ഞങ്ങള്‍ ചെയ്ത തെറ്റെന്താണ്? നിങ്ങളുടെ ഹര്‍ത്താല്‍ റിപ്പോര്‍ട്ട് ചെയ്തതോ? യുഡിഎഫുകാര്‍ മര്‍ദ്ദിച്ച മാധ്യമ പ്രവര്‍ത്തകന്റെ കുറിപ്പ്

കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണ താലൂക്കിലെ യു.ഡി.എഫ്. ഹര്‍ത്താലിനിടെ എനിക്കും ക്യാമറാ മാന്‍ പി.വി. സന്ദീപിനും ന്യൂസ് 18 റിപ്പോര്‍ട്ടര്‍ സുര്‍ജിത് അയ്യപ്പനും ഹര്‍ത്താല്‍ അനുകൂലികളുടെ മര്‍ദ്ദനമേറ്റിരുന്നു. ഞങ്ങള്‍ മൂവരും ചികിത്സക്ക് ശേഷം ഇന്നലെ രാവിലെ മലപ്പുറം താലൂക്ക് ആശുപത്രി വിട്ടു. അക്രമം നടന്നിട്ടില്ലെന്നും എല്ലാം മാധ്യമ പ്രചാരണം മാത്രമാണെന്നും ചില ലീഗ് നേതാക്കളും അണികളും പ്രചാരണം നടത്തുന്നുണ്ട്. ( ഫോണില്‍ വിളിച്ച് ഞങ്ങള്‍ക്ക് അനുഭാവം പ്രകടിപ്പിക്കുന്നവരും കൂട്ടത്തിലുണ്ട്.)

ഈ കള്ള പ്രചാരണം നടക്കുന്നതു കൊണ്ടാണ് ഈ കുറിപ്പ് എഴുതേണ്ടി വരുന്നത്. അല്ലാതെ ഞാന്‍ ഹര്‍ത്താല്‍ അനുകൂലികളുമായി ഏറ്റുമുട്ടിയതിന്റെ “വീരചരിതം” രചിക്കാനല്ല. പെരിന്തല്‍മണ്ണയില്‍ എം.എസ്.എഫ്- എസ്.എഫ്.ഐ സംഘര്‍ഷം നടക്കുന്നുണ്ടെന്നും ലീഗ് മണ്ഡലം കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്തു എന്നും കേട്ടാണ് തിങ്കളാഴ്ച ഉച്ചയോടെ ഞങ്ങള്‍ അങ്ങോട്ടു തിരിച്ചത്. ലീഗ് ഓഫീസ് അടിച്ചു പൊടിച്ചതിന്റെ ഭീകരത കൃത്യമായി റിപ്പോര്‍ട്ട് ചെയ്തു. ശേഷം ലീഗ് പ്രവര്‍ത്തകര്‍ സി.പി.എം. ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സി.പി.എം. ഓഫീസിനു മുമ്പില്‍ നിന്ന് ലീഗ് മാര്‍ച്ചിന് നേരെ കല്ലേറുണ്ടായി. ലീഗുകാര്‍ തിരിച്ചുമെറിഞ്ഞു. ഇതിന് നടുക്ക് നിന്നാണ് ഞങ്ങള്‍ ജോലി ചെയ്തത്. കല്ലേറ് കിട്ടാതിരുന്നത് ഭാഗ്യം കൊണ്ട്. ശേഷമുണ്ടായ സംഭവ വികാസങ്ങളും മുമ്പു നടന്ന പോളി ടെക്‌നിക് അക്രമവും എല്ലാം വിശദമായി തന്നെ റിപ്പോര്‍ട്ടു ചെയ്തു.

