കേരളത്തില്‍ ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ ഇടതുസര്‍ക്കാര്‍ പരാജയപ്പെടണം: കുറിപ്പ്

Advertisement

 

ഇന്നോളം ഏറെക്കുറെ ഇടതുപക്ഷത്തിനു മാത്രം വോട്ടുചെയ്ത താന്‍ എന്തുകൊണ്ട് ഇത്തവണ മാറി ചിന്തിക്കുന്നു എന്ന് 16 കാരണങ്ങൾ നിരത്തി വിശദീകരിക്കുകയാണ് ലൂയിസ് മാത്യു. എൽ.ഡി.എഫ് എന്നു വിളിക്കപ്പെടുന്ന ഇടതു ജനാധിപത്യ മുന്നണി ഇപ്പോൾ ഇടതുമല്ല, ജനാധിപത്യപരവുമല്ല. മുഖ്യമന്ത്രി പിണറായി വിജയന്റെയും (മുൻ) പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും നിലപാടുകളും പ്രവർത്തനശൈലിയും ശ്രദ്ധിച്ചാൽ മനസ്സിലാവും അവർ ഇടതുപക്ഷമേ അല്ല എന്നും ലൂയിസ് മാത്യു തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.

ലൂയിസ് മാത്യുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

ഈ തിരഞ്ഞെടുപ്പിൽ ആർക്ക് വോട്ട് ചെയ്യണം?

രാഷ്ട്രീയത്തിൽ ഇടതുപക്ഷമാണ് ശരി, എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഞാൻ ചെയ്ത വോട്ടുകളിൽ ബഹുഭൂരിപക്ഷവും ഇടതുപക്ഷ സ്ഥാനാർത്ഥികൾക്ക് ആയിരുന്നു. പൊതുവെ ഇടതുപക്ഷ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാൻ എനിക്ക് പ്രത്യേക ന്യായങ്ങൾ ആവശ്യമില്ല. എന്നാൽ ഐക്യമുന്നണിക്ക് വോട്ട് ചെയ്യാൻ എനിക്ക് ന്യായമായ കാരണങ്ങൾ ആവശ്യമാണ്. ഈ വർഷത്തെ തിരഞ്ഞെടുപ്പ് അത്തരം ന്യായീകരണങ്ങൾ ആവശ്യപ്പെടുന്നുണ്ട് എന്ന് ഞാൻ മനസ്സിലാക്കുന്നു.

കേരള സംസ്ഥാനം രൂപീകൃതമായതിനു ശേഷം മുമ്പ് ഒരിക്കലുമില്ലാത്ത വിധം ദുരന്തങ്ങളെ അതിജീവിക്കേണ്ടി വന്ന ഒരു കാലഘട്ടമായിരുന്നു കഴിഞ്ഞ അഞ്ചു വർഷങ്ങൾ. ആ ദുരന്തങ്ങളെ നേരിടുന്നതിൽ പിണറായി വിജയൻറെ നേതൃത്വത്തിലുള്ള സർക്കാർ വളരെ മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്ന് നിസ്സംശയം പറയാം. പ്രത്യേകിച്ച് ആരോഗ്യവകുപ്പും പൊലീസ് വകുപ്പും ആശാപ്രവർത്തകർ വരെയുള്ള ഒരു ശൃംഖലയുടെ കൂട്ടായ പ്രവര്‍ത്തനങ്ങൾ കോവിഡ് എന്ന മഹാമാരിയെ നേരിട്ട വിധം. പിണറായി വിജയൻറെ സ്ഥാനത്ത് രമേശ് ചെന്നിത്തലയായിരുന്നെങ്കിൽ അതുതന്നെ ഒരു ദുരന്തമാവുമായിരുന്നു എന്നും തോന്നുന്നു. (ഒപ്പം പറയട്ടെ, ഉമ്മൻ ചാണ്ടി ആയിരുന്നെങ്കിൽ ഒരു പക്ഷെ പിണറായിയേക്കാൾ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ചേനെ.)

എന്നാൽ ഈ തിരഞ്ഞടുപ്പിൽ LDF സർക്കാരിന്റെ ഭരണത്തുടർച്ച ആശാസ്യമല്ലെന്നാണ് എന്റെ അഭിപ്രായം. എന്തുകൊണ്ട്, എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ശ്രമിക്കുകയാണ് ഇവിടെ.

