പാലാരിവട്ടം പാലം; ബലക്ഷയമേ ഉള്ളോ എന്നു പരിശോധിക്കുന്നതിനെ, സർക്കാർ എതിർത്തത് എന്തിനായിരിക്കും?: ഹരീഷ് വാസുദേവൻ

പാലാരിവട്ടം പാലത്തിന്റെ ഭാരപരിശോധനയെ സംസ്ഥാന സർക്കാർ പല്ലും നഖവും ഉപയോഗിച്ച് എതിർത്തതും, അതിന്റെ പേരിൽ നിർമ്മാണം ഇത്രയും വൈകിയതും എന്തിനാണ് എന്നതിന് വ്യക്തമായ ഒരു ഉത്തരം കിട്ടിയിട്ടില്ല എന്ന് അഭിഭാഷകനായ ഹരീഷ് വാസുദേവൻ. ഭാരപരിശോധനയെ എതിർത്ത് സുപ്രീംകോടതിയിൽ പോയ സർക്കാരിന് ഭാരപരിശോധന കൂടാതെ തന്നെ പൊളിക്കാമെന്നു അനുകൂല ഉത്തരവ് കിട്ടിയെന്നു വാർത്തകൾ വരുന്നു. എന്നാൽ കമ്പനിയുടെ ചെലവിൽ പരിഹരിക്കാവുന്ന ബലക്ഷയമേ ഉള്ളോ എന്നു പരിശോധിക്കുന്നതിനെ, സർക്കാർ ഇത്രമേൽ എതിർത്തത് എന്തിനായിരിക്കും എന്ന് ഹരീഷ് വാസുദേവൻ തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ ചോദിച്ചു.

ഹരീഷ് വാസുദേവന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

പാലാരിവട്ടം പാലത്തിന്റെ ബലക്ഷയം ഏതളവിൽ ഉണ്ടെന്ന് ഭാരപരിശോധന നടത്തി ബോദ്ധ്യപ്പെടണമെന്നും, ബോദ്ധ്യപ്പെട്ടാൽ പരിഹാര നടപടികളുടെ ചെലവ് നിർമ്മാണ കമ്പനി തന്നെ വഹിക്കണമെന്നും കരാറിൽ വ്യവസ്ഥയുണ്ട്.

പാലം ഒട്ടും ഉപയോഗിക്കാനേ പറ്റില്ല എന്നാണ് സർക്കാർ നിയോഗിച്ച സമിതിയുടെ കണ്ടെത്തൽ. അതല്ല, മൂന്നു കോടിയോളം രൂപയുടെ പണി നടത്തിയാൽ ഗതാഗത യോഗ്യമാക്കാം എന്നു കമ്പനിയും എന്‍ജിനീയറിംഗ് മേഖലയിലെ ചില വിദഗ്ധരും PWD കോണ്‍ട്രാക്ടർമാരും പറയുന്നു. മദ്രാസ് IIT പറയുന്ന ഏത് നിർദ്ദേശവും അംഗീകരിക്കാം എന്നും കമ്പനി രേഖാമൂലം എഴുതി കൊടുക്കുന്നു.

ഭാരപരിശോധനയിലൂടെ ബലക്ഷയം നോക്കാൻ ഹൈക്കോടതി വിധിച്ചു. പണിക്കുള്ള പണം നൽകാമെന്ന് കമ്പനിയും അറിയിച്ചു. ഭാരപരിശോധനയെ സംസ്ഥാന സർക്കാർ പല്ലും നഖവും ഉപയോഗിച്ച് എതിർത്തതും, അതിന്റെ പേരിൽ നിർമ്മാണം ഇത്രയും വൈകിയതും എന്തിനാണ് എന്നതിന് വ്യക്തമായ ഒരു ഉത്തരം കിട്ടിയിട്ടില്ല. ഭാരപരിശോധനയെ എതിർത്ത് സുപ്രീംകോടതിയിൽ പോയ സർക്കാരിന് ഭാരപരിശോധന കൂടാതെ തന്നെ പൊളിക്കാമെന്നു അനുകൂല ഉത്തരവ് കിട്ടിയെന്നു വാർത്തകൾ വരുന്നു. ഏതായാലും നോക്കുകുത്തി ആക്കി പാലത്തെ നിർത്താതെ മനുഷ്യരെ ബുദ്ധിമുട്ടിക്കാതെ അത് പണിയാൻ ഉടൻ തുടങ്ങുമായിരിക്കും.
ഒരു ചോദ്യം എന്റെ മനസ്സിൽ ബാക്കിയാവുന്നു.

കമ്പനിയുടെ ചെലവിൽ പരിഹരിക്കാവുന്ന ബലക്ഷയമേ ഉള്ളോ എന്നു പരിശോധിക്കുന്നതിനെ, സർക്കാർ ഇത്രമേൽ എതിർത്തത് എന്തിനായിരിക്കും? ഏതായാലും പൊളിക്കുന്നു, അപ്പോൾ അവരുടെ ചെലവിൽ ഭാരപരിശോധന നടത്തിയാൽ എന്ത് നഷ്ടം ഉണ്ടാക്കാനാണ്? അതില്ലാതെ പൂർണമായി പൊളിച്ചു പണിയണം എന്ന വാദം എന്തിനാകും?

വിമർശനമല്ല, ദഹിക്കായ്കയാണ്, മനസ്സിലാകാനാണ്. ഊഹാപോഹം വേണ്ട. വിഷയത്തിൽ അറിവുള്ളവർ ദയവായി പറഞ്ഞു തരിക.

https://www.facebook.com/harish.vasudevan.18/posts/10158801927192640