മനുഷ്യരുടെ വേദന ചർച്ച ചെയ്യുംമുമ്പ് പാസ്പോർട്ട് നോക്കണം എന്നാണ് സംഘി സ്‌കൂളിന്റെ പാഠം: ഹരീഷ് വാസുദേവൻ 

ലോകത്തെവിടെയെങ്കിലും മനുഷ്യർ വേദനിക്കുന്നത് കണ്ടാൽ, അത് ചർച്ച ചെയ്യുന്നതിന് മുമ്പ് വേദനിക്കുന്നവന്റെ പാസ്പോർട്ട് നോക്കണമെന്നതാണ് സംഘി സ്‌കൂളിന്റെ പാഠമെന്ന് അഭിഭാഷകനായ ഹരീഷ് വാസുദേവൻ. ഇന്ത്യയിലെ കർഷക പ്രതിഷേധത്തെ പിന്തുണച്ചു കൊണ്ടുള്ള  പോപ്പ് താരം റിഹാനയുടെ ട്വീറ്റിനെതിരെ സച്ചിൻ തെണ്ടുൽക്കർ രംഗത്തെത്തിയിരുന്നു. ഇന്ത്യക്കാരാണ് ഇന്ത്യയ്ക്കായി തീരുമാനമെടുക്കേണ്ടതെന്നും രാജ്യത്തിന്റെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്നും സച്ചിൻ ഇന്നലെ ട്വീറ്റ് ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ഹരീഷ് വാസുദേവന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.

റിഹാനയും, കാലാവസ്ഥാ പ്രവർത്തക ഗ്രെറ്റ തൻബെർഗും, യു.എസിൽ നിന്നും യു.കെയിൽ നിന്നുമുള്ള നിരവധി രാഷ്ട്രീയ നേതാക്കളും മറ്റ് സെലിബ്രിറ്റികളും കർഷകരുടെ പ്രതിഷേധത്തെ പിന്തുണച്ച്‌ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. അതേസമയം വിദേശത്ത് നിന്നുള്ളവർ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ട എന്ന് പ്രതികരിച്ചുകൊണ്ട് ബോളിവുഡ് താരങ്ങളും കേന്ദ്ര മന്ത്രിമാരും ഉൾപ്പെടെ നിരവധി പ്രമുഖർ കേന്ദ്ര സർക്കാരിനെ പിന്തുണച്ചു.

ഹരീഷ് വാസുദേവന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

രാജ്യാതിർത്തിയും മനുഷ്യത്വവും.

മനുഷ്യരുടെ വേദനയ്ക്ക് രാജ്യാതിർത്തി ബാധകമാണോ? ആണെന്നാണ് സംഘപരിവാർ അനുകൂല സെലിബ്രിറ്റികൾ പറയുന്നത്.

ച്ഛെ, മഹാത്മാ ഗാന്ധി സൗത്ത് ആഫ്രിക്കയിലെ വംശീയ അധിക്ഷേപങ്ങൾക്ക് എതിരെ പോരാടിയത് തെറ്റായിപ്പോയി.

ബ്രിട്ടീഷുകാർ ഇന്ത്യക്കാരോട് അനീതി കാട്ടുന്നത് അവസാനിപ്പിക്കാൻ AO ഹ്യൂമും കൂട്ടരും കോണ്ഗ്രസ് രൂപീകരിച്ചത് മോശമായിപ്പോയി.

ബംഗ്ലാദേശിന് ഇന്ദിരാഗാന്ധി ഇടപെട്ട് പാക്കിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം നേടി കൊടുത്തതും മോശമായിപ്പോയി.

അതൊക്കെ നമ്മളെപ്പോലുള്ള മനുഷ്യരുടെ വേദനയാണ് എന്നു കണ്ടവർക്കൊക്കെ തെറ്റിപ്പോയി..

ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന തന്നെ പിരിച്ചു വിടണം, മനുഷ്യരുടെ വേദനകൾക്ക് രാജ്യാതിർത്തി ബാധകമാണെന്ന് ഇവർക്കൊന്നും അറിയില്ലേ??

ഇനി ലോകത്തെവിടെയെങ്കിലും മനുഷ്യർ വേദനിക്കുന്നത് കണ്ടാൽ, അത് ചർച്ച ചെയ്യുന്നതിന് മുൻപ് വേദനിക്കുന്നവന്റെ പാസ്പോർട്ട് നോക്കണം. ഏത് രാജ്യത്തിന്റെ ആഭ്യന്തര കാര്യമാണെന്ന് നോക്കണം – അതാണ് സംഘി സ്‌കൂളിന്റെ പാഠം. മനുഷ്യത്വവും കാരുണ്യവും രാജ്യാതിർത്തി നോക്കി മാത്രം തോന്നേണ്ട വികാരമാണെന്നാണ് അവരുടെ മതം.

തലച്ചോർ അൽപ്പം കൂടി വളർന്നത് കൊണ്ടാണ് മനുഷ്യർക്ക് മറ്റു മനുഷ്യരുടെ വേദനകളിൽ വേദന പങ്കിടാൻ തോന്നുന്നത്. അത്ര വളർച്ച എത്താത്ത മനുഷ്യർക്ക് ഇങ്ങനെയും തോന്നാം.

ഓരോരുത്തരും എവിടെ നിൽക്കുന്നു എന്നു ചരിത്രത്തിൽ അടയാളപ്പെടുത്തി പോകുന്നത് വളരെ വളരെ നല്ലതാണ്. ഏത് സച്ചിൻ ടെണ്ടുൽക്കറായാലും നല്ലതാണ്.

Read more