മഞ്ഞലോഹത്തിന്റെ കഥ; ചാക്യാർ പെരിന്തൽമണ്ണ എഴുതുന്നു

ചാക്യാർ പെരിന്തൽമണ്ണ

മൃദുവും തിളക്കമുള്ളതുമായ മഞ്ഞലോഹമാണ് സ്വർണം. വിലയേറിയ ലോഹമായ സ്വർണം, നാണയമായും, ആഭരണങ്ങളുടെ രൂപത്തിലും നൂറ്റാണ്ടുകളായി മനുഷ്യൻ ഉപയോഗിച്ചു പോരുന്നു. ചെറിയ കഷണങ്ങളും തരികളുമായി സ്വതന്ത്രാവസ്ഥയിൽ തന്നെ പ്രകൃതിയിൽ ഈ ലോഹം കണ്ടുവരുന്നു.

ലോഹങ്ങളിൽ വെച്ച് ഏറ്റവും നന്നായി രൂപഭേദം വരുത്താവുന്ന ലോഹമാണിത്. 70-ഓളം രാജ്യങ്ങൾ സ്വർണം ലോകത്ത് വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും ലോകവ്യാപകമായ ഉത്പാദനത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും ദക്ഷിണാഫ്രിക്ക, ഐക്യനാടുകൾ, ഓസ്ട്രേലിയ, ചൈന, കാനഡ, റഷ്യ എന്നിവിടങ്ങളിൽ നിന്നാണ്. സ്വർണത്തിന്റെ ഏറ്റവും വലിയ ഉത്പാദകരായ ദക്ഷിണാഫ്രിക്ക 399 മെട്രിക് ടൺ സ്വർണം 2002-ൽ ഉത്പാദിപ്പിച്ചു.

ചരിത്രം

ചരിത്രാതീത കാലം മുതൽക്കേ അറിയപ്പെട്ടിരുന്ന അമൂല്യലോഹമാണ്‌ സ്വർണം. ഒരുപക്ഷേ മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹവും ഇതു തന്നെയായിരിക്കണം. ബി.സി.ഇ. 2600- ലെ ഈജിപ്ഷ്യൻ ഹീറോഗ്ലിഫിക്സ് ലിഖിതങ്ങളിൽ ഈജിപ്തിൽ സ്വർണം സുലഭമായിരുന്നെന്ന് പരാമർശിക്കുന്നുണ്ട്. ചരിത്രം പരിശോധിച്ചാൽ ഈജിപ്തും നുബിയയുമാണ്‌ ലോകത്തിൽ ഏറ്റവുമധികം സ്വർണം ഉത്പാദിപ്പിച്ചിരുന്ന  മേഖലകൾ. ബൈബിളിലെ പഴയ നിയമത്തിൽ സ്വർണത്തെപ്പറ്റി പലവട്ടം പരാമർശിക്കുന്നുണ്ട്.

സ്വർമത്തിന്റെ നിർമ്മാണചരിത്രം എട്രൂസ്കൻ, മിനോവൻ, അസ്സിറിയൻ, ഈജിപ്‌ഷ്യൻ സംസ്കാരങ്ങളുടെ കാലത്തോളം തന്നെ പഴക്കമുണ്ട്. നദീനിക്ഷേപതടങ്ങളിൽ നിന്നുള്ള മണലിനെയും ചരലിനേയും അരിച്ചെടുത്താണ് അക്കാലത്ത് സ്വർണം നിർമ്മിച്ചിരുന്നത്. പുരാതനകാലം മുതൽ ഇന്ത്യയിൽ മദ്ധ്യേഷ്യയിലും തെക്കൻ യുറൽ പർവ്വത പ്രദേശങ്ങളിലും കിഴക്കൻ മെഡിറ്ററേനിയൻ തീരങ്ങളിലും സ്വർണം നിർമ്മിച്ചു പോന്നിരുന്നു. സ്വർണം ആദ്യമായി കുഴിച്ചെടുത്ത് ഉപയോഗിച്ചത് ഇന്ത്യയിലാണ്‌.

