കേരളം പൊലീസ് സംസ്ഥാനമായി മാറിയോ?; എം.ജി രാധാകൃഷ്ണന്റെ ലേഖനം അപ്രത്യക്ഷമായി

എൽ.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച പൊലീസ് നിയമ ഭേദഗതിയെ ആസ്പദമാക്കി ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന്‍ ഓപ്പണ്‍ മാഗസിനിൽ എഴുതിയ ലേഖനം എല്ലാ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും അപ്രത്യക്ഷമായി. കേരളം പൊലീസ് സംസ്ഥാനമായി മാറിയോ എന്ന തലക്കെട്ടിലായിരുന്നു ഇംഗ്ളീഷിലുള്ള ലേഖനം.

മുഖ്യമന്ത്രി പിണറായി വിജയനെ പട്ടാള വേഷത്തിലുള്ള ഏകാധിപതിയായി ചിത്രീകരിക്കുന്ന ചിത്രത്തോടെയായിരുന്നു ലേഖനം പ്രസിദ്ധീകരിച്ചത്. നവംബര്‍ ഒമ്പതിലെ ലക്കത്തിലാണ് പൊലീസ് നിയമ ഭേദഗതി മാധ്യമ മാരണ നിയമമാണെന്നു വിശദീകരിക്കുന്ന എം.ജി. രാധാകൃഷ്ണന്റെ ലേഖനം വന്നത്. ഓപ്പണ്‍ മാഗസിന്റെ വെബ്‌സൈറ്റ് ഉൾപ്പെടെ എല്ലാ ഡിജിറ്റല്‍ പ്‌ളാറ്റ്‌ഫോമുകളില്‍ നിന്നും ലേഖനം നീക്കപ്പെട്ടു.

മാസികയുടെ 42,43,44 പേജുകളിലാണ് ഈ ലേഖനം ഉണ്ടായിരുന്നത്. എന്നാല്‍, ഇപ്പോള്‍ മാഗസിന്റെ ഡിജിറ്റല്‍ ലക്കത്തിൽ ആ പേജുകള്‍ക്ക് പകരം ഓപ്പണ്‍ മാഗസിന്റെ തന്നെ പരസ്യമാണ് നൽകിയിരിക്കുന്നത്. “നവംബർ ഒൻപതാം തിയതിയിലെ ലക്കത്തിൽ ലേഖനം പ്രത്യക്ഷപ്പെട്ടെങ്കിലും അടുത്ത ദിവസം എല്ലാ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ നിന്നും നിഗൂഢമായി അത് അപ്രത്യക്ഷമായി.” എന്ന് എം.ജി. രാധാകൃഷ്ണനും ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി. ഒഴിവാക്കിയ ലേഖനത്തിന്റെ ചിത്രം അദ്ദേഹം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

Read more