വി.എസ് അച്യുതാനന്ദൻ പോലും സ്ത്രീവിരുദ്ധ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ചു കണ്ടിട്ടില്ല, രമേശ് ചെന്നിത്തലയുടേത് ശരിയായ രാഷ്ട്രീയ സംസ്കാരം: ഹരീഷ് വാസുദേവൻ

 

സ്ത്രീവിരുദ്ധ പരാമർശത്തിൽ നിർവ്യാജം ഖേദം പ്രകടിപ്പിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നടപടി ശരിയായ രാഷ്ട്രീയ സംസ്കാരമാണെന്ന് അഭിഭാഷകനായ ഹരീഷ് വാസുദേവൻ. മുമ്പ് സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടുള്ള പല നേതാക്കളും, എത്ര വിമർശനം വന്നിട്ടും ഖേദം പ്രകടിപ്പിച്ചിട്ടില്ല എന്നും ഹരീഷ് വാസുദേവൻ തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചു.

പാങ്ങോട് കോവിഡ് ബാധിതയല്ലെന്ന സർട്ടിഫിക്കറ്റിനായി സമീപിച്ച യുവതിയെ ആരോഗ്യ പ്രവർത്തകൻ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ പരാമര്‍ശം ഇന്നലെ വിവാദമായിരുന്നു.

എന്നാൽ അത്തരം ഒരു പരാമർശം ഒരിക്കലും തന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാകാൻ പാടില്ല എന്ന രാഷ്ട്രീയ ബോദ്ധ്യത്തിലാണ് താൻ ഇത്രയും കാലം പ്രവർത്തിച്ചിട്ടുള്ളത് എന്നും അതിനിടയാക്കിയ വാക്കുകള്‍ പിന്‍വലിച്ച് അതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു എന്നും രമേഷ് ചെന്നിത്തല ഇന്ന് പറഞ്ഞു.

https://www.facebook.com/rameshchennithala/posts/3481113668613781

 

തിരുവനന്തപുരത്ത് പീഡിപ്പിച്ച ഹെൽത്ത് ഇൻസ്പെക്ടർ എൻ.ജി.ഒ അസോസിയേഷനോട് അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഹെൽത്ത് ഇൻസ്പെക്ടർ അസോസിയേഷൻ എന്ന കോൺഗ്രസ് അനുകൂല സംഘടനയുടെ അംഗമാണ്, സജീവപ്രവർത്തകനാണ്. കോൺഗ്രസുകാരെല്ലാം ഇങ്ങനെ പീഡിപ്പിക്കാൻ ഇറങ്ങിയാൽ നാട്ടിലെ പെണ്ണുങ്ങൾക്ക് ജീവിക്കാൻ പറ്റുമോ ? എന്നായിരുന്നു മാധ്യമ പ്രവർത്തകന്റെ ചോദ്യം. ഇതിന് മറുപടിയായി “അതെന്താ ഡിവൈഎഫ്ഐക്കാരന് മാത്രമെ പീഡിപ്പിക്കാവൂ എന്ന് വല്ലതും എഴുതി വെച്ചിട്ടുണ്ടോ?” എന്ന് രമേശ് ചെന്നിത്തല തിരിച്ച് ചോദിക്കുകയായിരുന്നു. ഇതാണ് വിവാദത്തിന് ഇടയാക്കിയത്.

ഹരീഷ് വാസുദേവവന്റെ കുറിപ്പ്:

സ്ത്രീവിരുദ്ധ പരാമർശത്തിൽ നിർവ്യാജം ഖേദം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതാണ് ശരിയായ രാഷ്ട്രീയ സംസ്കാരം.
മുൻപ് സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടുള്ള പല നേതാക്കളും, എത്ര വിമർശനം വന്നിട്ടും ഖേദം പ്രകടിപ്പിച്ചിട്ടില്ല. VS അച്യുതാനന്ദൻ പോലും. സ്ത്രീവിരുദ്ധത നിറഞ്ഞ സാമൂഹിക ഇടങ്ങളിൽ ഇത്തരം പരാമർശങ്ങൾ തെറ്റാണെന്നു സമ്മതിക്കാൻ തന്നെ രാഷ്ട്രീയ നേതാക്കൾക്ക് പൊതുവിൽ മടിയാണ്. ന്യായീകരണം ചമയ്ക്കുന്നവരാണ് പലരും.
ഇക്കാര്യത്തിൽ രമേശ് ചെന്നിത്തല കാണിച്ചത് മാതൃകയാണ്. അഭിനന്ദനങ്ങൾ. ഓരോ വാക്കിലും ചിന്തയിലും ഉള്ള സ്ത്രീവിരുദ്ധ പരാമർശങ്ങൾക്ക് എതിരെ ജാഗ്രത പുലർത്താൻ ഇത് മറ്റുള്ളവർക്ക് മാതൃകയാവട്ടെ എന്നു ആഗ്രഹിക്കുന്നു.

https://www.facebook.com/harish.vasudevan.18/posts/10158767137162640