1. LDF എന്നുവിളിക്കപ്പെടുന്ന ഇടതു ജനാധിപത്യ മുന്നണി ഇപ്പോൾ ഇടതുമല്ല, ജനാധിപത്യപരവുമല്ല. മുഖ്യമന്ത്രി പിണറായി വിജയന്റെയും (മുൻ) പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും നിലപാടുകളും പ്രവർത്തനശൈലിയും ശ്രദ്ധിച്ചാൽ മനസ്സിലാവും അവർ ഇടതുപക്ഷമേ അല്ല എന്ന്. സാമ്പത്തിക നയങ്ങളിൽ പിണറായി പിന്തുടരുന്നത് വലതുപക്ഷ,മുതലാളിത്ത നയങ്ങളാണ്. നവ ലിബറൽ സാമ്പത്തിക നയങ്ങൾക്കെതിരെ ഇടതുപക്ഷ ന്യായീകരണ തൊഴിലാളികൾ പടവെട്ടുമ്പോൾ അതെ നയങ്ങൾ കൃത്യമായി നടപ്പിലാക്കാനാണ് പിണറായി സർക്കാർ ശ്രമിച്ചത്.

2. “ഇടതുമുന്നണി സർക്കാർ” എന്നതിന് പകരം ഒരു വ്യക്തിയെ കേന്ദ്രമാക്കി “പിണറായി സർക്കാർ” എന്ന പ്രയോഗം നടപ്പിലാക്കിയത് കഴിഞ്ഞ സർക്കാരിന്റെ കാലത്താണ്. ഇത് നരേന്ദ്രമോദിയിൽ നിന്ന് പഠിച്ചതാവാനാണ് സാദ്ധ്യത. രണ്ടുപേരും ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരല്ലല്ലോ. കമ്മ്യൂണിസ്റ് പാർട്ടി പണ്ടേ ജനാധിപത്യത്തിൽ അത്ര വിശ്വാസമുള്ള പ്രസ്ഥാനമല്ല. കേരളം പോലെ അപൂർവ സ്ഥലങ്ങളിൽ മാത്രമാണ് അവർ ജനാധിപത്യ പ്രക്രിയയിൽ കൂടി അധികാരത്തിൽ എത്തുന്നത്.

3. മാനവ വികസന സൂചികയിൽ കേരളത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമാക്കി മാറ്റുന്നതിൽ ഇടതുപക്ഷ സർക്കാരുകൾക്കുള്ള പങ്ക് നിഷേധിക്കാൻ പറ്റില്ല. പക്ഷെ അത് ഇടതുപക്ഷ സർക്കാരുകളുടെ മാത്രം നേട്ടമല്ല. മാറിമാറി വരുന്ന സർക്കാരുകൾ, മറ്റു പല സംസ്ഥാനങ്ങളിലും കാണുന്നതിൽ നിന്ന് വ്യത്യസ്തമായി, മുൻ സർക്കാർ ആരംഭിച്ച ജനക്ഷേമ പദ്ധതികൾ തുടരുന്നതിൽ ശുഷ്കാന്തി കാണിച്ചിരുന്നു.

4. ഐക്യമുന്നണിയ്ക്ക് പണ്ടേ ഐക്യമില്ല. ഇത്തവണ കൊള്ളാവുന്ന നേതാക്കളുമില്ല. കൊള്ളാവുന്ന യുവനേതാക്കൾക്ക് നേതൃത്വം ഏൽപ്പിക്കുന്നതിനു പകരം കുറെ കെളവന്മാർ പയ്യാരം പറഞ്ഞുകൊണ്ട് നടക്കുന്നു. പ്രത്യയശാസ്ത്രത്തിന്റെ അസ്ക്യത അവർക്ക് പണ്ടേ ഇല്ല. അഴിമതി ചെയ്യില്ല എന്ന് പറയാറുമില്ല. എന്നാലും ഈ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ ഐക്യമുന്നണി വിജയിക്കേണ്ടതുണ്ട്.

