"കേരളത്തിലെ ദളിത് - ആദിവാസി വിഭാഗങ്ങൾക്ക് കെ. രാധാകൃഷ്ണൻ എന്ന ഒരേയൊരു മന്ത്രി": കുറിപ്പ്

കേരളത്തിലെ ദളിത് – ആദിവാസി വിഭാഗങ്ങൾക്ക് എല്ലാം കൂടി കെ രാധാകൃഷ്ണൻ എന്ന ഒരേയൊരു പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രിയാണുള്ളതെന്ന് അഭിപ്രായപ്പെട്ട് സാമൂഹിക പ്രവർത്തകൻ കെ. സന്തോഷ് കുമാർ. ശതമാനക്കണക്ക് നോക്കിയാൽ 21.5 ശതമാനം വരുന്ന ദളിത് – ആദിവാസി ജനതയ്ക്ക് അധികാരത്തിൽ വെറും 4.7 ശതമാനം പ്രാതിനിധ്യം. ദളിത് ക്രിസ്ത്യാനികൾക്കും ആദിവാസികൾക്കും മന്ത്രിയില്ല എന്നും സന്തോഷ് കുമാർ തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു.

കെ സന്തോഷ്‌ കുമാറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

കേരളത്തിൽ ദളിത് – ആദിവാസികൾ ഏതാണ്ട് 21.5 ശതമാനം വരും. ദളിതർ 11 ശതമാനവും* ദളിത് ക്രിസ്ത്യാനികൾ 9 ശതമാനവും, ആദിവാസികൾ 1.5 ശതമാനവുമുണ്ട്. ഇവർക്ക് എല്ലാം കൂടി കെ രാധാകൃഷ്ണൻ എന്ന സി പി ഐ എമ്മിന്റെ തൃശൂർ ജില്ലാ സെക്രട്ടറിയും ഏറ്റവും ജനകീയനുമായ കെ രാധാകൃഷ്ണൻ എന്ന ഒരേയൊരു പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രിയാണുള്ളത്. ശതമാനക്കണക്ക് നോക്കിയാൽ 21.5 ശതമാനം ജനതയ്ക്ക് അധികാരത്തിൽ വെറും 4.7 ശതമാനം പ്രാതിനിധ്യം. ദളിത് ക്രിസ്ത്യാനികൾക്കും ആദിവാസികൾക്കും മന്ത്രിയില്ല. കേരളത്തിലെ ദളിത് ക്രിസ്ത്യാനികൾ ഏതാണ്ട് 30 ലക്ഷം വരും. ഇവരെ രാഷ്ട്രീയ പാർട്ടികൾ “ക്രിസ്ത്യാനികൾ” എന്ന വോട്ട് ബാങ്ക് ഗണത്തിലാണ് ഉൾപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ ദളിത് ക്രിസ്ത്യാനികൾക്ക് എം എൽ എമാരോ, മന്ത്രിമാരോ ഇല്ലാതെ ആകുകയും 9 ശതമാനം വരുന്ന സവർണ ക്രിസ്ത്യാനികൾ കേരളത്തിൽ മൊത്തം 18 ശതമാനം ക്രിസ്ത്യാനികൾ ഉണ്ടെന്ന് അവകാശപ്പെട്ടു കൊണ്ട് അതിന്റെ ഗുണഭോക്താക്കളായി മാറുകയുമാണ് ചെയ്യുന്നത്. ആദിവാസികളും സമാനമായ വലിയ അവഗണയാണ് നേരിടുന്നത്. ഇതിനെ മറികടകടന്ന് 21.5% വരുന്ന ദളിതർ, ദറിത് ക്രിസ്ത്യാനികൾ, ആദിവാസികൾ എന്നിവർക്ക് ജനസംഖ്യാ ആനുപാതികമായ പ്രാതിനിധ്യം ലഭിക്കുവാൻ ഓരോ വിഭാഗങ്ങളെയും സവിശേഷമായി പരിഗണിച്ചു കൊണ്ടുതന്നെ “ദളിത്” എന്ന ഒറ്റ ജനതയായി കണ്ടുകൊണ്ടുള്ള ഒരു രാഷ്ട്രീയ – സാമൂഹിക സോഷ്യൽ എൻജിനീയറിംഗ് ആണ് കേരളത്തിൽ നടത്തപ്പെടേണ്ടത്.

മുഖ്യമന്ത്രി പിണറായി വിജയനെ മാറ്റി നിർത്തിയാൽ സി പി എമ്മിൽ നിന്നു ഒരേയൊരു ഈഴവ മന്ത്രി മാത്രമാണുള്ളത്. ഈഴവ യുവജന പ്രാതിനിധ്യം വട്ടപ്പൂജ്യം. ഘടക കക്ഷികൾക്കാണ് രണ്ട് ഈഴവ മന്ത്രിമാർ ഉള്ളത്. മറ്റൊന്ന് സി പി ഐയ്ക്കും. സി പി ഐയുടെ നാല് പേരിൽ മറ്റ് മൂന്നു പേർ നായർ സമുദായത്തിൽ നിന്നാണ്.

