ജനസമ്പർക്ക പരിപാടി; മരണത്തിന്റെ വ്യാപാരികളോ മന്ത്രിമാർ?: ഹരീഷ് വാസുദേവൻ

കോവിഡ് രണ്ടാംഘട്ടം അരങ്ങു തകർത്തു വരുന്ന ഈ സമയത്ത് ജില്ലതോറും ജനസമ്പർക്ക പരിപാടി നടത്താനുള്ള സർക്കാർ തീരുമാനത്തെ വിമർശിച്ച്‌ അഭിഭാഷകനായ ഹരീഷ് വാസുദേവൻ. പരാതി സമർപ്പിക്കാനും അത് പരിശോധിക്കാനും ആധുനികമായ ഒട്ടേറെ സംവിധാനങ്ങൾ ഉള്ളപ്പോൾ ആ സംവിധാനത്തിന്റെ പരാജയം സംസ്ഥാന സർക്കാർ തന്നെ സമ്മതിക്കുന്ന പരിപാടിയാണ് ജനസമ്പർക്കം എന്ന് ഹരീഷ് വാസുദേവൻ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് നടത്താൻ പോകുന്ന മന്ത്രിമാരുടെ ഈ പൊതുസമ്പർക്കം അൽപ്പമെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ  ഓൺലൈനായി നടത്താൻ സർക്കാർ തയ്യാറാകണമെന്നും പി.ആർ പരിപാടികൾ അല്ല, ജാഗ്രതയാണ് ഇപ്പോൾ നമുക്കാവശ്യമെന്നും ഹരീഷ് അഭിപ്രായപ്പെട്ടു.

അഡ്വ.ഹരീഷ് വാസുദേവന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

മരണത്തിന്റെ വ്യാപാരികളോ മന്ത്രിമാർ?

ജനസമ്പർക്ക യാത്ര നടത്തി ജനത്തിന്റെ പരാതി മുഴുവൻ നേരിൽ വാങ്ങി തീർക്കാൻ നോക്കിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ നിശിതമായി വിമർശിച്ച നേതാക്കളാണ് ഇന്ന് ഭരണത്തിൽ. ജനങ്ങളുടെ പരാതി അറിയാൻ നാടൊട്ടുക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥ വൃന്ദത്തെ അണിനിരത്തി സർവ്വാണിസദ്യ ഒരുക്കേണ്ട കാര്യമില്ല. ഗതികെട്ട മനുഷ്യർ പരാതിക്കെട്ടുമായി കാത്തുനിൽക്കുന്ന ഫോട്ടോകളും, ഊണും വിശ്രമവുമില്ലാതെ മുഖ്യമന്ത്രി അത് വാങ്ങി അനുതാപത്തോടെ അവർക്ക് ആശ്വാസമേകുന്ന ഫോട്ടോകളും സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ചീപ്പ് പബ്ലിസിറ്റി പരസ്യങ്ങളായി മാറിയ കാലം… അതൊക്കെ സർക്കാർ ചെലവിൽ ഫ്‌ളക്‌സ് ബോർഡുകളിൽ ഇടം പിടിച്ച കാലം..

തെറ്റായ രീതിയാണത്. രാജഭരണത്തെ ഓർമ്മിപ്പിക്കുന്ന, ജനാധിപത്യത്തിൽ അശ്ലീലമായ കാഴ്ച. പരാതി സമർപ്പിക്കാനും അത് പരിശോധിക്കാനും ആധുനികമായ ഒട്ടേറെ സംവിധാനങ്ങൾ നമുക്കുള്ളപ്പോൾ, ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ഒരു സിസ്റ്റം ഉള്ളപ്പോൾ,

അതിന്റെ എഫിഷ്യൻസി കൂട്ടാൻ ഒന്നും ചെയ്യാതെ, ആ സിസ്റ്റത്തിന്റെ പരാജയം സ്റ്റേറ്റ് തന്നെ സമ്മതിക്കുന്ന പരിപാടിയാണ് ഈ ജനസമ്പർക്കം. പോസ്റ്റലായോ ഈമെയിലായോ അയയ്ക്കുന്ന പരാതികളിൽ ഉണ്ടാക്കാൻ കഴിയാത്ത എന്ത് തീർപ്പാണ് മനുഷ്യരെ നേരിൽ മന്ത്രിമാർ കണ്ടാൽ ഉണ്ടാക്കാനാകുക എന്ന ചോദ്യത്തിന് ഉമ്മൻചാണ്ടി സർക്കാരും വ്യക്തമായ മറുപടി പറഞ്ഞില്ല. പകരം, “അതാണ് അദ്ദേഹത്തിന്റെ ശൈലി” എന്ന PR മറുപടി പറഞ്ഞു തടിതപ്പി.

ഭരണം മാറി. പഴയ വിമർശനങ്ങൾ കൊണ്ടാവണം, ഓൺലൈനായി ലഭിക്കുന്ന പരാതികൾ കൈകാര്യം ചെയ്യാൻ ലക്ഷക്കണക്കിന് രൂപയുടെ ഉദ്യോഗസ്ഥ സംവിധാനം മുഖ്യമന്ത്രിയുടെ ഓഫീസിൽ ഒരുക്കിയത്. മന്ത്രിമാരുടെ സോഷ്യൽ മീഡിയ പേജുകളിൽ കമന്റായി സാധാരണ ജനം ഇടുന്ന പരാതികൾക്ക് പോലും പരിഹാരമുണ്ടാക്കി, അത് പത്രക്കുറിപ്പും വാർത്തയും വൈറലുമായി. മന്ത്രിമാരുടെ മൊബൈൽ നമ്പർ വരെ നാട്ടുകാരുടെ ഫോണിൽ സേവ് ആയി. നേരിൽ വിളിയായി.. പലർക്കും ഫലമായി..