പതിനാറാം നൂറ്റാണ്ടു മുതൽ സ്പെയിനിന്റെ ആധിപത്യത്തിലായിരുന്ന തെക്കേ അമേരിക്കയും മെക്സിക്കോയും ആയിരുന്നു സ്വർണത്തിന്റെ ഏറ്റവും വലിയ ഉൽപ്പാദകർ. പതിനാറാം നൂറ്റാണ്ടിലെ ലോകത്തെ ആകെ സ്വർണോത്പാദനത്തിന്റെ 9 ശതമാനം മെക്സിക്കോയിൽ നിന്നായിരുന്നു. 1851 ഫെബ്രുവരിയിൽ ഓസ്ട്രേലിയയിൽ വൻ സ്വർണനിക്ഷേപങ്ങൾ കണ്ടെത്തി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയോടെ ലോക സ്വര്‍ണോത്പാദനത്തിന്റെ നല്ലൊരു ശതമാനം അമേരിക്കൻ ഐക്യനാടുകളിൽ നിന്നായിരുന്നു.

ഖനനവും ശുദ്ധീകരണവും

സ്വർണം അടങ്ങിയ ചരലിൽ നിന്നും വെള്ളം ഉപയോഗിച്ച് കഴുകി അരിച്ച് എടുക്കുന്ന രീതിയാണ് സ്വർണം വേർതിരിക്കുന്നതിനുള്ള ഏറ്റവും എളുപ്പവഴി. (ആഭരണങ്ങൾ നിർമ്മിക്കുമ്പോൾ നഷ്ടപ്പെടുന്ന സ്വർണം അരിച്ചെടുക്കുന്നതിന് സ്വർണപ്പണിക്കാരും മറ്റും ഈ രീതി ഉപയോഗിക്കുന്നു.)

സ്വർണം വേർതിരിച്ചെടുക്കുന്നതിനുള്ള ആധുനികരീതിയാണ് ഹൈഡ്രോളിക് ഖനനം. വെള്ളം ശക്തിയിൽ ചീറ്റിച്ചാണ് ഈ രീതിയിൽ സ്വർണം വേർതിരിച്ചെടുക്കുന്നത്. ഇത്തരത്തിൽ വേർതിരിച്ചെടുക്കുന്ന സ്വർണത്തെ സംയോജിപ്പിച്ച് ഉരുക്കുന്നത്തിനു രസം ഉപയോഗിക്കുന്നു.

തീരെ ചെറിയ തരികളായ സ്വർണം രസത്തിൽ കുഴയ്ക്കുമ്പോൾ അവ ഒന്നിക്കുന്നു ഇതിനെ ചൂടാക്കുമ്പോൾ രസം ബാഷ്പീകരിക്കുകയും സ്വർണം മാത്രമായി ഉരുക്കിയെടുക്കാനും കഴിയുന്നു. പിന്നീട് സ്വർണത്തെ വെള്ളി, ചെമ്പ് എന്നിവ ഉപയോഹിച്ചു നേർപ്പിച്ച ശേഷം ചെറിയ തരികളാക്കി നൈട്രിക് ആസിഡിൽ ഇട്ടു ഒരു പ്രത്യേക അനുപാതത്തിൽ ചൂടാക്കുമ്പോൾ സ്വർണം മാത്രമായി വളരെ ചെറിയ തരികളായി ലഭിക്കുന്നു ഇതിനെ ഉരുക്കിയെടുക്കുമ്പോൾ ശുദ്ധ സ്വർണം ലഭിക്കുന്നു.

അന്താരാഷ്ട്ര നാണയനിധി, നിശ്ചിത അളവ് സ്വർണത്തിന്റെ വിലയാണ്‌ നാണയവിലയുടെ ആധാരമായി മുമ്പ് കണക്കാക്കിയിരുന്നത്. ഓക്സീകരണം മൂലമുള്ള നാശത്തെ ഫലപ്രദമായി ചെറുക്കുന്നതിനാൽ, ദന്തരോഗചികിത്സ, ഇലക്ട്രോണിക്സ് തുടങ്ങിയ വ്യവസായ മേഖലകളിൽ ഈ ലോഹം വ്യാപകമായി ഉപയോഗിച്ചു വരുന്നു.

