നുണ പറയുകയും പറഞ്ഞ ആൾ തന്നെ 'സത്യം വിജയിക്കും' എന്ന മാസ്സ് ഡയലോഗ് അടിക്കുകയും ചെയ്യുന്നതിനോടാണ് എതിർപ്പ്: മാധ്യമ പ്രവർത്തകയുടെ കുറിപ്പ്

മന്ത്രി കെ.ടി ജലീൽ സ്വർണം കടത്തിയെന്നു താൻ കരുതുന്നില്ല എന്നും എന്നാൽ മന്ത്രി ഇ.ഡി യുടെ ചോദ്യങ്ങൾ നേരിടാൻ പോയിട്ടും “ഇല്ല” എന്നു നുണ പറയുകയും പിന്നീട് “സത്യം വിജയിക്കും” എന്ന് പറയുകയും ചെയ്യുന്നതിനോടാണ് തന്റെ എതിർപ്പ് എന്ന് മാധ്യമ പ്രവർത്തകയായ ജിഷ എലിസബത്ത്. വിശുദ്ധ ഖുർ ആൻ കൊണ്ട് വന്ന പെട്ടിയെ മറയാക്കി സ്വർണക്കടത്തു കേസിൽ ഉൾപ്പെട്ടവർ സ്വർണം കടത്തിയോ എന്നാണ് ഏജൻസികൾ അന്വേഷിക്കുന്നത്. അതിനാൽ, ഈ ഗ്രന്ഥങ്ങൾ കൊണ്ട് വന്നതും പോയതും എത്തിയതും കൈകാര്യം ചെയ്തവരും വാഹനം ഓടിച്ചവരും ഒക്കെ ചോദ്യം ചെയ്യപ്പെടാം എന്നും ജിഷ എലിസബത്ത് തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ജിഷ എലിസബത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

മന്ത്രി ജലീൽ സ്വർണം കടത്തിയെന്നു ഞാൻ കരുതുന്നില്ല. നേരത്തെയും അങ്ങനെ തന്നെയാണ് കരുതുന്നത്.

വിശുദ്ധ ഖുർ ആൻ കൊണ്ട് വന്ന പെട്ടിയെ മറയാക്കി സ്വര്ണക്കടത്തു കേസിൽ ഉൾപ്പെട്ടവർ സ്വർണം കടത്തിയോ എന്നാണ് ഏജൻസികൾ അന്വേഷിക്കുന്നത്. അതിനാണ് ഓരോ ഖുർ ആൻ പുസ്തകത്തിന്റെയും തൂക്കവും ആകെ എണ്ണവും ആകെ പെട്ടികളുടെ ഭാരവും ഒക്കെ കസ്റ്റസ്, എൻ.ഐ.എ എന്നീ ഏജൻസികൾ കണക്കെടുപ്പ് നടത്തിയത്. അതിനാൽ, ഈ ഗ്രന്ഥങ്ങൾ കൊണ്ട് വന്നതും പോയതും എത്തിയതും കൈകാര്യം ചെയ്തവരും വാഹനം ഓടിച്ചവരും ഒക്കെ ചോദ്യം ചെയ്യപ്പെടാം. അതിൽ അന്തിമ ഫലം വരുന്നത് വരെ കാത്തിരിക്കുക മാത്രമാണ് ചെയ്യാനുള്ളൂ.

എന്നാൽ, മന്ത്രി ഇ.ഡി യുടെ ചോദ്യങ്ങൾ നേരിടാൻ പോയിട്ടും “ഇല്ല” എന്നു നുണ പറയുകയും പിന്നീട് നുണ പറയുന്ന ആൾ തന്നെ “സത്യം വിജയിക്കും” എന്ന മാസ്സ് ഡയലോഗ് അടിക്കുകയും ചെയ്യുന്നതിനോടാണ് എന്റെ എതിർപ്പ്.

