റൈറ്റ് റ്റു  കോൺഫിഡെൻഷ്യാലിറ്റി , ഹ്യുമൻ ഡിഗ്നിറ്റി ആൻഡ് പ്രൈവസി  –  രോഗിയുടെ രോഗ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ടത് ആണ് . (പൊതു ആരോഗ്യ സംവിധാനത്തിന്  ആവശ്യമായ , ഉപകാരപ്പെടുന്ന  രീതിയിൽ അസുഖ വിവരം പുറത്തു വിടേണ്ട ആവശ്യകത ഉണ്ടായാൽ മാത്രമേ രോഗ വിവരം പരസ്യമാക്കാവൂ ).

6 . റൈറ്റ് റ്റു സെക്കൻഡ് ഒപ്പീനിയൻ –  ആരോഗ്യ വിവരത്തെ പറ്റിയും ചികിത്സയെപ്പറ്റിയും തങ്ങൾക്കു വേണ്ടുന്ന മറ്റൊരു ക്ലിനിഷ്യനോട്‌ രണ്ടാമത് ഒരഭിപ്രായം ചോദിയ്ക്കാൻ  രോഗിക്കോ ബന്ധുക്കൾക്കോ അവകാശമുണ്ട് .

7 . റൈറ്റ് റ്റു ട്രാൻസ്പെരൻസി ഇൻ റേറ്റ്‌സ് ആൻഡ് കെയർ  –  രോഗിയ്ക്കും ബന്ധുക്കൾക്കും ആശുപത്രിയിൽ നിന്നും നൽകുന്ന സേവനങ്ങളുടെ റേറ്റുകൾ അറിയാൻ അവകാശമുണ്ട് . എല്ലാ സർവീസുകളുടെയും റേറ്റുകൾ ബോർഡിലും ബ്രോഷറുകളിലും  പ്രദർശിപ്പിക്കേണ്ടത്‌ ആണ് .

8 . റൈറ്റ് റ്റു നോൺ ഡിസ്ക്രിമിനേഷൻ  –  രോഗിയ്ക്ക്  ചികിത്സ നൽകുന്നതിൽ യാതൊരു വിധ വേർതിരിവും പാടില്ല . രോഗത്തിന്റെ അവസ്ഥ , ജാതി , മതം, ലിംഗ വ്യത്യാസം , വയസ്സ് , സോഷ്യൽ സ്റ്റാറ്റസ് , ഭാഷ , നാട് ഒന്നും തന്നെ വേർതിരിവിന് കാരണമാകാൻ പാടില്ല .

9 . റൈറ്റ് റ്റു  സേഫ്റ്റി ആൻഡ്  ക്വാളിറ്റി  കെയർ  –  രോഗിയ്ക്ക്  ആശുപത്രിയിൽ സുരക്ഷിതത്വവും , ഗുണ നിലവാരമുള്ള ചികിത്സയും ലഭ്യമാക്കാൻ അർഹതയുണ്ട് .

10 . റൈറ്റ് റ്റു ചൂസ് ആൾട്ടർനേറ്റീവ്  ട്രീറ്റ്മെന്റ് ഓപ്‌ഷൻസ്  – രോഗിയ്‌ക്കോ ബന്ധുക്കൾക്കോ ആൾട്ടർനേറ്റീവ് ചികിത്സ ഏതെങ്കിലും  സ്വീകരിക്കണം എന്നുണ്ടെങ്കിൽ അതിനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും .

11 . റൈറ്റ് റ്റു ചൂസ് സോഴ്സ് ഫോർ ഒബ്‌ടൈനിംഗ്  മെഡിസിൻസ് ഓർ ടെസ്റ്റ്സ്  –  രോഗിയ്ക്ക്  അംഗീകൃത യോഗ്യത ഉള്ള  ഏതു  ഫാർമസിയിൽ നിന്നും മരുന്ന് വാങ്ങുവാനും അംഗീകൃത യോഗ്യത ഉള്ള ഏതു  ലബോറട്ടറികളിൽ ടെസ്റ്റ് നടത്തുവാനും സ്വാതന്ത്ര്യം ഉണ്ട് .

12 . റൈറ്റ് റ്റു പ്രോപ്പർ റെഫറൽ ആൻഡ് ട്രാൻസ്ഫെർ  –  രോഗിയ്ക്ക് ഏതു സ്ഥാപനത്തിലും ചികിത്സ തേടാനായി  കൃത്യമായ റെഫറൽ ട്രാൻസ്ഫർ സൗകര്യങ്ങൾക്കുള്ള അവകാശം ഉണ്ട് .

13 . റൈറ്റ് റ്റു പ്രൊട്ടക്ഷൻ ഫോർ പേഷ്യന്റ്സ് ഇൻവോൾവ്ഡ് ഇൻ ക്ലിനിക്കൽ ട്രയൽസ് –  ക്ലിനിക്കൽ ട്രയലിനു വേണ്ടി തിരഞ്ഞെടുക്കുന്ന രോഗി/ ആളിന് എല്ലാവിധ സുരക്ഷിതത്വവും ലഭിക്കാൻ  അവകാശമുണ്ട് .

14 . റൈറ്റ് റ്റു പ്രൊട്ടക്ഷൻ ഓഫ് പാർട്ടിസിപ്പന്റ്സ്  ഇൻവോൾവ്ഡ് ഇൻ ബയോ മെഡിക്കൽ ആൻഡ് ഹെൽത്ത് റിസർച്  – ഇത്തരം റിസർച്ചുകൾക്ക് തിരഞ്ഞെടുക്കുന്ന ആളുകൾക്ക് പൂർണ്ണമായ സംരക്ഷണം അവകാശപ്പെടുന്നുണ്ട് .

15 . റൈറ്റ് റ്റു ടേക് ഡിസ്ചാർജ്ജ്  ഓഫ് പേഷ്യന്റ്  ഓർ റിസീവ്ഡ് ബോഡി ഓഫ് ഡിസീസ്‌ഡ്‌  ഫ്രം ഹോസ്പിറ്റൽ  – ഒരു ആശുപത്രിയിൽ നിന്നും രോഗിയ്ക്ക് ഡിസ്ചാർജ് ലഭിക്കാൻ അവകാശമുണ്ട് . ആശുപത്രി ബിൽ കുടിശിഖയുടെ പേരിൽ ഈ അവകാശം നിഷേധിക്കാൻ പറ്റില്ല . ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ച രോഗിയുടെ ശവശരീരം വിട്ടു കിട്ടാനും ബിൽ കുടിശിഖ തടസ്സമാകാൻ പാടില്ല .

16 . റൈറ്റ് റ്റു പേഷ്യന്റ് എഡ്യുക്കേഷൻ  –  രോഗിയ്ക്ക് രോഗത്തെ പറ്റിയുള്ള  വിശദമായ കാര്യങ്ങളുടെ വിദ്യാഭ്യാസം കിട്ടാൻ അവകാശമുണ്ട് .

17 . റൈറ്റ് റ്റു ബി ഹേർഡ് ആൻഡ് സീക് റിഡ്രസ്സ്ൽ – എല്ലാ രോഗികൾക്കും തങ്ങൾക്ക് ലഭിക്കുന്ന ചികിത്സയെ പറ്റി ഫീഡ് ബാക്ക് നൽകാനും ആവശ്യമെങ്കിൽ പരാതി നൽകാനും അവകാശമുണ്ട് .

Read more