സംയോജകത സാധാരണയായി ഒന്നോ മൂന്നോ ആയ ഒരു സംക്രമണമൂലകമാണ് സ്വർണം. മിക്കവാറും രാസവസ്തുക്കളുമായി ഇത് രാസപ്രവർത്തനത്തിലേർപ്പെടുന്നില്ലെങ്കിലും ഫ്ലൂറിൻ, ക്ലോറിൻ, ബ്രോമിൻ, രാജദ്രാവകം, സയനൈഡ് എന്നിവയുമായി പ്രവർത്തനത്തിലേർപ്പെടുന്നു. സ്വർണം രസത്തിലലിഞ്ഞ് സങ്കരമായ അമാൽഗം രൂപം കൊള്ളുന്നു.

മറ്റു മിക്ക ലോഹങ്ങളേയും അലിയിക്കുന്ന നൈട്രിക് അമ്ലവുമായി സ്വർണം പ്രവർത്തനത്തിലേർപ്പെടുന്നില്ല എന്നതും ഇതിന്റെ ഒരു പ്രത്യേകതയാണ്. അതു കൊണ്ടുതന്നെ വസ്തുക്കളിലെ സ്വർണത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്നതിന് നൈട്രിക് അമ്ലം കാലങ്ങളായി ഉപയോഗിച്ചു വരുന്നു. നൈട്രിക് അമ്ലം ഉപയോഗിച്ച് സ്വർണത്തിന്റെ ശുദ്ധത പരിശോധിക്കുന്നതാണ് ആസിഡ് ടെസ്റ്റ് എന്നറിയപ്പെടുന്നത്.
സ്വർണത്തിന്റെ അണുസംഖ്യ 79-ഉം പ്രതീകം Au എന്നുമാണ്. ഔറം എന്ന ലത്തീൻ വാക്കിൽ നിന്നാണ് Au എന്ന പ്രതീകം ഉണ്ടായത്.

ഏറ്റവും നന്നായി രൂപഭേദം വരുത്താൻ സാധിക്കുന്ന ലോഹമാണ് സ്വർണം. ഒരു ഗ്രാം സ്വർണം അടിച്ചു പരത്തി ഒരു ചതുരശ്രമീറ്റർ വിസ്തീർണ്ണമുള്ള ഒരു തകിടാക്കി മാറ്റാൻ സാധിക്കും. അതായത് 0.000013 സെന്റീമീറ്റർ വരെ ഇതിന്റെ കനം കുറക്കാൻ കഴിയും. അതു പോലെ വെറും 29 ഗ്രാം സ്വർണം ഉപയോഗിച്ച് 100 കിലോമീറ്റർ നീളമുള്ള കമ്പിയുണ്ടാക്കാനും സാധിക്കും.

സ്വർണത്തെ മറ്റു ലോഹങ്ങളുമായി ചേർത്ത് സങ്കരലോഹങ്ങളാക്കാം. ഇത്തരം സങ്കരങ്ങൾക്ക് ശുദ്ധസ്വർണത്തെ അപേക്ഷിച്ച് കൂടുതൽ കടുപ്പമുണ്ടായിരിക്കും. ആകർഷകമായ നിറവും ഈ സങ്കരങ്ങളുടെ പ്രത്യേകതയാണ്.

സ്വർണത്തോടു കൂടി മറ്റു ലോഹങ്ങൾ ചേർക്കുമ്പോൾ സ്വർണത്തിന്റെ തനതു നിറമായ മഞ്ഞയോടൊപ്പം താഴെപ്പറയുന്ന നിറങ്ങൾ ചേർന്ന നിറമായിരിക്കും ലഭിക്കുക. ചെമ്പ് – റോസ്, ഇൻഡിയം – നീല, അലൂമിനിയം – പർപ്പിൾ, പ്ലാറ്റിനം, പലേഡിയം, നിക്കൽ – വെളുപ്പ്. വെള്ളിയുടേയും ബിസ്മത്തിന്റേയും പ്രകൃത്യാലുള്ള സങ്കരങ്ങൾക്ക് കറുപ്പ് നിറമാണ് ഉണ്ടായിരിക്കുക. വളരെ നേർത്ത പൊടിയാക്കിയാൽ സ്വർണവും മറ്റു ലോഹങ്ങളെപ്പോലെ തന്നെ കറുത്ത നിറത്തിലായിരിക്കും.

പ്രകൃതിദത്തമായ സ്വർണത്തിൽ 8 മുതൽ 10 വരെയോ അതിലധികമോ വെള്ളി അടങ്ങിയിരിക്കും. 20% – ൽ അധികം വെള്ളി അടങ്ങിയിരിക്കുന്ന സ്വർണത്തെയാണ് എലക്ട്രം എന്നു പറയുന്നത്. വെള്ളിയുടെ അളവ് കൂടുംതോറും നിറം കൂടുതൽ വെളുത്തു വരുകയും ആപേക്ഷികസാന്ദ്രത കുറയുകയും ചെയ്യുന്നു. വൈദ്യുതിയുടേയും താപത്തിന്റേയും വളരെ നല്ല ഒരു ചാലകമാണ് സ്വർണം. കൂടാതെ വായുവോ മറ്റു രാസവസ്തുക്കളോ ഇതിനെ ബാധിക്കുന്നുമില്ല.

താപം, ഈർപ്പം, ഓക്സിജൻ തുടങ്ങിയവയുമായി വളരെ നേരിയ അളവിൽ മാത്രമേ ഈ ലോഹം പ്രവർത്തിക്കുന്നുള്ളൂ. സ്വർണത്തിന്റെ ഇത്തരം ഗുണങ്ങൾ, ആഭരണങ്ങൾ നാണയങ്ങൾ എന്നിവയുടെ നിർമ്മിതിക്ക് ഇതിനെ അനുയോജ്യമാക്കുന്നു.

ആഭരണങ്ങളിലെ സ്വർണത്തിന്റെ അളവ് കാരറ്റ് (k) എന്ന തോതിലാണ് അളക്കുന്നത്. ശുദ്ധസ്വർണം 24 കാരറ്റാണ്. 22k, 18k, 14k, 10k എന്നിങ്ങനെ വിവിധ കാരറ്റുകളിലുള്ള സ്വർണാഭരണങ്ങൾ ലഭ്യമാണ്. കാരറ്റ് കുറയുന്തോറും അതിലെ സ്വർണത്തിന്റെ അളവ് കുറയുകയും കൂട്ടുലോഹങ്ങളായ വെള്ളി, ചെമ്പ് മുതലായവയുടെ അളവ് കൂടുകയും ചെയ്യുന്നു.

916 സ്വർണം എന്നറിയപ്പെടുന്നത്, 91.6% സ്വർണ്ണം അടങ്ങിയിരിക്കുന്ന സങ്കരമാണ്. 22k ആഭരണങ്ങളിലേയും 916 ലേയും സ്വർണ്ണത്തിന്റെ അളവ് തുല്യം തന്നെയാണ്.
14 കാരറ്റ് സ്വർണം പിച്ചളയുടെ അതേ നിറത്തിലുള്ളതായിരിക്കും. ബാഡ്ജുകളും മറ്റും നിർമ്മിക്കുന്നതിനാണ് ഇത് സാധാരണയായി ഉപയോഗിക്കാറുള്ളത്. 18 കാരറ്റ് സ്വർണത്തിൽ 25% ചെമ്പ് അടങ്ങിയിരിക്കും. ആഭരണങ്ങൾ നിർമ്മിക്കാൻ ഇത് ഉപയോഗിക്കാറുണ്ട്. വെള്ളി ചേർത്ത 18 കാരറ്റ് സ്വർണത്തിന് പച്ചകലർന്ന മഞ്ഞ നിറമായിരിക്കും.

24 കാരറ്റ് = 99.9 ( ശുദ്ധ സ്വർണ്ണം / തങ്കം)
1 കാരറ്റ് = 4.1625
22 x 4.1625 = 91.57 = 916
നമ്മുടെ നാട്ടിൽ 916 സ്വർണ്ണത്തിന്റെ രംഗപ്രവേശം ഏകദേശം 25 കൊല്ലം മുമ്പ് ഒരു പ്രമുഖ ജ്വല്ലറിക്ക് പറ്റിയ അബദ്ധമാണ്.

ഗൾഫ് നാടുകളിൽ കാര്യമായ വിപണി ഉണ്ടായിരുന്ന അവർ ഇവിടെ നിന്ന് ആഭരണം പണിത് അവിടെ വിപണനം നടത്തി വരുകയായിരുന്നു. അവിടെ ഗുണമേന്മ നിർബന്ധമായതിനാൽ അവിടെ വിൽപ്പനക്ക് വെയ്ക്കുന്നതിന് മുമ്പെ സർക്കാരിൽ നിന്ന് അതിനുള്ള ടെസ്റ്റ് കടക്കണമായിരുന്നു. 22 K /916 സീൽ പതിപ്പിച്ച ആഭരണത്തിൽ ആ ഗുണത്തിലുള്ള സ്വർണം ഇല്ലെങ്കിൽ അതവിടെ വിൽക്കാനാവില്ല.