5. കഴിഞ്ഞ 25 വർഷത്തിനുള്ളിൽ ഇടതുപക്ഷം എന്ന് സ്വയം വിശേഷിപ്പിക്കുന്ന മുന്നണി ഇടത്തുനിന്ന് വലത്തേക്ക് ചായുകയും അഴിമതി മെല്ലെമെല്ലെ സ്ഥാപനവത്കരിക്കുകയും ചെയ്തു. ചെന്നിത്തല ഒരു മോശം നേതാവാണെങ്കിലും അദ്ദേഹം കൊണ്ടുവന്ന എല്ലാ അഴിമതി ആരോപണങ്ങളും കഴമ്പുള്ളവയായിരുന്നു. സ്വന്തം മക്കൾ സ്വർണക്കടത്തും മയക്കുമരുന്ന് വ്യാപാരവും നടത്തി രാജാക്കന്മാരായി കഴിയുന്നത് ശ്രദ്ധയിൽ പെടാത്ത നേതാവുള്ള പാർട്ടിയിൽ അഴിമതി കണ്ണിൽ പെടാതിരിക്കുന്നതിൽ അതിശയമില്ല.

6. പരിസ്ഥിതി, സ്ത്രീ ശാക്തീകരണം, ദളിത്, ആദിവാസി വിഭാഗങ്ങളുടെ ക്ഷേമം എന്നിവയിൽ ഇടതുമുന്നണി ഐക്യമുന്നണിയേക്കാൾ പിന്തിരിപ്പൻ നയങ്ങൾ ഉള്ളവരാണ്. ഭരണത്തിൽ തിരിച്ചു വന്നാൽ ആദ്യം നടപ്പിലാക്കുക അതിരപ്പിള്ളി പദ്ധതി ആയിരിക്കും. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ത്രീകളുടെ സാന്നിദ്ധ്യം ശ്രദ്ധിച്ചാൽ മനസ്സിലാവും സ്ത്രീ ശാക്തീകരണത്തിലെ “ആത്മാർത്ഥത”. ദളിത്, ആദിവാസി പ്രശ്നങ്ങൾ ഇപ്പോഴും ഇടതുമുന്നണിയുടെ റഡാറിൽ വന്നിട്ടില്ല.

7. സാമൂഹ്യനീതിയുടെ കാര്യത്തിൽ ഏറ്റവും പിന്നോക്കം പോയ കാലമായിരുന്നു കഴിഞ്ഞ അഞ്ചുവർഷങ്ങൾ. വാളയാർ കേസിൽ പിണറായി സർക്കാർ എടുത്ത നിലപാട് തന്നെ ഉത്തമ ഉദാഹരണം. കസ്റ്റഡി മരണങ്ങൾ, വ്യാജ ഏറ്റുമുട്ടലുകൾ, തുടങ്ങി പിണറായിയുടെ ആഭ്യന്തര വകുപ്പ് പ്രാകൃതമായ കാലത്തേയ്ക്ക് കേരളത്തെ കൊണ്ടുപോയി. ചെ ഗുവേരയുടെ ചിത്രം വെച്ച കൊടികൾ വീശുന്ന ചെറുപ്പക്കാരെ ഇടതു പ്രചാരണ സംഘങ്ങളിൽ കണ്ടു. അയാൾ ആരാണെന്ന് അറിയാൻ രണ്ടക്ഷരം വായിക്കാൻ ശ്രമിച്ചവരെയാണ് ഭീകര നിയമങ്ങൾ ചുമത്തി തുറുങ്കിലടച്ചത്. വിമതശബ്ദം അനുവദിക്കാത്ത സ്വേച്ഛാധിപതിയുടെ കൃത്യമായ നിലപാടുകൾ!

8. “ഉറപ്പാണ് LDF ” ടാഗ് ലൈൻ കൊള്ളാം. പക്ഷെ മാധ്യമങ്ങൾ വഴി നടത്തുന്ന പരസ്യങ്ങൾ അന്ധാളിപ്പിക്കുന്ന വിധത്തിലാണ്. എവിടെ നിന്നാണ് ഇത്രയധികം പണം ഒഴുകുന്നത്? ക്വാറി മുതലാളിമാർ, ബാർ ഉടമകൾ, മറ്റ് തത്പരകക്ഷികൾ… പണത്തിനു പഞ്ഞമുണ്ടാവില്ല. പണമൊഴുക്കി, പരസ്യം ചെയ്ത്, ആളെപ്പിടിക്കുന്നത് മുതലാളിത്തത്തിന്റെ രീതിയല്ലേ, സഖാവേ?

