കുഞ്ഞുകാര്യങ്ങൾക്ക് മുറിവേൽക്കുന്ന കുഞ്ഞുങ്ങളുടെ തലയിലാണോ നിങ്ങളീ അപമാനഭാരം കൂടി കയറ്റി വെയ്ക്കുന്നത്?: കുറിപ്പ്

ഹരീഷ് വാസുദേവന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

നിർബന്ധിത വിദ്യാഭ്യാസത്തിന്റെ അവശ്യഘടകമായി ഒരു TV യോ മൊബൈൽ ഫോണോ മാറുമ്പോൾ അത് വാങ്ങിക്കൊടുക്കേണ്ട ഒരു തരത്തിലുള്ള ബാദ്ധ്യതയും ഇന്നാട്ടിലെ ഒരു രക്ഷിതാവിനും ഇല്ല. അത് പൂർണ്ണമായും സ്റ്റേറ്റിന്റെ ബാദ്ധ്യതയാണ്.
അതുകൊണ്ട് അതിന്റെ പേരിൽ ദേവികയുടെ രക്ഷിതാക്കളുടെ മേൽ എന്തെങ്കിലും പഴി പറയുന്നവർ തങ്ങളുടെ അസംബന്ധം തിരിച്ചറിയണം.
അതവസാനിപ്പിക്കണം.

ആത്മഹത്യ എന്നതിന് പല കാരണങ്ങൾ ഉണ്ടാകാം. ഓരോരുത്തരുടെയും ടോളറൻസ് ലെവൽ ഓരോന്നാണ്. അതിന്റെ ശരിയായ കാരണം കണ്ടെത്തണം. ഫീസില്ലാത്തതിനാൽ സ്വാശ്രയ പഠനം മുടങ്ങിയതിന്, വിദ്യാഭ്യാസ ലോൺ കിട്ടാത്തതിന്റെ പേരിൽ “I am going from the world” എന്നെഴുതി വെച്ചു എൻട്രൻസ് കമ്മീഷണറുടെ കെട്ടിടത്തിൽ നിന്ന് താഴേയ്ക്ക് ചാടി ആത്മഹത്യ ചെയ്ത രജനി എസ് ആനന്ദിനെ ഓർമ്മയില്ലേ? അപ്പോഴുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ കേരളപൊതുമണ്ഡലം എത്ര ദിവസം കത്തി?? രജനി എസ് ആനന്ദിന്റെ അപമാനബോധം കൊണ്ടാണ് ആത്മഹത്യ എന്നു അന്നാരെങ്കിലും പറഞ്ഞിരുന്നോ? (ആ കേസും ഈ കേസും തമ്മിൽ താരതമ്യം ചെയ്തതെന്ന് പറഞ്ഞു വരുന്നവർ ഒന്നുകൂടി മേൽവാചകം വായിക്കണം)

കുഞ്ഞുകാര്യങ്ങൾക്ക് മുറിവേൽക്കുന്ന കുഞ്ഞുങ്ങളുടെ തലയിലാണോ നിങ്ങളീ അപമാനഭാരം കൂടി കയറ്റി വെയ്ക്കുന്നത്? സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഓരോ ദിവസത്തെയും ഹാജരിനെ മഹത്വവത്കരിക്കുന്ന ഞാനും നിങ്ങളും അതിൽ കുറ്റക്കാരാണ്.

ഇടതുപക്ഷം ഭരണത്തിൽ എത്തുമ്പോൾ സ്വതന്ത്ര ചിന്തകരുടെ നിലവാരം ന്യായീകരണ തൊഴിലാളികളുടെ നിലവാരത്തിലേക്ക് താഴുന്നത് ശരിയല്ല. വിമർശനം ഒരു വ്യക്തിയെയോ മന്ത്രിസഭയെയോ അല്ല. സർക്കാർ എന്ന ഒരു സിസ്റ്റത്തെ ആണ്. ആ സിസ്റ്റം മെച്ചപ്പെടണം. ആത്മഹത്യാകുറ്റം കൂടി ഇനിയാ കുട്ടിയുടെയോ അവരുടെ രക്ഷിതാക്കളുടെയോ തലയിൽ കെട്ടി വെയ്ക്കരുത്.

ആ കുട്ടിയുടെ മരണകാരണം ഇതാണെന്നു വിധിക്കാൻ നമ്മളാരും ആളല്ല.

ഓരോ കുട്ടിക്കും ഡിവൈസ് എത്തിക്കാൻ ഇന്നത്തെ നിലയിൽ സർക്കാരിന് ബുദ്ധിമുട്ടുണ്ടാകും. അത് സർക്കാർ പറയണം. നമുക്കോരോരുത്തർക്കും ശ്രമിക്കാം.
കണക്ടിവിറ്റി BSNL വഴിയോ മറ്റോ സർക്കാർ തന്നെ ഏർപ്പാടാക്കട്ടേ.

https://www.facebook.com/harish.vasudevan.18/posts/10158472217202640