തുടര്‍ന്ന് രാത്രി യു.ഡി.എഫ്. ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

രാവിലെ ഏഴേകാലോടെ ഞങ്ങള്‍ മലപ്പുറത്ത് നിന്ന് ഹര്‍ത്താല്‍ റിപ്പോര്‍ട്ടിങ്ങിനായി പുറപ്പെട്ടു. താലൂക്ക് അതിര്‍ത്തിയായ രാമപുരത്ത് റോഡിനു കുറുകെ ടയര്‍ കത്തിച്ച് വാഹനം തടയുന്നുണ്ടായിരുന്നു. പൊലീസ് സ്ഥലത്തെത്തി ടയറുകള്‍ നീക്കുന്നുണ്ട്. ചാനലുകാര്‍ ആണെന്നും നിങ്ങളുടെ ഹര്‍ത്താല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതാണെന്നും പറഞ്ഞപ്പോള്‍ ഞങ്ങളെ കടത്തി വിട്ടു. തടസ്സങ്ങളില്ലാതെ ഞങ്ങള്‍ പെരിന്തല്‍മണ്ണയില്‍ എത്തി. എട്ടരയുടെ ലൈവ് റിപ്പോര്‍ട്ടിങ് പൂര്‍ത്തിയായി. ഹര്‍ത്താലില്‍ ഇതുവരെ അക്രമ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ഞാന്‍ ലൈവായി റിപ്പോര്‍ട്ട് ചെയ്തു. കാര്യമായ പ്രശ്‌നങ്ങളില്ലാത്തതിനാല്‍ ഞങ്ങള്‍ മടങ്ങി. വഴിക്കു വച്ച് സുര്‍ജിത്തും ഞങ്ങളുടെ വണ്ടിയില്‍ കയറി. അങ്ങാടിപ്പുറം ജംങ്ഷനില്‍ കുറുകെ കല്ലുകളിട്ട് ലീഗുകാര്‍ വാഹനങ്ങള്‍ തടയുന്നുണ്ടായിരുന്നു. ഞങ്ങളുടെ വാഹനവും തടഞ്ഞു. ചാനലുകാരാണെന്ന് പറഞ്ഞപ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് വേണമെന്നായി. കാറിന്റെ മുന്നിലും പിന്നിലും പതിച്ച ചാനലിന്റെ ലോഗോ മതിയാകില്ലത്രെ. ചാനല്‍ ഐഡിയുള്ള മൈക്ക് കാണിച്ചു. അതും പോര. കൂട്ടത്തിലൊരാള്‍ വണ്ടി ഓഫ് ചെയ്ത് ചാവിയും കൊണ്ട് പോയി. ചാവി ചോദിച്ചിട്ട് നല്‍കിയില്ല. ഞാന്‍ പുറത്തിറങ്ങി. ചാവി തിരിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടു.

തെറി ( മുസ്ലിം ലീഗുകാരുടെ തെറിയാണ് തെറി) വിളിച്ചാണ് അവര്‍ എതിരിട്ടത്. ഇതിനിടെ ഒരാള്‍ എന്നെ പിറകില്‍ നിന്ന് ചവിട്ടി. ദൂരേക്ക് തെറിച്ചെങ്കിലും വീണു പോയില്ല. അതിനിടെ എന്നെ തിരിച്ചറിഞ്ഞ ഒന്നു രണ്ടു പേര്‍ അവരെ മാറ്റാന്‍ ശ്രമിച്ചു. പക്ഷെ മൂന്നാലു പേര്‍ വീണ്ടും എന്നെ മര്‍ദ്ദിച്ചു കൊണ്ടിരുന്നു. തടയാന്‍ ശ്രമിച്ച സുര്‍ജിത്തിനേയും സന്ദീപിനേയും അവര്‍ പിടിച്ചു തള്ളി. എന്നെ ചവിട്ടിയവന് നേരെ ഞാന്‍ കൈ ചൂണ്ടി സംസാരിച്ചു. ഇതില്‍ പ്രകോപിതനായ ഒരാള്‍ എന്നെ കോളറിന് കൂട്ടിപ്പിടിച്ച് റോഡിലേക്കെറിഞ്ഞു. ഊര കുത്തിയാണ് റോഡില്‍ വീണത്. ശരീരമാകെ തരിച്ച പോലെ. അതിനിടെ ആരോ വന്ന് ( ആ പച്ച ഷര്‍ട്ടുകാരന്‍ ആണെന്നാണ് തോന്നുന്നത്) വയറ്റത്ത് ചവിട്ടുകയും ചെയ്തു. ജീവനോടെ ഇവിടെ നിന്ന് പോകില്ലെന്നായിരുന്നു ആക്രോശം. സുര്‍ജിത്തും ഡ്രൈവര്‍ അനിലേട്ടനും പിടിച്ചെഴുന്നേല്‍പ്പിച്ചു. നേരത്തെ മര്‍ദനം തടയാന്‍ ശ്രമിച്ച രണ്ടു പേര്‍ വീണ്ടും സഹായിച്ചു. അവര്‍ ഞങ്ങളെ വണ്ടിയിലേക്ക് തള്ളി കയറ്റി. താക്കോലും സംഘടിപ്പിച്ച് നല്‍കി. ഞങ്ങള്‍ അവിടെ നിന്ന് രക്ഷപ്പെട്ടു.