9. പിണറായി സർക്കാർ അഭിമാനം കൊള്ളുന്ന സംരംഭമാണ് കിഫ്ബി. കടം വാങ്ങി നടത്തുന്ന അടിസ്ഥാനസൗകര്യ വികസനം! വികസനം വേണ്ടതു തന്നെ. പക്ഷെ കടം വാങ്ങിയതാണെന്ന ചെറിയ ഒരു ചിന്തയെങ്കിലും ഉണ്ടെങ്കിൽ ലക്ഷങ്ങൾ മുടക്കി എത്രയോ കമാനങ്ങൾ, പഠിപ്പുരകൾ ഉണ്ടാക്കിയത് ഒഴിവാക്കുമായിരുന്നു. നിർമ്മാണം (Construction), വാങ്ങൽ (Purchase)- സർക്കാർ ഉദ്യോഗസ്ഥർക്കും ബന്ധപ്പെട്ട അഴിമതിക്കാർക്കും ഏറ്റവും ഇഷ്ടപ്പെട്ട പരിപാടികൾ.

10. കിറ്റ് കൊടുത്തു എന്ന് കേമം പറയുമ്പോഴും ഇതുതന്നെ. കടം വാങ്ങിയ പണം കൊണ്ടാണ് കിറ്റ് നൽകുന്നതെന്ന് ചിന്തയുണ്ടായിരുന്നെങ്കിൽ, ആഡംബര കാറുകളിൽ വന്നു കിറ്റ് വാങ്ങുന്ന സാഹചര്യം ഒഴിവാക്കുമായിരുന്നു. അപ്പോൾ “ജനപ്രിയ സർക്കാർ” ആവില്ലല്ലോ!

11. ശബരിമല വിഷയത്തിലുള്ള നിലപാട്. ഭരണഘടന നടപ്പിലാക്കുന്നതാണ് സർക്കാരിന്റെ ദൗത്യമെന്നും സ്ത്രീ സമത്വം തങ്ങളുടെ പ്രത്യയശാത്രമാണെനന്നും നവോത്ഥാനം ഇടതുപക്ഷം ഒറ്റയ്ക്ക് കൊണ്ടുവന്നതാണെന്നൊക്കെ വിളിച്ചു കൂവിയിട്ട്, നാണമില്ലാതെ ഇപ്പോൾ മാപ്പു പറയുന്നു. നമുക്ക് അധികാരം മതി സാർ, എന്ത് പ്രത്യയശാസ്ത്രം!

12. അഞ്ചു ശതമാനത്തിൽ താഴെ മാത്രം വരുന്ന സർക്കാർ ഉദ്യോഗസ്ഥർക്കു വേണ്ടി നികുതിപ്പണത്തിന്റെ വലിയൊരു പങ്ക് ഉപയോഗിക്കുമ്പോൾ ബഹുഭൂരിപക്ഷം വരുന്ന മറ്റുള്ളവരെ മാറിമാറി വരുന്ന സർക്കാരുകൾ കണ്ടില്ലെന്നു നടിച്ചതിൽ നിന്നുണ്ടായ പ്രതിഷേധമായിരുന്നു “വൺ- ഇൻഡ്യാ- വൺ- പെൻഷൻ”. ആ പ്രതിഷേധം ഒരു രാഷ്ട്രീയ മുന്നേറ്റമായി മാറുന്നതിൽ പരാജയപ്പെട്ടെങ്കിലും അതിനെ പൂർണമായും അവഗണിച്ചത് ഇടതു സർക്കാർ സാധാരണക്കാരിൽ നിന്ന് എത്ര ദൂരെയാണ് എന്നതിന് തെളിവാണ്.
13. സർക്കാർ സ്ഥാപനങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസം വീണ്ടെടുക്കണമെങ്കിൽ ഭരണം മാറിയേ പറ്റൂ. പി.എസ്.സി എന്ന സ്ഥാപനത്തിൽ ജനങ്ങൾക്ക് ഒരു പാട് പ്രതീക്ഷയുള്ളതാണ്. അതുപോലെ തന്നെയാണ് കമ്മീഷനും മറ്റു പല സർക്കാർ സ്ഥാപനങ്ങളും.