കേരളത്തിൽ 22/20 എന്ന് സീല്‍ വെച്ച് വലിയ പരസ്യം ചെയ്തിരുന്നവർക്ക് – വിദേശത്തേക്കയച്ച വലിയ സ്റ്റോക്ക് ടെസ്റ്റ് പരാജയപ്പെട്ട് അവിടെ വിൽക്കാനാവാതെ മടക്കേണ്ടി വന്നു. ഗൾഫിലെ 916 മുദ്ര പതിപ്പിച്ച സ്വർണം ഇവിടുത്തെ തട്ടിപ്പിലെ 22/20 വിറ്റാൽ വൻ നഷ്ടം വരും എന്നതിനാൽ “ഗൾഫിൽ നിന്ന് ഇറക്കുമതി ചെയ്ത 916 സ്വർണം” എന്ന പരസ്യവാചകത്തിൽ അവർ നമ്മളെ പറ്റിച്ചു.

ഉയർന്ന പണിക്കൂലി + പണിക്കുറവ് ഈടാക്കി വൻലാഭം നേടി എന്നത് ചരിത്രം. ഇന്ന് MC (മേക്കിംഗ് ചാർജ് ) / VA (വാല്യു ആഡഡ്) എന്ന ഓമനപേരിൽ അറിയപ്പെടുന്ന “പണി കൂലി, പണിക്കുറവ്” മിക്കവർക്കും സ്വർണം വാങ്ങുമ്പോൾ കിറാമുട്ടിയാണ്.ആഭരണം ഉണ്ടാക്കാൻ പണിക്കാരന് നൽകുന്നതാണ് പണിക്കൂലി എന്ന് മനസിലായവർക്കും “പണിക്കുറവ്” ദഹിക്കാറില്ല.

സ്വർണം വളരെ ചെറിയ തൂക്കത്തിലുള്ള ആഭരണങ്ങളായി പണി കഴിക്കുന്നതിന് കൂടുതൽ തൂക്കം സ്വർണം വേണ്ടി വരും… പണിഞ്ഞ് വരുന്ന സമയം അതിസൂഷ്മമായ തരികളായി വളരെ കുറച്ച് സ്വർണം നഷ്ടപ്പെടും… ഇങ്ങിനെ പണിതു വരുമ്പോഴുള്ള നഷ്ടത്തെ “പണിക്കുറവ്” എന്ന് വിശേഷിപ്പിക്കുകയും ആ നഷ്ടത്തിന്റെ വില കൂടെ വിൽപ്പനക്കാരൻ ഉപഭോക്താവിൽ നിന്ന് മേടിക്കുന്നതാണ് ഈ കലാപരിപാടി.
8 ഗ്രാം (1 പവൻ) പണിയാൻ പണിക്കാരന് 50 മില്ലിഗ്രാം പണിക്കുറവ് അനുവദിച്ചിട്ടുണ്ടെങ്കിൽ കച്ചവടക്കാർ ചിലപ്പോൾ 200 മില്ലിഗ്രാം വരെ ഈടാക്കാം ചിലപ്പോൾ അതിലധികവും.

മാറ്റിലെ മറിമായം

24 കാരറ്റ് സ്വർണം ” മോൾഡഡ്” ആഭരണ നിർമ്മാണത്തിന് ഉപയോഗിക്കുന്നത് – പൊതുവെ ഉറപ്പ് കുറഞ്ഞതാകയാൽ പെട്ടെന്ന് നാശമാവാം – ചെമ്പ് ചേർക്കുന്തോറും ഉറപ്പ് കൂടുമെന്നതിനാൽ അളുകൾക്ക് കൂടുതൽക്കാലം ഉപയോഗിക്കാനാവും.
ഇങ്ങിനെ മായം ചേർക്കുന്നതിലൂടെ വിൽപ്പനക്കാർക്ക് വൻ ലാഭം നേടാം.
പവന് 30000 ഉണ്ടെങ്കിൽ 1 കാരറ്റ് കുറച്ചാൽ 1364 രൂപ വെറും 1 പവനിൽ (8gm) കിട്ടും – 50 പവൻ ഇത്തരത്തിൽ എടുക്കുന്ന ആൾക്ക് 150 / 500 വിലയിൽ ഒരു പാരിതോഷിക ബാഗ്, 25 രൂപയുടെ പേഴ്സ്, 10 രൂപയുടെ ഗ്ലാസ് എല്ലാം സൗജന്യമായി കൊടുക്കാം.

