"രാഹുൽ ഗാന്ധിയെ മാത്രമല്ല കേരളത്തിലെ മുഴുവൻ സ്ത്രീകളെയുമാണ് അപമാനിച്ചിരിക്കുന്നത്": കുറിപ്പ്

സ്ത്രീകളെ ലൈംഗിക വസ്തു എന്നതിനുപരിയായി മറ്റൊരു തരത്തിലും കാണാൻ കഴിയാത്ത നേതാക്കളും മന്ത്രിയും, ഇത്തരം കാഴ്ചപ്പാടുള്ള ഇവരോടൊക്കെ ഒരു പെൺകുട്ടിയ്ക്കോ സ്ത്രീയ്ക്കോ എങ്ങനെയാണ് സ്വതന്ത്രമായി ഇടപെടാൻ കഴിയുന്നത് എന്ന് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ചോദിച്ച് ആർ ജെ അഞ്ജലി.

ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി എം എം മണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇരട്ടയാറിലെ പൊതുയോഗത്തിൽ സംസാരിക്കവെ രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് ജോയ്സ് ജോർജ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിന്റെ പശ്ചാത്തലത്തിലാണ് ആർ ജെ അഞ്ജലിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഈ പരാമർശത്തിലൂടെ രാഹുൽ ഗാന്ധിയെ മാത്രമല്ല കേരളത്തിലെ മുഴുവൻ സ്ത്രീകളെയും,പെണ്‍കുട്ടികളെയുമാണ് അപമാനിച്ചിരിക്കുന്നത്. സ്ത്രീകൾ എന്നാൽ ലൈംഗികവസ്തുക്കൾ മാത്രമാണ് എന്ന് പെണ്‍കുട്ടികളോട് ഒരു നേതാവ് പറയുമ്പോൾ അത് കേട്ട് സംസ്ഥാനത്തെ ഒരു മന്ത്രി ചിരിക്കുമ്പോൾ അവിടെ കേരളത്തിന്റെ തന്നെ തല താഴുകയാണ് എന്നും കുറിപ്പിൽ പറയുന്നു.

“രാഹുൽ ഗാന്ധിയുടെ പരിപാടി, കോളജിൽ പോകും, പെൺപിള്ളേർ മാത്രമുള്ള കോളജിലേ പോകൂ, അവിടെ ചെന്ന് പെണ്ണുങ്ങളെ വളഞ്ഞു നീക്കാനും നൂരാനും ഒക്കെ പഠിപ്പിക്കും. എന്റെ പൊന്നു മക്കളേ, രാഹുൽ ഗാന്ധിയുടെ മുമ്പിൽ വളയാനും കുനിയാനും ഒന്നും നിൽക്കല്ലേ, അയാൾ പെണ്ണൊന്നും കെട്ടിയിട്ടില്ല,” എന്നാണ് ജോയ്‌സ് ജോർജ് പറഞ്ഞത്.

ആർ ജെ അഞ്ജലിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

സ്ത്രീകളെ ലൈംഗിക വസ്തു എന്നതിനുപരിയായി മറ്റൊരു തരത്തിലും കാണാൻ കഴിയാത്ത നേതാക്കളും മന്ത്രിയും ,ഇത്തരം കാഴ്ചപ്പാടുള്ള ഇവരോടൊക്കെ ഒരു പെൺകുട്ടിയ്ക്കോ സ്ത്രീയ്ക്കോ എങ്ങനെയാണ് സ്വതന്ത്രമായി ഇടപെടാൻ കഴിയുന്നത്?
ഈ പരാമർശത്തിലൂടെ രാഹുൽ ഗാന്ധിയെ മാത്രമല്ല കേരളത്തിലെ മുഴുവൻ സ്ത്രീകളെയും,പെണ്കുട്ടികളെയുമാണ് അപമാനിച്ചിരിക്കുന്നത്.സ്ത്രീകൾ എന്നാൽ ലൈംഗിക വസ്തുക്കൾ മാത്രമാണ് എന്ന് പെകുട്ടികളോട് ഒരു നേതാവ് പറയുമ്പോൾ അത് കേട്ട് സംസ്ഥാനത്തെ ഒരു മന്ത്രി ചിരിക്കുമ്പോൾ അവിടെ കേരളത്തിന്റെ തന്നെ തല താഴുകയാണ്. അവിവാഹിതർ എന്നാൽ എങ്ങനെയാണ് ഇത്ര മോശം ആളുകളാകുന്നത്? വിവാഹം കഴിക്കാത്തതിനെ പാപവൽക്കരിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് പൊതുസമൂഹത്തിന് നൽകുന്നത്? അവിവാഹിതർ ലൈംഗികമായി ദാരിദ്ര്യം അനുഭവിക്കുന്നവരാണ് എന്ന് വിളിച്ച് പറയുമ്പോൾ,അതിന് ഒരു ചിരികൊണ്ട് മന്ത്രി പിന്തുണ നൽകുമ്പോൾ അവിവാഹരായ മനുഷ്യരെ മുഴുവൻ മോശം ജനങ്ങളായി ചിത്രീകരിക്കുകയാണ്.ഒരു സ്ത്രീയും പുരുഷനും പരസ്പരം ഇടപെടുന്നതിന്റെ പിന്നിൽ ലൈംഗികമായ നേട്ടങ്ങൾ മാത്രമാണെന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ ഞങ്ങൾക്കാണ് ചിരി വരുന്നത്!