വിശാഖപട്ടണത്തെ വാതകദുരന്തം; നാണമുണ്ടെങ്കിൽ പരിസ്ഥിതി മന്ത്രി രാജി വെച്ചു പോകേണ്ടതാണ്: ഹരീഷ് വാസുദേവൻ

പരിസ്ഥിതി പ്രവർത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവന്റെ ഫെയ്സ് ബുക്ക് കുറിപ്പ്:

ഭോപ്പാൽ ദുരന്തത്തിന്റെ ഫലമാണ് 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമം. അതിന്റെ ജനരോഷത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടികൂടി എക്സിക്യൂട്ടീവിനു അമിതാധികാരം നൽകി ഉണ്ടാക്കിയ നിയമം. 35 വർഷത്തോട് അടുക്കുമ്പോഴും ഭോപ്പാൽ ദുരന്തത്തിൽ നിന്ന് സർക്കാർ സംവിധാനവും ആ നിയമവും ഒരു പടി പോലും മുൻപോട്ട് പോയിട്ടില്ല.

ഇത് എഴുതുന്ന സമയം വരെ വിശാഖപട്ടണത്ത് IPC പ്രകാരമോ പരിസ്ഥിതി നിയമപ്രകാരമോ കേസെടുത്തിട്ടില്ല. കമ്പനിയുടെ ലൈസൻസ് റദ്ദാക്കിയിട്ടില്ല. FIR ഇടാനും റിപ്പോർട്ട് ഫയൽ ചെയ്യാനും DGP ക്ക് ആന്ധ്ര ഹൈക്കോടതി 4 ആഴ്ച സമയം നൽകിയിരിക്കുന്നു !! എത്ര തെളിവുകൾ ഇതിനകം അപ്രത്യക്ഷമാകും !! എത്രയെണ്ണം മായ്ച്ചു കളയാം !!
ഇരകളുടെ ശരീരത്തിലുള്ള ടോക്സിസിറ്റി അളന്നിട്ടില്ല. കൃത്യമായ പരിശോധന നടത്താത്ത മലിനീകരണ ബോർഡ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് പോലും ചെയ്തിട്ടില്ല !! ചത്തുപോയ ചെറു ജീവികളുടെ ശവം സ്പെസിമെൻ തെളിവായി റെക്കോർഡ് ചെയ്തെടുത്തിട്ടില്ല !!

മരിച്ചവർക്ക് 1 കോടിയും വെന്റിലേറ്ററിൽ ഉള്ളവർക്ക് 10 ലക്ഷ്യവും പ്രഖ്യാപിച്ച ആന്ധ്ര സർക്കാർ അല്ലാത്തവർക്ക് വെറും 25,000 ആണ് പ്രഖ്യാപിച്ചത് !!!

സ്വമേധയാ കേസെടുത്ത ദേശീയ ഹരിത ട്രിബ്യുണൽ 50 കോടിരൂപ കമ്പനിയോട് കെട്ടിവെക്കാൻ പറഞ്ഞിട്ടുണ്ട്. അതാണ് ആകെയുണ്ടായ വ്യത്യാസം.

നമ്മൾ 35 വർഷമായി എന്ത് മാറ്റമാണ് ഈ രാജ്യത്തെ പരിസ്ഥിതി നിയമങ്ങളിൽ ഉണ്ടാക്കിയത്??

ഉളുപ്പും നാണവും ഉണ്ടെങ്കിൽ പരിസ്ഥിതി മന്ത്രി രാജി വെച്ചു പോകേണ്ടതാണ്..

https://www.facebook.com/harish.vasudevan.18/posts/10158382698167640