ഉത്പന്നത്തിന്റെ ഗുണമേന്മ ഉറപ്പ് വരുത്തുക എന്നത് വില കൂടിയ സ്വർണത്തിന്റെ കാര്യത്തിൽ ധാരളം തട്ടിപ്പുകൾ നടക്കുന്നു എന്നതിനാലും BIS (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്) ലൂടെ സർക്കാർ നിഷ്ക്കർഷിക്കുന്നു. 22, 21, 20 മുതൽ 18 ക്യാരറ്റ് വരെയുള്ള സ്വർണം നമ്മുടെ വിപണിയിൽ വിറ്റുവരുന്നുണ്ട്.

916 (22ct / 22K ) എന്നത് ലോഹശുദ്ധി അറിയാൻ “ക്യാരറ്റ് അനലൈസർ” മിക്ക പ്രമുഖ കടകളിലും ഇന്ന് ഉണ്ടാവും. ഇതിലും ചെറിയ കബളിപ്പിക്കൽ നടത്താം. പ്രമുഖ കടയിലെ ക്യാരറ്റ് അനലൈസറിൽ അവിടെയുള്ള സ്വർണ ആഭരണം 916 കാണിക്കുകയും മറ്റൊരു കടയിലെ ആഭരണം മോശമായതായും വേണമെങ്കിൽ കാണിക്കാം. സാധാരണ ക്യാരറ്റ് അനലൈസർ ആഭരണത്തെ മൊത്തം സ്കാൻ ചെയ്യാറില്ല – അതിന്റെ സെൻസറിൽ വരുന്ന ഭാഗത്തെ scan ചെയ്ത് അതിന്റെ ശുദ്ധിയാണ് റിസൾട്ട് ആയി തരുന്നത്.

അനലൈസറിനെ കുറിച്ച് ധാരണയില്ലാത്തവരുടെ മുന്നിൽ കടക്കാരൻ ആഭരണത്തിന്റെ കട്ടിയുള്ള സ്വർണ ഭാഗം സെൻസറിൽ വെച്ച് 916 എന്നും, പുറമെയുള്ള സ്വർണാഭരണം – വിളക്കിചേർക്കലുകളുള്ള ഭാഗം സെൻസറിൽ വെച്ചാൽ കുറഞ്ഞ ഗുണമേന്മ കാണിയ്ക്കും – സ്വർണം വിളക്കിചേർക്കാൻ സ്വർണത്തേക്കാൾ ദ്രവണത കുറഞ്ഞ ചെമ്പ്, വെള്ളി, കാഡ്മിയം തുടങ്ങിയവ സ്വർണത്തോടൊപ്പം ഉപയോഗിക്കാറുള്ളതിനാൽ വിളക്കി ചേർക്കുന്ന ഭാഗത്ത് സ്വാഭാവികമായി സ്വർണാംശം കുറവായിരിക്കും.

ആഭരങ്ങളുടെ സ്വർണശുദ്ധി തിരിച്ചറിയാൻ BIS നിഷ്കർഷിക്കുന്നത് ആസിഡ് ടെസ്റ്റ് ആണ്. പണിതീർത്ത് വരുന്ന ആഭരണം BlS അംഗീകൃത ലാബിൽ എത്തിക്കുമ്പോൾ ആഭരണത്തിന്റെ ഒരു ഭാഗം മുറിച്ചെടുത്ത് ആസിഡ് ടെസ്റ്റ് ചെയ്യുന്നു – സ്വർണമല്ലാത്തത് ആസിഡിൽ ലയിച്ച് ഇല്ലാതാവുന്നു. അവശേഷിക്കുന്ന സ്വർണത്തിന്റെ തൂക്കവും ടെസ്റ്റിന് എടുത്ത തൂക്കവും തമ്മിലുള്ള മാറ്റം നോക്കി അതിൽ വന്ന കുറവിനെ കണ്ടെത്തുകയാണ് ചെയ്യുന്നത്. ആസിഡ് ടെസ്റ്റ് ചെയ്യുന്നതോടെ ആഭരണം ഉപയോഗശൂന്യമാവുമെന്നതിനാൽ ഉപഭോക്താക്കൾ ഈ റിസ്ക്കിന് മുതിരില്ല എന്ന ധൈര്യത്തിൽ പലരും പറ്റിക്കപ്പെടാറുണ്ട്.