2020 നവമ്പറിൽ ഇട്ട ഒരു പോസ്റ്റാണ്. ഇപ്പോൾ പ്രസക്തമെന്ന് തോന്നുന്നത് കൊണ്ടു വീണ്ടും ഇവിടെ ചേർക്കുന്നു.

“സി പി എം പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് അവശേഷിക്കുന്ന ഈഴവ – തിയ്യ പ്രാതിനിധ്യം കൂടി ക്രമേണ ഇല്ലാതാകുന്നു എന്നതാണ് ഗൗരവമേറിയ മറ്റൊരു വിഷയം. കേരളത്തില്‍ സി പി എമ്മിന്റെ ബഹുജന അടിത്തറ ഈഴവരും തീയ്യരും പട്ടികജാതി സമൂഹവും പിന്നോക്ക സമൂഹങ്ങളുമാണ്. എന്നാല്‍ നിലവിലെ നേതൃത്വനിര പരിശോധിച്ചാല്‍ പിണറായി വിജയനു ശേഷം പാര്‍ട്ടിക്കുള്ളിലെ മുതിര്‍ന്ന നേതൃനിരയില്‍ കോടിയേരി ബാലകൃഷ്ണന്‍ മുതലിങ്ങോട്ട്‌ ബഹുഭൂരിപക്ഷവും നായര്‍ – സവര്‍ണ്ണ വിഭാഗങ്ങളാണെന്നു കാണാന്‍ കഴിയും. പി രാജീവും, ബാലഗോപാലും, ശ്രീരാമകൃഷണനും, എം ബി രാജേഷും തുടങ്ങി എം സ്വരാജ് വരെയുള്ള അടുത്ത തലമുറ നേതൃത്വമാകട്ടെ നായര്‍ – സവര്‍ണ്ണ വിഭാഗങ്ങളുടെ സമുദായകൂട്ടമായി മാറുന്നുണ്ട്. പാര്‍ട്ടിക്കുള്ളില്‍ എടുത്ത് പറയത്തക്ക ഈഴവ – തീയ്യ യുവജന നേതൃത്വം നന്നേ കുറയുന്നു.

പട്ടികജാതിക്കാരുടെ അവസ്ഥ പിന്നെ പണ്ടേ പ്രസിദ്ധമാണല്ലോ. ലോക്കല്‍ – ഏരിയ കമ്മറ്റി വരെ പ്രാദേശിക രാഷ്ട്രീയത്തിന് അനുസരിച്ചും ജനസംഖ്യാ അടിസ്ഥാനത്തിലും പിന്നോക്ക സമൂഹങ്ങള്‍ക്ക് പ്രാതിനിധ്യം ഉണ്ടായിരിക്കും. അങ്ങനെയാണവര്‍ അടിത്തട്ടു ശക്തിപ്പെടുത്തി നിര്‍ത്തുന്നത്. അതാണ് തന്ത്രവും. എന്നാല്‍ പാർട്ടിയുടെ മുകളിലേക്ക് വരുംതോറും അതിന്റെ സ്വഭാവവും ഘടനയും മാറും. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ബൌദ്ധിക കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നത് മുഴുവന്‍ സവര്‍ണ്ണര്‍ ആണെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. സി പി എമ്മിന്റെ നയപരിപാടികളില്‍ പ്രതിഫലിക്കുന്നത് ഈ ബോധ്യങ്ങളുടെ കാഴ്ചപ്പാടുകളാണ്. ബി ജെ പിയാകട്ടെ വളരെ തന്ത്രപൂര്‍വ്വം ഈഴവ – തിയ്യ നേതാക്കളെ മുന്‍ നിരയിലേക്ക് കൊണ്ടുവരാന്‍ വി മുരളീധരന്റെയും കെ സുരേന്ദ്രന്റെയും നേതൃത്വത്തില്‍ രാഷ്ട്രീയ കളികള്‍ ആരംഭിച്ചിട്ട് കുറച്ചു വര്‍ഷങ്ങളാകുന്നു. ദീര്‍ഘകാല അടിസ്ഥാനത്തില്‍ കേരളത്തില്‍ മറ്റൊരു ധ്രുവീകരണം സൃഷ്ടിക്കാന്‍ കഴിയുമോ എന്നാണ് അവര്‍ ശ്രമിക്കുന്നത്”

( *പട്ടികജാതിക്കാർ 9.1 ശതമാനം മാത്രമേ ഉള്ളൂവെന്നാണ് ഔദ്യോഗികമായ ഭാഷ്യം. സംവരണം, ആനുപാതിക ബാഡ്ജക്റ്റ് തുക എന്നീ വിഷയങ്ങളെ മറികടക്കാനുള്ള തന്ത്രമാണിത്. പട്ടികജാതിക്കാരുടെ യഥാർത്ഥ കണക്ക് രേഖപ്പെടുത്തണമെന്നുള്ള ആവശ്യം സർക്കാർ അവഗണിക്കുകയാണ് ചെയ്യുന്നത്. പട്ടികജാതിക്കാരുടെയും ദളിത്‌ ക്രിസ്ത്യാനികളുടെയും യഥാർത്ഥ കണക്ക് എടുക്കാനുള്ള സമ്മർദ്ദങ്ങൾ ഉണ്ടാകണം )