"മുസ്ലിമുകളെയും ബിടെക്കുകാരെയും ജോലിക്ക് വേണ്ട": വിവേചനപരമായ തൊഴിൽ പരസ്യത്തിന് എതിരെ പ്രതിഷേധം 

മുസ്ലിം സമുദായത്തിലുള്ള വ്യക്തികളെ ജോലിക്കെടുക്കില്ലെന്ന ക്ലാസിഫൈഡ് പരസ്യത്തിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നു. കൊച്ചിയിലെ ജോലി ഒഴിവുകള്‍ പരസ്യപ്പെടുത്തുന്ന ഒരു വെബ് സൈറ്റിലാണ് എഡ്യൂക്കേഷന്‍ കൗണ്‍സിലര്‍ തസ്തികയിലേക്ക് മുസ്ലിമുകള്‍ക്കും ബിടെക് ബിരുദധാരികൾക്കും അപേക്ഷിക്കാനാകില്ലെന്ന് പ്രത്യേകം എടുത്ത് പറഞ്ഞിരിക്കുന്നത്. എഡ്യൂക്കേഷന്‍ കൗണ്‍സിലര്‍ അഥവാ ടെലി സെയില്‍സ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്കാണ് പ്ലേയ്‌സ്‌മെന്റ് ഇന്ത്യ എന്ന ക്ലാസിഫൈഡ്‌സ് വെബ്‌സൈറ്റില്‍ വിവേചനപരമായ പരസ്യം വന്നത്.

പ്രവൃത്തിപരിചയമുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾക്ക്‌ പരസ്യത്തിൽ മുന്‍ഗണന നല്‍കുന്നുണ്ട്. 9,000 മുതല്‍ 13,000 വരെയാണ് ശമ്പളെ വാഗ്ദാനം ചെയ്തിരിക്കുന്നത്. 10 ഒഴിവുകളാണ് ഉള്ളതെന്നും പരസ്യത്തില്‍പ്പറയുന്നു. എന്നാൽ തസ്തികയില്‍ നിന്ന് മുസ്ലിം വിഭാഗക്കാരെ ഒഴിവാക്കുന്നത് വ്യക്തമായ മതവിവേചനമാണെന്നും ഇതിനെതിരെ സർക്കാർ നടപടിയെടുക്കണമെന്നുമാണ് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെടുന്നത്.

ഇന്ത്യയിൽ എവിടെയും നിയമനുസൃതമായി ഏത് തൊഴിലും ചെയ്യാനുള്ള ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലിക അവകാശത്തിന്റെ ലംഘനമാണ് പ്രസ്തുത പരസ്യമെന്നും, വർഗ്ഗീകരണം വിവേചനപരമായിരിക്കരുത് എന്ന് സുപ്രീംകോടതി വിധിയുണ്ടെന്നും സമൂഹ മാധ്യമങ്ങളിലൂടെ നിരവധിപ്പേര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.