ലോകത്തിലെ ആദ്യത്തെ തേക്ക് തോട്ടം 1840- ൽ അന്നത്തെ ബ്രിട്ടീഷ് ഭരണ പ്രദേശമായ മലബാറിന്റ ചുമതലക്കാരനായിരുന്ന H.V. Conolly യുടെ സൃഷ്ടിയായാണ് നിലമ്പൂരിൽ ഉണ്ടാക്കപ്പെട്ടത്. നിലമ്പൂർ കാടുകളിൽ നിന്ന് ധാരാളം തേക്ക് വിദേശികൾ കടത്തിയിട്ടുണ്ടാവും. പക്ഷെ 107 വർഷത്തിന് ശേഷം ഇന്ത്യ വിട്ട വിദേശികൾ കോനോലി തേക്ക് തോട്ടത്തിലെ 100 വർഷത്തിലേറെ മൂപ്പ് വന്ന മരങ്ങൾ നമുക്ക് കാണാനായി ഇവിടെ നിർത്തി പോയെങ്കിൽ അതിലും അമൂല്യമായത് ഇവിടുന്ന് കടത്താൻ അവർക്ക് “തോട്ടം നോക്കാൻ” എന്ന പേരിനൊരു മറ ആയിരുന്നിലെ എന്ന് ചിന്തിക്കുന്നതിൽ തെറ്റില്ല.
ഒരു കെട്ട് പുകയിലക്കും, ഒരു കുപ്പി റാക്കിനും (നാടൻ വാറ്റ് ചാരായം ) പകരം പുഴയിലും ഉൾകാട്ടിലും സുലഭമായിരുന്ന മഞ്ഞക്കല്ല് എടുത്ത് കൊടുക്കാൻ നിരക്ഷരരായിരുന്ന കാട്ടുമക്കൾ വഞ്ചിക്കപ്പെട്ടിരിക്കും.
* * * *
ശുദ്ധസ്വർണത്തിന് തിളക്കമുള്ള മഞ്ഞനിറമാണെന്ന് അറിയാമല്ലൊ.
22 സ്വർണം ചെമ്പിന്റെ നിറം കൂടിയ പോലെയാണ് ഉണ്ടാവുക. ആഭരണങ്ങൾ പണിതതിന് ശേഷം ഇലട്രോപ്ലെറ്റിംഗ് സംവിധാനത്തിലൂടെ തങ്കത്തിന്റെ മഞ്ഞനിറം നൽകി, പോളീഷ് ചെയ്താണ് വിൽപ്പനക്ക് തയ്യാറാക്കുന്നത്

വൈറ്റ് ഗോൾഡ്
——————
സ്വർണ്ണത്തിൽ വെള്ളി, നിക്കൽ, പലേഡിയം പോലുള്ള ലോഹങ്ങൾ ചേർത്ത ലോഹസംങ്കരമാണ് ഇത്. സ്വർണത്തിന്റെ മഞ്ഞ നിറത്തെ സൂക്ഷ്മതയോടെ വെളളയാക്കി പാകപ്പെടുത്തി എടുക്കുന്നതിലൂടെയാണിത് സാദ്ധ്യമാവുന്നത്. ലോഹക്കൂട്ടിൽ അടങ്ങിയ സ്വർണത്തിന്റെ കാരറ്റ് അടിസ്ഥാനത്തിലാണ് വില കണക്കാക്കുക.

റോസ് ഗോൾഡ്
—————-
സ്വർണത്തിൽ ചെമ്പും വെള്ളിയും അധികമായി ചേർത്ത് ഉണ്ടാക്കുന്ന ലോഹക്കൂട്ട്….
ആഭരണങ്ങളിൽ പുതുമ തേടുന്നവരാണ് ഇതിന്റെയെല്ലാം ആവശ്യക്കാർ.