‘ചീയുന്ന കൂഴച്ചക്കയും കെ.ടി ജലീലും’; സത്യം പറയാൻ ബാദ്ധ്യത ഇല്ലെന്ന് ജനങ്ങളോട് പല്ലിളിച്ചു കാണിക്കുകയാണ് മന്ത്രി: ഹരീഷ് വാസുദേവൻ

Advertisement

 

സത്യം പറയാൻ ജനപ്രതിനിധികൾക്ക് ബാദ്ധ്യത ഇല്ലെന്ന് ജനാധിപത്യത്തോടും ജനങ്ങളോടും പല്ലിളിച്ചു കാണിക്കുകയാണ് മന്ത്രി കെ.ടി ജലീൽ എന്ന് അഭിഭാഷകനായ ഹരീഷ് വാസുദേവൻ. “നുണ പറയുന്ന നിങ്ങളോട് പ്രതികരിക്കാൻ സൗകര്യമില്ല” എന്നല്ല മറിച്ച് “ചോദ്യം ചെയ്തിട്ടില്ല” എന്ന കള്ളമാണ് ജലീൽ മാധ്യമങ്ങളോട് പറഞ്ഞത് എന്ന് ഹരീഷ് വാസുദേവൻ ഫേസ്ബുക്കിൽ കുറിച്ചു.

ഹരീഷ് വാസുദേവിന്റെ കുറിപ്പ്:

ചീയുന്ന കൂഴച്ചക്കയും KT ജലീലും.

ഐസ്‌ക്രീം പാർലർ കേസിൽ റജീനയുടെ വെളിപ്പെടുത്തൽ ഇൻഡ്യാവിഷനിൽ ലൈവ് വന്ന കാലം. ഉംറയ്ക്ക് പോയ കുഞ്ഞാലിക്കുട്ടി തിരിച്ചുവരുന്നു. കോഴിക്കോട് വിമാനത്താവളത്തിനു പുറത്ത് മുസ്‌ലീംലീഗ് പ്രവർത്തകർ മാധ്യമപ്രവർത്തകരേ പൊതിരെ തല്ലുന്നു. കുഞ്ഞാലിക്കുട്ടിയുടെ രാജി ആവശ്യപ്പെട്ട് കേരളമാകെ പ്രതിഷേധം അലയടിക്കുന്നു. കൊച്ചിയിൽ കുഞ്ഞാലിക്കുട്ടിയുടെ മുഖത്ത് കറുത്തതുണി എറിഞ്ഞു മാധ്യമപ്രവർത്തകരും പ്രതിഷേധിക്കുന്നു.

മന്ത്രി രാജി വെയ്ക്കേണ്ടതല്ലേ എന്നൊരു ചർച്ചയിൽ ആങ്കർ ചോദിച്ചപ്പോൾ അഡ്വ.ജയശങ്കർ പറയുന്നത്, രാജി വെക്കരുത് എന്നാണ്.
“മഴയത്ത് പ്ലാവിൽ ഇരിക്കുന്ന കൂഴച്ചക്ക സമയത്ത് ഇട്ടില്ലെങ്കിൽ കാക്ക കൊത്തും, അണ്ണാൻ തിന്നും, വെള്ളമിറങ്ങും, ഒടുവിൽ അവിടെയിരുന്നു ചീഞ്ഞു ഈച്ചയാർത്തു നാറി പുഴുത്ത് മാത്രമേ താഴെ വീഴൂ. അതുപോലെ അധികാരത്തിൽ അള്ളിപ്പിടിച്ചിരുന്നു കുഞ്ഞാലിക്കുട്ടിയും ചീഞ്ഞു ഈച്ചയാർക്കും വരെ തുടരണം. എന്നിട്ടേ വീഴാവൂ. അപ്പോഴേ രാജി ആവശ്യപ്പെടാത്ത UDF നും ഒരു പാഠമാവൂ” – ഏതാണ്ടിങ്ങനെയാണ് പ്രതികരണം.

അതുപോലെ സംഭവിച്ചു. കുഞ്ഞാലിക്കുട്ടിയുടെ രാജി നീട്ടി വെച്ച കാലമത്രയും പൊളിറ്റിക്കൽ ഡാമേജ്‌ കൂടി. ആ തെരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും അതിന്റെ ക്ഷീണം UDF നുണ്ടായി. ജലീലിന് ഉൾപ്പെടെ ഗുണം കിട്ടി. കുഞ്ഞാലിക്കുട്ടിയോട് ഉണ്ടായ ജനത്തിന്റെ, വിശിഷ്യാ സ്ത്രീകളുടെ വെറുപ്പ് ക്യാൻവാസ് ചെയ്യാൻ സ്ത്രീസംരക്ഷണ ഇമേജുമായി VS അച്യുതാനന്ദൻ ഉണ്ടായിരുന്നു എന്നതാണ് അന്നത്തെ സ്ഥിതി.

ഇന്ന് KT ജലീലിന് സ്വർണ്ണ കള്ളക്കടത്തിനു ഒത്താശ ചെയ്തുവെന്ന കേസിൽ കേന്ദ്ര ഏജൻസി നോട്ടീസ് അയക്കുന്നു. ചോദ്യം ചെയ്യുന്നു. UAE രാജ്യം ഗിഫ്റ്റായി കൊടുത്ത ഖുർആൻ സർക്കാർ വാഹനത്തിൽ മലപ്പുറത്തേക്ക് കടത്തിയതിനെ പറ്റിയാണ് ആക്ഷേപം. “നുണ പറയുന്ന നിങ്ങളോട് പ്രതികരിക്കാൻ സൗകര്യമില്ല” എന്നല്ല ജലീൽ മാധ്യമങ്ങളോട് പറഞ്ഞത്, “ചോദ്യം ചെയ്തിട്ടില്ല” എന്ന കള്ളമാണ്. എനിക്കോ നിങ്ങൾക്കോ മാധ്യമങ്ങളോട് കള്ളം പറയാം. എന്റെയും നിങ്ങളുടെയും നികുതി പണത്തിൽ നിന്ന് പെട്രോളടിച്ച കാറിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൽ പോയ മന്ത്രിയാണ് ജനങ്ങളോട് സത്യം പറയാൻ സൗകര്യമില്ലെന്ന് പറയുന്നത്. “പറ്റിച്ചേ” ന്ന്. നുണപറയുന്ന മാധ്യമങ്ങളോട് പറയണ്ട, സ്വന്തം ഫേസ്‌ബുക്ക് ഫോളോവേഴ്‌സിനോട്, വോട്ടു ചെയ്ത ജനങ്ങളോട് ഈ വിഷയം സംബന്ധിച്ച സത്യം ജലീൽ ഇതുവരെ പറഞ്ഞോ?

സത്യം പറയാൻ ജനപ്രതിനിധികൾക്ക് ബാധ്യത ഇല്ലെന്ന് ജനാധിപത്യത്തോട്, ജനങ്ങളോട് പല്ലിളിച്ചു കാണിക്കുകയാണ് KT ജലീൽ. ആരോപണം ഉണ്ടായപ്പോൾ CPM കേന്ദ്രകമ്മിറ്റി അംഗം EP ജയരാജൻ വരെ രാജി വെച്ചു മാതൃകയായ സ്ഥാനത്താണ്, തൊടുന്യായങ്ങളിൽ പിടിച്ച്, അണികളെക്കൊണ്ട് ന്യായീകരണം ചമച്ച് മന്ത്രി KT ജലീൽ തുടരുന്നത്. പാർട്ടിയുടെ ബ്രാഞ്ച് കമ്മിറ്റി അംഗം പോലുമല്ലാത്ത KT ജലീൽ തുടരുന്നത് മുഖ്യമന്ത്രിയുടെ അനുഗ്രഹാശിസുകൾ ഉള്ളത് കൊണ്ടാണ് എന്നത് വ്യക്തവുമാണ്. മുഖ്യമന്ത്രിയോട് അല്ലാതെ ജലീൽ മറ്റാരോടും അക്കൗണ്ടബിൾ അല്ല.

KT ജലീൽ ഇങ്ങനെ തന്നെ തുടരണം. ഒരു കാരണവശാലും ഉടൻ രാജി വെയ്ക്കരുത്. പഴയ ‘കൂഴച്ചക്കന്യായം’ അദ്ദേഹത്തിനും LDF നും ബാധകമാണ്. ഇരുന്ന് ഇരുന്ന് ചീഞ്ഞു ഈച്ചയാർക്കണം. എന്നിട്ടേ വീഴാവൂ. അപ്പോഴേ തെരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലത്തിലും അതിന്റെ പ്രതിഫലനം കാണാൻ പറ്റൂ. അന്ന് VS അച്യുതാനന്ദൻ എടുത്ത രാഷ്ട്രീയ ദൗത്യം ഏറ്റെടുക്കാൻ ഇന്ന് UDF ൽ പാങ്ങുള്ള ആരുമില്ല എന്ന ചിന്തയാവാം ജലീലിന്റെയും മുഖ്യമന്ത്രിയുടെയും ആശ്വാസം.

എല്ലാ രാഷ്ട്രീയ വിവാദങ്ങളിലും രാഷ്ട്രീയ ധാർമ്മികത ഉയർത്തുന്ന LDF ഇക്കാര്യത്തിൽ മൗനം പാലിക്കുന്നതിനോടുള്ള ജനങ്ങളുടെ ശരിയായ പ്രതികരണം അറിയാൻ അടുത്ത തെരഞ്ഞെടുപ്പ് വരെ കാത്താൽ മതി. അധികം ദൂരമില്ല.

NB: മാധ്യമങ്ങളിൽ എത്രപേർക്ക് ഇത് പറയാനുള്ള ധാർമ്മികത ഉണ്ടെന്നു ചോദിച്ചാൽ പലർക്കും അതില്ല. അത് വേറെ വിഷയം.

ചീയുന്ന കൂഴച്ചക്കയും KT ജലീലും.ഐസ്‌ക്രീം പാർലർ കേസിൽ റജീനയുടെ വെളിപ്പെടുത്തൽ ഇൻഡ്യാവിഷനിൽ ലൈവ് വന്ന കാലം. ഉംറയ്ക്ക്…

Posted by Harish Vasudevan Sreedevi on Sunday, September 13, 2020