ഭർത്താവ് ഭാര്യയെ അടിക്കുന്നതിനെ സ്വാഭാവികവത്കരിക്കുന്ന കഥ ബാലരമയിൽ; വിമർശിച്ച് രഞ്ജിനി കൃഷ്ണന്‍

Advertisement

 

ബാലമാസികയായ ‘ബാലരമ’യിൽ പ്രസിദ്ധീകരിച്ച, ഗാര്‍ഹിക പീഡനത്തെ സ്വാഭാവികവത്കരിക്കുകയും ആദർശവത്കരിക്കുകയും ചെയ്യുന്ന ചിത്രകഥയെ വിമർശിച്ച് ഗവേഷകയും ചലച്ചിത്ര സംവിധായികയുമായ രഞ്ജിനി കൃഷ്ണൻ. മകന് കഥ വായിച്ചു കൊടുക്കുന്നതിനിടെയാണ് ഭർത്താവ് ഭാര്യയെ അടിക്കുന്നതിനെ സ്വാഭാവികവത്കരിക്കുന്ന കഥാസന്ദർഭം രഞ്ജിനി കൃഷ്ണന്റെ ശ്രദ്ധയിൽ പെട്ടത്.

ബാലസാഹിത്യം ഗൗരവമായി കാണേണ്ട ഒന്നാണെന്നും ഇത്തരം കഥകളിലെ തെറ്റായ ഉള്ളടക്കങ്ങളിൽ നിന്നും മക്കളെ തിരുത്താൻ എല്ലാ അമ്മമാർക്കും അച്ഛൻമാർക്കും സമയം കിട്ടിയെന്ന് വരില്ലെന്നും അത്‌ കൊണ്ട് ബാലരമ പത്രാധിപ സമിതി കുറച്ച് കൂടി വിവേചനബുദ്ധി കാണിക്കണമെന്നും രഞ്ജിനി കൃഷ്ണൻ തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു.

രഞ്ജിനി കൃഷ്ണന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഞാനും മോനും ബാലരമ വായിക്കുകയായിരുന്നു. അപ്പൊ ഒരു കഥ. വായിച്ചു വന്നപ്പോ അതിൽ ഒരു ഭർത്താവ് ഭാര്യയെ അടിക്കുന്നു. അടി കിട്ടിയ ഭാര്യയുടെ സ്വഭാവം ശരിയാകുന്നു. കണ്ടു നിക്കുന്ന മൃഗങ്ങൾ അത്‌ ശരി വെയ്ക്കുന്നു. വായിച്ചു കൊടുക്കുന്ന ഞാൻ ഞെട്ടി. എന്ത് ചെയ്യണം. ഞാൻ ആലോചിച്ചു. എന്നിട്ട് അവനോട് ചോദിച്ചു അയാൾ ചെയ്തത് ശരിയാണോ. അവൻ പറഞ്ഞു അല്ല. എന്താണ് അതിലെ കുഴപ്പം. ഞാൻ വീണ്ടും ചോദിച്ചു. അപ്പൊ അവൻ പറഞ്ഞു ‘ഒരു ഹ്യൂമൻ വേറെ ഒരു ഹ്യൂമനെ ഹർട്ട് ചെയ്യാൻ പാടില്ല ‘. എനിക്ക് കുറച്ച് സമാധാനം തോന്നി. പ്രതീക്ഷയ്ക്കു വകയുണ്ട്. ഞങ്ങൾ കുറച്ച് നേരം ഭാര്യ ഭർത്താവ് സ്നേഹം വയലൻസ് തുടങ്ങിയ കടുപ്പപ്പെട്ട കാര്യങ്ങളേ കുറിച്ച് സംസാരിച്ചു. ഞങ്ങൾ ലോകത്തോട് സ്നേഹമായി മാത്രമേ പെരുമാറൂ എന്ന് ഉറപ്പിച്ചു. (ഇനി രസത്തിനു ഉറുമ്പിനെ കൊല്ലില്ല എന്നും കൂടി അവൻ തീരുമാനിച്ചു )

എനിക്ക് ഇനി പറയാനുള്ളത് ബാലരമ പത്രാധിപ സമിതിയോട് ആണ്. ബാലസാഹിത്യം പിള്ളേര് കളിയല്ല എന്ന് നിങ്ങൾക്കും അറിയാവുന്നതാണല്ലോ. എല്ലാ അമ്മമാർക്കും അച്ഛൻമാർക്കും ഇത്രയും സമയം ഒരു കഥയുടെ പുറത്ത് ചെലവാക്കാൻ ഉണ്ടാവില്ല. സമയം ഉണ്ടെങ്കിലും മനസ് ഉണ്ടാവില്ല. അത്‌ കൊണ്ട് കുറച്ച് കൂടി വിവേചനബുദ്ധി നിങ്ങൾ കാണിക്കണം. ഗാർഹിക പീഡനത്തെ സ്വാഭാവികമായി അവതരിപ്പിക്കുന്ന കഥകൾ സ്വീകാര്യമോ നിയമപരമായി ശരിയോ അല്ല. ഇനി ഇത് ആവർത്തിക്കില്ലെന്ന് തന്നെ കരുതട്ടെ.

പിന്നെ എന്റെ മകന് കുറേ കാലമായുള്ള സംശയം ആണ് കുട്ടൂസൻ എന്ത് കൊണ്ടാണ് മായാവിയെ പിടിച്ചിടാൻ പ്ലാസ്റ്റിക്ക് കുപ്പി ഉപയോഗിക്കാത്തത് എന്ന്. അപ്പൊ കുപ്പി പൊട്ടി മായാവി രക്ഷപ്പെടുന്ന പ്രശ്നം ഉണ്ടാകില്ലല്ലോ എന്നാണ് അവൻ ആലോചിക്കുന്നത്. അത്‌ ഒട്ടും ഇക്കോ ഫ്രണ്ട്‌ലി പരിഹാരം അല്ലെങ്കിലും കാലാകാലമായി നിലനിൽക്കുന്ന ഒരു പ്രശ്നത്തിനുള്ള പരിഹാരം ആണല്ലോ. നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ആണ് നമ്മൾ ശ്രമിക്കേണ്ടത് അല്ലാതെ അതിനെ കഥയാക്കി പ്രചരിപ്പിക്കാനല്ല എന്ന കുഞ്ഞുങ്ങളുടെ തിരിച്ചറിവ് മുതിർന്നവരെയും സഹായിച്ചേക്കും.