മുഖ്യമന്ത്രിക്കോ സർക്കാരിനോ മാനഹാനി ഉണ്ടാക്കുന്ന ഒന്നും പൊലീസിന് കേസെടുക്കാവുന്ന കുറ്റമല്ല: കുറിപ്പ്

അഭിഭാഷകനായ ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പ്:

മുഖ്യമന്ത്രിയുടെ മാനനഷ്ടവും നിയമവും.

മുഖ്യമന്ത്രിക്കോ സർക്കാരിനോ ഏതെങ്കിലും വ്യക്തിക്കോ മാനഹാനി ഉണ്ടാക്കുന്ന ഒന്നും പൊലീസിന് കേസെടുക്കാവുന്ന കുറ്റമല്ല. IPC യിൽ മാനനഷ്ടം എന്നത് Cognizable Offence അല്ല. മാനനഷ്ടം ഉണ്ടായ ആളോ അടുപ്പമുള്ളവരോ മജിസ്‌ട്രേറ്റ് കോടതിയിൽ പോയി സ്വകാര്യ അന്യായം കൊടുത്ത് മാനനഷ്ടം തെളിയിക്കണം. തെളിയിക്കേണ്ടത് പരാതിക്കാരന്റെ ഉത്തരവാദിത്തമാണ്. മറ്റൊരാൾക്ക് പരാതി നൽകാനാവില്ല. അതുകൊണ്ട് മുഖ്യമന്ത്രിക്കു മാനനഷ്ടമുണ്ടായി എന്നു പരാതി കൊടുത്താൽ ഒരു പോലീസ് സ്റ്റേഷനിലും FIR ഇടാൻ പറ്റില്ല. ഇട്ടാൽ അത് പോലീസിന്റെ അധികാര ദുർവിനിയോഗം ആണ്.

കോടതിയുടെ വരാന്തയിൽ മഴകൊള്ളുമ്പോ കയറി നിന്ന പരിചയമെങ്കിലും ഉള്ള വക്കീലിന് കോഗ്നിസബിൾ ഒഫൻസും non-cognizable ഒഫൻസും തമ്മിലുള്ള വ്യത്യാസമൊക്കെ അറിയേണ്ടതാണ്. പക്ഷെ അപ്പോൾ ഇതുപറഞ്ഞു ഫാൻസിനെ പറ്റിക്കാനും ഇതുവഴി സ്വന്തം PR വർക്ക് നടത്താനും പറ്റില്ലല്ലോ. അതവിടെ നിൽക്കട്ടെ.

നമുക്ക് വസ്തുത നോക്കാം.

മുഖ്യമന്ത്രി എല്ലാ ചാനലുകൾക്കും ലക്ഷക്കണക്കിന്‌ രൂപ അങ്ങോട്ട് കൊടുത്ത് എല്ലാ മാസവും “നാം മുന്നോട്ട്” തുടങ്ങിയ സർക്കാർ പരിപാടികൾ സ്പോൺസേഡ് പ്രോഗ്രാം ആയി പ്രക്ഷേപണം ചെയ്യിക്കുന്നുണ്ട്. എന്നാൽ മുഖ്യമന്ത്രിയുടെ എല്ലാദിവസത്തെയും വാർത്താ സമ്മേളനം സ്പോൺസേഡ് പരിപാടിയാണോ? അല്ലേയല്ല. ലക്ഷക്കണക്കിന്‌ പ്രേക്ഷകർ കാണാനുള്ളത് കൊണ്ടാണ് എല്ലാ ചാനലുകളും അത് പ്രക്ഷേപണം ചെയ്യുന്നത്. അതിന്റെ ഭാഗങ്ങൾ ചിലപ്പോൾ നാം മുന്നോട്ട് എന്ന പരിപാടിയിൽ റിപ്പീറ്റ് കാണിക്കുന്നുണ്ടാകാം. എന്നാൽ, പത്രസമ്മേളനത്തിന്റെ റിപ്പീറ്റ് ഒരു പെയ്ഡ് PR വർക്കാണ് എന്ന് അഡ്വ.വീണ FB പോസ്റ്റിൽ പറഞ്ഞത് ശുദ്ധനുണയാണ്.

ചാനലുകൾക്ക് സ്പോൺസേഡ് പരിപാടി നൽകുന്നതിന്റെ ഉപകാരസ്മരണ കൊണ്ടാണ് മുഖ്യമന്ത്രിയുടെ വൈകിട്ടത്തെ മീഡിയമീറ്റ് ലൈവ് ജയ്ഹിന്ദ് അടക്കമുള്ള എല്ലാ ചാനലുകളും ലൈവ് കാണിക്കുന്നത് എന്നു വേണമെങ്കിൽ അഡ്വ.വീണയ്ക്ക് വിശ്വസിക്കാനും അത് പരസ്യമായി പറയാനും ഉള്ള മൗലികാവകാശം അവർക്കുണ്ട്. അതിന്റെ പേരിൽ ഒരു ക്രിമിനൽ കേസും എടുക്കാനും കഴിയില്ല. കാരണം അതൊരു അഭിപ്രായമാണ്. അതല്ല ഒരാളെപ്പറ്റി, അത് സർക്കാരിനെ പറ്റി ആണെങ്കിൽപ്പോലും ഒരു നുണ പറയുന്നതും പ്രചരിപ്പിക്കുന്നതും പോലും ഒരു ക്രിമിനൽ കുറ്റമല്ല !!!! പൊതുജനാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതോ കലാപം ഉണ്ടാക്കുന്നതോ ഏതെങ്കിലും വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധ വളർത്തുന്നതോ ആയ നുണകൾ മാത്രമേ പൊലീസിന് കേസെടുക്കാവുന്ന ക്രിമിനൽ കുറ്റമാകൂ. അല്ലാത്തവ മാനനഷ്ടം മാത്രമേ ആകൂ.