ഈ സമയത്ത് ഒരു പൊലീസുകാരന്‍ പോലും ഇവിടെയുണ്ടായിരുന്നില്ല. നൂറു മീറ്റര്‍ അപ്പുറത്ത് സി.പി.എം. ഓഫീസിന് മുമ്പില്‍ അഞ്ചെട്ട് പൊലീസുകാരും ജീപ്പും കാവലുണ്ടായിരുന്നു. എന്നെ അടുത്തറിയുന്ന പല ലീഗ് നേതാക്കളും അധികം വൈകാതെ വിളിച്ചിരുന്നു. കാര്യങ്ങളന്വേഷിച്ചിരുന്നു. ഒരു മണ്ഡലം ഭാരവാഹി അപ്പോള്‍ തന്നെ നേരിട്ടും വന്നിരുന്നു. പക്ഷെ ഇങ്ങനെയൊരു സംഭവം നടന്നിട്ടേയില്ലെന്ന പ്രചാരണമാണ് പിന്നീടുണ്ടായത്. ഞങ്ങള്‍ സ്ഥലത്ത് നിന്ന് മടങ്ങി മലപ്പുറത്ത് എത്തുന്നതു വരെ ഏഴിടത്താണ് ലീഗുകാര്‍ വണ്ടി തടഞ്ഞത്. വിശദമായ ഇന്റര്‍വ്യു പാസാകേണ്ടി വന്നു വാഹനം കടത്തി വിടാന്‍.

ഞങ്ങള്‍ ചെയ്ത തെറ്റെന്താണ്. നിങ്ങളുടെ ഹര്‍ത്താല്‍ റിപ്പോര്‍ട്ട് ചെയ്തതോ? അതോ നിങ്ങളുടെ ഓഫീസ് അക്രമിക്കപ്പെട്ടത് വാര്‍ത്തയാക്കിയതോ? തലയില്‍ അല്‍പമെങ്കിലും വെളിച്ചമുണ്ടെങ്കില്‍ നിങ്ങളിതു ചെയ്യുമോ?
നേതാക്കളോട്- ഇത്തരം ആളുകള്‍ക്ക് നന്നായി വളം വച്ചു നല്‍കുക. പാര്‍ട്ടി നന്നായി വളരും. തിന്മയെ നന്മ കൊണ്ട് എതിരിടണം എന്നു പഠിപ്പിച്ച ആ മതത്തിന്റെ പേര് നിങ്ങളുടെ പാര്‍ട്ടിയില്‍ നിന്ന് മാറ്റാന്‍ മറക്കണ്ട.

വാല്‍കഷണം: ആശുപത്രിയിലെത്താമെന്ന് പറഞ്ഞ ലീഗ് നേതാക്കള്‍ ഗതാഗത തടസ്സം കാരണം വരാനാകില്ലെന്ന് പിന്നീട് അറിയിച്ചു. അതേ പാതയിലൂടെ പത്തു മിനിറ്റിനകം ഉമ്മന്‍ ചാണ്ടി വന്നു കാണുകയും ചെയ്തു.

ഈ വിഷമ ഘട്ടത്തിലും ചങ്കു പോലെ കൂടെ നിന്ന സഹ പ്രവര്‍ത്തകര്‍ക്കും മലപ്പുറത്തെ പത്രക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും എല്ലാ പാര്‍ട്ടിയിലും പെട്ട നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി.