"ജുഡിഷ്യറിയിന്മേൽ ഉള്ള വിശ്വാസം മനുഷ്യർക്ക് നഷ്ടമാക്കുന്നത് ചിലപ്പോഴെങ്കിലും ജഡ്ജിമാരാണ്...": ഹരീഷ് വാസുദേവൻ

ജുഡിഷ്യറിയിന്മേൽ ഉള്ള വിശ്വാസം മനുഷ്യർക്ക് നഷ്ടമാക്കുന്നത് ജഡ്ജിമാരും അഭിഭാഷകരുമാണെന്നും അതിനുള്ള കാരണങ്ങൾ കണ്ടെത്തി പരിഹരിക്കാനുള്ള ബാദ്ധ്യത അഭിഭാഷക സമൂഹത്തിനുണ്ട് എന്നും അഭിഭാഷകനായ ഹരീഷ് വാസുദേവൻ. വിമർശനങ്ങൾ ഉന്നയിക്കാൻ ജുഡിഷ്യറിക്കു അകത്ത് സംവിധാനം വേണം, ഇല്ലെങ്കിൽ അത് പുറത്ത് പറയേണ്ടി വരും എന്നും ഹരീഷ് വാസുദേവൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഹരീഷ് വാസുദേവന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

എക്സിക്യൂട്ടീവും നിയമനിർമ്മാണ സഭകളുമാണ് ആണ് ഈ രാജ്യത്തെ പല പ്രശ്‌നങ്ങൾക്കും കാരണം എന്ന് ജുഡീഷ്യറി പലവട്ടം പറയാറുണ്ട്. സുപ്രീംകോടതി ജഡ്ജിമാരുടെയും ചീഫ് ജസ്റ്റിസിന്റെ പോലും പ്രസംഗങ്ങളിലും അങ്ങനെ കേട്ടിട്ടുണ്ട്. അതിലൊന്നും ഒരു കുറ്റവുമല്ല.

ജുഡീഷ്യറിയാണ് ഈ രാജ്യത്തെ പല പ്രശ്‌നങ്ങൾക്കും കാരണമെന്ന് പറഞ്ഞാൽ അത് ക്രിമിനൽ കുറ്റം ആകുമത്രേ !! എന്തൊരു ജനാധിപത്യ വിരുദ്ധമായ നിലപാടാണ് !! അതെന്താ, ജുഡീഷ്യറിക്കു തെറ്റു പറ്റില്ലേ?? ഈ സിസ്റ്റത്തിൽ അഴിമതിക്കാരില്ലേ? ഇതെന്താ ഈ സമൂഹത്തിന്റെ ഭാഗമായ ഒന്ന് തന്നെയല്ലേ??

പ്രിയ വക്കീലന്മാരേ, നീതി നടപ്പാക്കിക്കൊണ്ടാണ് ജുഡീഷ്യറിയുടെ യശസ്സ് ഉയർത്തേണ്ടത്. ജുഡീഷ്യറിയിന്മേൽ ഉള്ള വിശ്വാസം മനുഷ്യർക്ക് നഷ്ടമാക്കുന്നത് ചിലപ്പോഴെങ്കിലും ജഡ്ജിമാരാണ്, അഭിഭാഷകരാണ്, നമ്മുടെ സിസ്റ്റം തന്നെയാണ്. അതിനുള്ള കാരണങ്ങൾ കണ്ടെത്തി പരിഹരിക്കാനുള്ള ബാധ്യത അഭിഭാഷക സമൂഹത്തിനുണ്ട്. അതിനു സത്യസന്ധമായ വിമർശനങ്ങൾ ആണ് വേണ്ടത്. മാലിന്യം മൂടി വെച്ചാൽ അഴുകി ദ്രവിച്ച് നാറ്റം പരക്കും. അത് ശാസ്ത്രീയമായി സംസ്കരിക്കുകയാണ് വേണ്ടത്. ആ വിമർശനങ്ങൾ ഉന്നയിക്കാൻ ജുഡീഷ്യറിക്കു അകത്ത് സംവിധാനം വേണം. ഇല്ലെങ്കിൽ അത് പുറത്ത് പറയേണ്ടി വരും. അത് പറയുന്നവരെ ജയിലിൽ അടച്ചാൽ ഈ മഹത്തായ ജനാധിപത്യ സ്ഥാപനത്തോട് ജനത്തിന്റെ പുച്ഛം വർദ്ധിക്കുകയാണ് ചെയ്യുക. സ്ഥാപനത്തിന്റെ അടിത്തറ ഇളക്കുന്നത് വിമർശനമല്ല, വിമര്ശനമില്ലായ്മ ആണ്. വ്യാജമായ പുകഴ്ത്തൽ ആണ്.

ഇന്ന് കിട്ടുന്ന മുപ്പത് വെള്ളിക്കാശിന് വേണ്ടി നാം ഈ സ്ഥാപനത്തിന്റെ പുഴുക്കുത്തുകളേ മൂടി വെച്ചാൽ, ജനാധിപത്യ മൂല്യങ്ങളെ ഒറ്റിക്കൊടുത്താൽ, ചരിത്രം പൊറുക്കില്ല.

https://www.facebook.com/harish.vasudevan.18/posts/10158704336852640