CPIM പോലുള്ള പാർട്ടികൾക്കും ഒരു സിസ്റ്റമുണ്ട്. പ്രാദേശികമായി അവരുടെ കണ്ണിൽപ്പെടുന്ന പരാതികൾ പാർട്ടി തലത്തിൽ മേൽതട്ടിൽ എത്തിച്ച് സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കുക. അതിനും മന്ത്രി കാണണമെന്നില്ല. ഓഫീസിൽ പാർട്ടി ചുമതപ്പെടുത്തിയ ആളുണ്ടാകും.

പിന്നെന്തിനാണ് കോവിഡ് രണ്ടാം ഘട്ടം അരങ്ങു തകർത്തു വരുന്ന ഈ സമയത്ത്, പരമാവധി സമ്പർക്കം കുറയ്ക്കാൻ ജനത്തിനോട് ആഹ്വാനം ചെയ്യുന്ന സർക്കാർ, അവാർഡ് പോലും കയ്യിൽ കൊടുക്കാൻ ഭയക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലതോറും പരാതികൾ അന്വേഷിച്ചു പോകുന്നത്? ജനം ഇടിച്ചുതള്ളി പരാതി പരിഹാര പരിപാടികൾക്ക് എത്താനുള്ള വഴിയൊരുക്കുന്നത്?

തെരഞ്ഞെടുപ്പ് വരികയാണ്. പബ്ലിസിറ്റി സ്റ്റണ്ട് വേണം. മന്ത്രിമാരുടെ തലയും ഫുൾ ഫിഗറും വെച്ച ബോർഡുകളും ഹോർഡിങ്ങുകളും വാർത്തകളും വേണം. വ്യക്തികേന്ദ്രീകൃതമാണ് പരിഹാരം – അല്ലാതെ അതൊരു ഭരണസിസ്റ്റമല്ല എന്ന പഴയ ജനാധിപത്യ വിരുദ്ധ മെസേജ് പോണം.. കാരണം ഇവിടെ പ്രവർത്തിക്കുന്ന സ്ഥിരം സിസ്റ്റമുണ്ടാക്കുന്നവർക്കല്ല, മാജിക് പോലെ റിസൾട്ട് ഉണ്ടാക്കുന്ന വ്യക്തികൾക്കാണ് കയ്യടി നൽകി മാധ്യമങ്ങൾക്കും ജനങ്ങൾക്കും ശീലം.. ജനാധിപത്യവിരുദ്ധവും രാജഭരണകാലത്തെ ഓർമ്മിപ്പിക്കുന്നതുമായ ആ അശ്ലീല കാഴ്ചകൾക്കാണ് ഇനി കുറച്ചുനാൾ കേരളം സാക്ഷ്യം വഹിക്കുക.

ജില്ലകൾ തോറും മന്ത്രിമാർ നടത്തുന്ന പരിപാടികളിലെ തിക്കിലും തിരക്കിലും കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരും. അന്ധമായ പാർട്ടിഭക്തി ബാധിച്ച – മുൻപ് പ്രതിപക്ഷം സമരം നടത്തിയപ്പോൾ അവരെ “മരണവ്യാപാരികൾ” എന്നു വിളിച്ച സൈബർ സഖാക്കൾ പക്ഷെ ഇതിനെ വാഴ്ത്തിപ്പാടും.. ഹല്ലേലൂയ.. സ്ത്രോത്രം.. “ഇതിപ്പോൾ വേണ്ടിയിരുന്നില്ല” എന്നാഭിപ്രായം പറയുന്നവരുടെ പത്തു തലമുറ തെറിയഭിഷേകം നടത്തും. ട്രോളും. “ഇപ്പോൾ ജനസമ്പർക്കം നടത്തുന്നത് എന്റെ മുഖ്യമന്ത്രി ആയിപ്പോയി.. നിങ്ങടെ ആണെങ്കിൽ കാണിക്കാമായിരുന്നു” എന്നാണ് അവർ മനസിൽ പറയുക.

പക്ഷെ, രാഷ്ട്രീയം മാറ്റിവെച്ചു ഒന്നാലോചിച്ചു നോക്കൂ. നമ്മുടെ ആരോഗ്യപ്രവർത്തകർ അക്ഷീണം പ്രയത്നിച്ചു പ്രയത്നിച്ചാണ് നാം മരണസംഘ്യ കുറച്ചത്.. പോലിസ് രാത്രിയും പകലും ജനത്തെ വിരട്ടിയാണ് ആൾക്കൂട്ടത്തെ തടഞ്ഞത്.. കോടതിയിൽ വാദം പോലും സൂമിൽ ആക്കിയത്.. സമരങ്ങൾ നിരോധിച്ചത്.. സ്‌കൂളുകളും ആരാധനാലയങ്ങളും അടച്ചിട്ടത്..

അൽപ്പമെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ മന്ത്രിമാരുടെ ഈ പൊതുസമ്പർക്കം ഓൺലൈനായി നടത്താൻ സർക്കാർ തയ്യാറാകണം. ഇല്ലെങ്കിൽ ഇന്നലെ മറ്റു പലരെയും വിളിച്ച വിശേഷണങ്ങൾ നാളെ ജനം നിങ്ങൾക്കും ചാർത്തി തരും എന്നല്ല, നാം ഒരുമിച്ചു ഈ നാട് ഒരുമിച്ചു ഇതിനു വലിയ വിലകൊടുക്കേണ്ടി വരും. നമ്മൾ പൗരന്മാർ ആവശ്യപ്പെടണം. PR പരിപാടികൾ അല്ല, ജാഗ്രതയാണ് ഇപ്പോൾ നമുക്കാവശ്യം.