അദ്ദേഹം ഇന്നലെ രാത്രി കൈരളി ടിവിയിൽ ജോണ് ബ്രിട്ടാസിന് അഭിമുഖം നൽകുമ്പോൾ സ്‌ക്രീനിൽ എഴുതി കാണിച്ചവയിൽ ചിലത് ഇങ്ങനെയാണ്
“മാധ്യമങ്ങളേ പുച്ഛം”
“ജലീലിന്റെ ആദ്യ പ്രതികരണം ജോണ് ബ്രിട്ടാസുമായുള്ള അഭിമുഖത്തിൽ”

അതായത് അദ്ദേഹത്തിന് മാധ്യമങ്ങളേ പുച്ഛമാണ്. എന്നാൽ അഭിമുഖം കൊടുക്കുന്നത് ഒരു മാധ്യമത്തിനാണ്. ഇനിയിപ്പോൾ കൈരളിയെ മാധ്യമമായി കണക്കു കൂട്ടുന്നില്ലേ!! അതോ അദ്ദേഹം നേരത്തെ ചെയ്തത് പോലെ, അദ്ദേഹത്തിന് താല്പര്യമുള്ള മാധ്യമ പ്രവർത്തകരോട് മാത്രമേ സംസാരിക്കൂ എന്നുണ്ടോ??

അദ്ദേഹം ആദ്യം കൊടുത്ത പ്രതികരണം കൈരളിക്കാണ് എന്നാണ് ഇന്നലെ രാത്രി ഒമ്പതിന് കൈരളി പറയുന്നത്. അപ്പോൾ ഇതിനും മുൻപ് അദ്ദേഹം ഇന്റർവ്യൂ കൊടുത്തു എന്നു പറയപ്പെടുന്നതും ഫേസ് ബുക്കിൽ വ്യാപക പ്രചാരത്തിൽ ഉള്ളതുമായ ഇന്റർവ്യൂകൾ എന്താണ്??

എന്ഫോഴ്സ്മെന്റ് എന്നത് മറ്റു സംസ്ഥാനങ്ങളിൽ ഭരണകൂടത്തിന് എതിരായി ശബ്ദം ഉയർത്തുന്നവരെ പിടിച്ചു കൊണ്ട് പോകാനുള്ള മർദ്ധിത ഉപകരണമാണ്. അതിനാൽ “ക്ളീൻ ചിറ്റ് ഇല്ല, വീണ്ടും ചോദ്യം ചെയ്യും” എന്നുള്ള ഈ.ഡി സ്റ്റെറ്റ്‌മെന്റിൽ ഒരു അത്ഭുതവും ഇല്ല.

എന്നാൽ, അവർ വിളിപ്പിച്ച കാര്യം “ഇല്ല” എന്നു പറയുകയും മറ്റൊരു ഇന്റർവ്യൂവിൽ “ഞാൻ പോകുന്ന കാര്യം ആരോടും പറയാൻ താത്പര്യപ്പെട്ടില്ല, കാരണം എനിക്ക് മാധ്യമങ്ങളെ പുച്ഛമാണ്” എന്നു ആക്ഷേപിക്കുകയും ചെയ്യുന്നത് അത്ര മേന്മ ഉള്ള കാര്യമല്ല.

എങ്കിൽ പിന്നെ സർക്കാർ വാർത്താ കുറിപ്പുകൾ എല്ലാം അവർക്കു താല്പര്യമുള്ള മാധ്യമങ്ങൾക്ക് മാത്രം പ്രസിദ്ധീകരിക്കാൻ കൊടുത്താൽ പോരെ?? അതല്ലല്ലോ ശരി.

ചൂണ്ടി കാണിക്കപ്പെടേണ്ട കാര്യങ്ങൾ ചൂണ്ടികാണിക്കണം. ആരെങ്കിലും അങ്ങനെ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിൽ അതു അതിന്റെ മെറിറ്റിൽ എടുക്കണമെന്നു അഭ്യർത്ഥന. പകരം, ചില മാധ്യമപ്രവർത്തകർ സങ്കടപ്പെടുകയും വിഷമിക്കുകയും കാണുന്നത് സഹപ്രവർത്തക എന്ന നിലയിൽ ധാർമിക സങ്കടം ഉണ്ടാക്കുന്നുണ്ട്.

https://www.facebook.com/jishaeliza/posts/10222725385139918