ഇന്നയാളെ ചർച്ചയ്ക്കു വിളിക്കരുതെന്ന് ഒത്തുതീർപ്പ് ഉണ്ടായിട്ടുണ്ടെങ്കിൽ അത് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് യോജിച്ചതല്ല: എൻ. മാധവൻകുട്ടി

 

ഇന്ന വ്യക്തിയെ ചാനൽ ചർച്ചയ്ക്കു വിളിക്കരുത് എന്നോ മറ്റോ ഏതെങ്കിലും ഒത്തുതീർപ്പ് ഉണ്ടായിട്ടുണ്ടെങ്കിൽ അതു ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് യോജിച്ചതല്ല എന്ന് മാധ്യമപ്രവർത്തകനായ എൻ മാധവൻകുട്ടി. “ഒരു ചാനലിൽ ചർച്ചക്കു ക്ഷണം സ്വീകരിക്കുന്നതിന് മുമ്പ് പാനലിൽ ആരെല്ലാം എന്നു ചോദിച്ചു മനസ്സിലാക്കാൻ ഏതു വ്യക്തിക്കും സ്വാതന്ത്ര്യമുണ്ട്. അവകാശം ഉണ്ട്. ഈ സ്വാതന്ത്ര്യവും അവകാശവും സഖാവ് ഷംസീർ വിനയോഗിച്ചോ? ഇല്ലെങ്കിൽ വിനിയോഗിക്കണമായിരുന്നു,” എന്നും എൻ മാധവൻകുട്ടി തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു.

പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തത് സംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയിൽ നിന്നും സി.പി.എം നേതാവ് എ. എൻ. ഷംസീർ എം.എൽ.എ ഇന്നലെ ഇറങ്ങിപോയിരുന്നു.

സി.പി.എമ്മിന്റെ പ്രതിനിധി എന്ന നിലക്ക് തനിക്ക് ചർച്ചയിൽ പങ്കെടുക്കാൻ സാധിക്കില്ല കാരണം ഏഷ്യാനെറ്റും സി.പി.എമ്മും ഒരു ധാരണയിൽ എത്തിയിരുന്നു. ആ ധാരണക്ക് ഘടക വിരുദ്ധമായിട്ടാണ് ചർച്ച പോകുന്നതെന്നും അതുകൊണ്ട് സി.പി.എം ചർച്ച ബഹിഷ്കരിക്കുകയാണ് എന്നും ഷംസീർ പറഞ്ഞു.

ചർച്ച ബഹിഷ്കരിക്കാനുള്ള കാരണം എന്താണെന്ന് അവതാരകനായ വിനു.വി.ജോൺ ചോദിച്ചപ്പോൾ ചർച്ചക്കായി ഉണ്ടാക്കിയ പാനൽ സി.പി.എമ്മിന് യോജിക്കാൻ പറ്റുന്ന പാനൽ അല്ലെന്ന് ഷംസീർ പറഞ്ഞു. ആരോടാണ് വിരോധം എന്ന് വിനു.വി.ജോൺ തുടർന്ന് ചോദിക്കുകയും അഡ്വക്കേറ്റ് എ.ജയശങ്കർ എന്ന വ്യക്തിയുള്ള ചർച്ചകളിൽ സി.പി.എം പങ്കെടുക്കില്ലെന്നും ഇത് സി.പി.എം നേരത്തെ അറിയിച്ചതാണെന്നും അതിനാൽ തന്നെ ചർച്ചയിൽ പങ്കെടുക്കില്ലെന്നുമാണ് ഷംസീർ മറുപടിയായി പറഞ്ഞത്.

അതേസമയം ഷംസീറിന്റെ തീരുമാനം നിർഭാഗ്യകരമാണെന്നും അഡ്വക്കേറ്റ് എ ജയശങ്കർ ഏതെങ്കിലും തരത്തിൽ പുറത്തു നിർത്തേണ്ട ഒരാളാണെന്ന് തനിക്ക് തോന്നുന്നില്ല എന്നും വിനു.വി.ജോൺ അഭിപ്രായപ്പെട്ടു. ചാനൽ ചർച്ചക്കുള്ള പാനൽ സി.പി.എമ്മിനെ അറിയിച്ച് സമ്മതം വാങ്ങി ചർച്ച നടത്തുക എന്നത് സാധിക്കുന്ന കാര്യമല്ല എന്നും വിനു.വി.ജോൺ വ്യക്തമാക്കി.

എൻ.മാധവൻകുട്ടിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്:

1 ഒരു ചാനലിൽ ചർച്ചക്കു ക്ഷണം സ്വീകരിക്കുന്നതിന് മുൻപ് പാനലിൽ ആരെല്ലാം എന്നു ചോദിച്ചു മനസ്സിലാക്കാൻ ഏതു വ്യക്തിക്കും സ്വാതന്ത്ര്യമുണ്ട്.അവകാശം ഉണ്ട്. ഈ സ്വാതന്ത്ര്യവും അവകാശവും സഖാവ് ഷംസീർ വിനയോഗിച്ചോ ? ഇല്ലെങ്കിൽ വിനയോഗിക്കണമായിരുന്നു.

2 ഏഷ്യനെറ്റ് ചർച്ചക്കു തിരിച്ചു ചെല്ലാൻ സി പി ഐ എം നേതൃത്വം തിരുമാനിച്ചതു ചാനൽ പ്രതിനിധി കളിൽ നിന്നു അവർക്ക് എന്തെങ്കിലും ഉറപ്പു ലഭിച്ചതു പ്രകാരമാണൊ ? ചാനൽ പാർട്ടി വച്ച ഏതെങ്കിലും ഉപാധികൾ അംഗീകരിച്ചിരുന്നോ ? ഉദാഹരണത്തിന് ഇന്ന ഇന്ന പേരെ ചർച്ചയ്ക്കു വിളിക്കരുത് എന്നോ
മറ്റോ? അത്തരത്തിൽ ഏതെങ്കിലും ഒത്തുതീർപ്പു ഉണ്ടായിട്ടുണ്ടെങ്കിൽ അതു ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിക്കു യോജിച്ചതല്ല…