14. ഒരു സ്വേച്ഛാധിപതിയെ കുറച്ചുകാലത്തേക്ക് ജനങ്ങൾ ആരാധനയോടെ കാണും. പിന്തുണയ്ക്കുകയും ചെയ്യും. പക്ഷെ പതിയെ ജനങ്ങൾ പശ്ചാത്തപിക്കുകയും ചെയ്യും. ഇത് ഹിറ്റ്ലർ മുതൽ മോദി വരെ നമ്മൾ കണ്ടതാണ്. മോദി ഒരു മണ്ടനാണല്ലോ എന്ന ആശ്വാസമെങ്കിലും ഉണ്ട്.

15. ഏറ്റവും തറ പരിപാടിയായി തോന്നുന്നത് അപരന്മാരായി സ്ഥാനാർത്ഥികളെ നിർത്തുന്നതാണ്. എല്ലാ മുന്നണികളും ഇത് ചെയ്യുന്നുണ്ടെങ്കിലും പുരോഗമന ആശയങ്ങൾ ഉദ്ഘോഷിക്കുന്ന ഇടതുമുന്നണിയാണ് ഇതിൽ ഏറ്റവും മുന്നിൽ. സമ്പൂർണ സാക്ഷരർ എന്ന് മേനി നടിക്കുന്ന മലയാളികളുടെ അജ്ഞത മുതലെടുത്ത് നടത്തുന്ന ഈ ഇടപാട് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പത്തോളം സ്ഥാനാർത്ഥികളുടെ വിജയത്തിൽ നിർണായക ഘടകമായി. ഇത് കേരളത്തിലെ പൗരന്മാരോട് ചെയ്യുന്ന അപമാനമാണ്.

16. പക്ഷെ ഇതിലൊക്കെ പ്രധാനം സംഘപരിവാറിന് കേരളത്തിൽ അധികാരം ലഭിക്കാനുള്ള സാദ്ധ്യത തടയുക എന്നതാണ്. ഇത്തവണ തുടര്‍ഭരണമാണെങ്കിൽ അടുത്ത തവണ കൂടി അത് തുടരാൻ പാർട്ടി മെമ്പർമാർ പോലും ആഗ്രഹിക്കില്ല. അഥവാ ഭരണം മാറ്റുക എന്നത് അനിവാര്യമായി വരും. ഒരിക്കൽ കൂടി ഐക്യമുന്നണിക്ക് വോട്ടുചെയ്ത് റിസ്ക് എടുക്കാൻ ജനം തയ്യാറായില്ല എന്നുവരും. അതായത് ബി.ജെ.പി നിശ്ചയമായും അധികാരത്തിലെത്തും.

അധികാരം നഷ്ടപ്പെടുമ്പോഴാണ് സി.പി.എം. പാർട്ടി എന്ന നിലയിൽ പുഷ്ടിപ്പെടുന്നതും അടിസ്ഥാന ജനവിഭാഗങ്ങളോട് അടുക്കുന്നതും.തുടർച്ചയായ ഭരണം പാർട്ടിക്ക് ബംഗാളിൽ സംഭവിച്ച അതെ അവസ്ഥ കേരളത്തിൽ ഉണ്ടാക്കും. അധികാരം നഷ്ടപ്പെട്ടാൽ കോൺഗ്രസിന്റെ കാര്യം കേന്ദ്രത്തിൽ സംഭവിച്ചതു പോലെയാവും. അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോലും ആളില്ലാതെ വരും. ഇനി ബി.ജെ.പി അധികാരത്തിൽ വന്നാൽ പിന്നീടൊരു തിരിച്ചുപോക്ക് ഉടനെയൊന്നും സാദ്ധ്യമായില്ലെന്നും വരും. അതിനാൽ കേരളത്തിൽ ജനാധിപത്യം നിലനിൽക്കണമെങ്കിൽ ഇടതു സർക്കാർ പരാജയപ്പെടേണ്ടത് അനിവാര്യമായിരിക്കുന്നു.