എന്നാൽ “സ്പോൺസേഡ് പ്രോഗ്രാം” എന്ന ലേബൽ ഇല്ലാത്ത സ്ക്രീനുകളിൽ അത് കൃത്രിമമായി ചേർത്ത് ഉണ്ടാക്കിയ വ്യാജ സ്‌ക്രീൻഷോട്ട് ആണ് പോസ്റ്റിനൊപ്പം ചേർത്തതെങ്കിൽ IPC 464 അനുസരിച്ച് ഫോർജറി എന്ന കുറ്റമാണ്. 2 വർഷം വരെ തടവ് കിട്ടുന്ന കുറ്റം. അതല്ല പക്ഷെ പരാതിയിലും പോലീസിന്റെ FIR ലും കുറ്റമായി പറയുന്നത്.

എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ഇട്ട FIR ൽ പറയുന്നത് മാനനഷ്ടമാണ്. എന്നാൽ വകുപ്പ് എഴുതിയിട്ടില്ല. അന്വേഷിച്ചപ്പോൾ കേരള പോലീസ് ആക്ടിലെ 120 (ഓ) എന്ന കുറ്റമാണ് ഇട്ടിരിക്കുന്നത്. എന്താണ് 120(ഓ)?

ആർക്കെങ്കിലും ഒരാൾക്ക് ഏതെങ്കിലും മാർഗ്ഗത്തിലൂടെ അലഭിലഷണീയമായതോ തുടർച്ചയായതോ അജ്ഞാതമായതോ ആയ സന്ദേശമോ, കോളോ, മെസേജോ, കത്തോ, ഇമെയിലോ അയച്ച് ശല്യമുണ്ടാക്കുക എന്നതാണ് കുറ്റം.

അതായത് പിണറായി വിജയനോ പരാതിക്കാരനോ അനഭിലഷനീയമായ എന്തോ ഒരു സന്ദേശം അഡ്വ.വീണ അയച്ചു എന്നതാണ് ഇപ്പോഴുള്ള കുറ്റം. നുണ പറഞ്ഞെന്നോ വ്യാജസന്ദേശം പ്രചരിപ്പിച്ചെന്നോ അല്ല. മാനനഷ്ടം ഉണ്ടാക്കി എന്നതുമല്ല. കാരണം അതൊന്നും നിയമത്തിന്റെ കണ്ണിൽ പോലീസിന് കേസ് എടുക്കാവുന്ന കുറ്റമല്ല.

ഈ വകുപ്പിലെ “അനഭിലഷണീയമോ അജ്ഞാതമോ” എന്ന ഭാഗം ഭരണഘടനാ വിരുദ്ധമാണ്. ഞാൻ ഒരാൾക്ക് ഇഷ്ടമല്ലാത്ത സന്ദേശമോ കോളോ ചെയ്താൽ എന്റെ പേരിൽ ക്രിമിനൽ കേസെടുക്കാം എന്നത് നഗ്നമായ ജനാധിപത്യ-ഭരണഘടനാ ലംഘനമാണ്. ഒരാളുടെ ആവശ്യം മറ്റെയാൾക്ക് അനാവശ്യം ആയിരിക്കും. അതുകൊണ്ട് അതൊരു മാനദണ്ഡമാക്കാൻ പറ്റില്ല.
കേരള പോലീസ് ആക്ടിലെ 118(ഡി) വകുപ്പ് സമാനമായ വാദത്തിൽ സുപ്രീംകോടതി റദ്ദാക്കിയതാണ്.

ശ്രീ.ശശി തരൂർ MP ക്കും VT ബൽറാമിനും ഈ ജനാധിപത്യ വിരുദ്ധതയിൽ പ്രതിഷേധം ഉണ്ടെങ്കിൽ ഈ നിയമം റദ്ദാക്കാൻ നിയമസഭയോട് ആവശ്യപ്പെടുകയാണ് വേണ്ടത്. നിയമനിർമ്മാണ സഭകളിലൂടെയാണ് നിങ്ങളുടെ കഴിവ് കാണിക്കേണ്ടത്. ഇത്രയും കാലം ഇത്തരം നിയമങ്ങളെ നിങ്ങളെപ്പോലെയുള്ള ജനപ്രതിനിധികൾ ചോദ്യം ചെയ്തില്ല എന്നതാണ് ഇതുണ്ടാവാൻ ഒരു കാരണം.

ഞാൻ ഏതായാലും ചോദ്യം ചെയ്യാൻ തീരുമാനിച്ചു. നുണപറയാനല്ല, ഭരണാധികാരികൾക്ക് അനഭിലഷണീയ സത്യം പറഞ്ഞു വിമര്ശിക്കാനുള്ള സ്വാതന്ത്ര്യം നിലനിർത്താൻ.

അഡ്വ.ഹരീഷ് വാസുദേവൻ.

https://www.facebook.com/harish.vasudevan.18/posts/10158458739477640