സാമ്പത്തിക സംവരണം; ജാതി പരി​ഗണിക്കാതെ എല്ലാ വിഭാ​ഗങ്ങൾക്കും നൽകുക

ഡോ. കെ.പി അരവിന്ദൻ

‌ചിത്രത്തിലെ മുകളിലുള്ള പട്ടികയിൽ എന്‍ജിനീയറിംഗ് കോളജുകളിലെ ഇത്തവണത്തെ പ്രവേശനത്തിൻ്റെ അവസാന റാങ്കുകൾ പ്രസിദ്ധീകരിച്ചതിൻ്റെ ഒരു ഭാഗം നൽകിയിരിക്കുന്നു.

ഈ വർഷം മുതൽ ആരംഭിച്ച മുന്നോക്കക്കാർക്കുള്ള 10% സാമ്പത്തിക സംവരണത്തിന് അർഹരായവരുടെ അവസാന റാങ്ക് ഈഴവ, മുസ്ലിം, മറ്റു പിന്നോക്ക ഹിന്ദു വിഭാഗങ്ങളേക്കാൾ ഉയർന്നതാണെന്നതാണ് പ്രതീക്ഷിക്കാത്ത ഒരു സംഭവം.

ഇതുപ്രകാരം, തിരുവനന്തപുരം CET യിൽ കമ്പ്യൂട്ടർ സയൻസിന് അപേക്ഷിക്കുന്ന സാമ്പത്തികമായി പിന്നോക്കമുള്ള 600-ാം റാങ്കുകാരന് ഈഴവ, മുസ്ലിം, പിന്നോക്ക ഹിന്ദു വിഭാഗങ്ങളിലാണെങ്കിൽ സീറ്റ് കിട്ടില്ല.

മുന്നോക്ക ഹിന്ദുവോ മുന്നോക്ക ക്രൈസ്തവനോ ആണെങ്കിൽ കിട്ടും. ഈ വൈരുദ്ധ്യത്തിൻ്റെ കാരണം അന്വേഷിച്ചാൽ രണ്ട് ഘടകങ്ങൾ ഉണ്ടെന്നു മനസ്സിലാവും.

1. പിന്നോക്ക സംവരണത്തിന് അർഹത അളക്കുന്നതിൻ്റേയും മുന്നോക്കത്തിലെ സാമ്പത്തിക പിന്നോക്കക്കാരെ കണ്ടെത്തുന്നതിലുമുള്ള മാനദണ്ഡങ്ങളിൽ വ്യത്യാസമുണ്ട്. പിന്നോക്ക വിഭാഗങ്ങൾക്ക് അർഹത നേടാനുള്ള വരുമാന പരിധി 8 ലക്ഷം രൂപയാണെങ്കിൽ മുന്നോക്ക വിഭാഗത്തിൽ അത് 4 ലക്ഷം മാത്രമാണ്.

കൂടാതെ ഭൂ ഉടമസ്ഥത, ശമ്പളം പരിഗണിക്കൽ തുടങ്ങിയ കാര്യങ്ങളിലും പിന്നോക്ക സംവരണത്തിന് മാനദണ്ഡങ്ങൾ കൂടുതൽ ഉദാരമാണ്. ഇതിൻ്റെ ഫലമായി മുന്നോക്കക്കാരുടെ ഇടയിൽ സാമ്പത്തിക സംവരണത്തിന് അർഹരായവരുടെ അംശം താരതമ്യേന ചെറുതാണ്.

2. ചിത്രത്തിലെ താഴത്തെ പട്ടിക ശ്രദ്ധിക്കുക. 10% സാമ്പത്തിക സംവരണം ലഭിക്കുക വഴി മുന്നോക്ക ഹിന്ദു / കൃസ്ത്യൻ വിഭാഗങ്ങൾക്ക് മത്സരിക്കാവുന്ന സീറ്റുകളുടെ തോത് ജനസംഖ്യാ അനുപാതികമായി ഈഴവ, മുസ്ലിം വിഭാഗങ്ങക്കൾക്ക് ഒപ്പമായിരിക്കുന്നു.

ഈ രണ്ടു ഘടകങ്ങളും കൂടെയാവുമ്പോൾ മുന്നോക്കക്കാരിലെ സാമ്പത്തിക പിന്നോക്കക്കാർക്ക് കുറഞ്ഞ റാങ്കിൽ സീറ്റുകൾ കരസ്ഥമാക്കാൻ കഴിയുന്നതിൽ അത്ഭുതമില്ല. എന്നാൽ ഇത് പിന്നോക്കക്കാരിൽ അതേ സാമ്പത്തിക സ്ഥിതിയുള്ളവരോട് ചെയ്യുന്ന അനീതിയാണ്.

എന്താണ് പരിഹാരം?

ഒരിക്കൽ നൽകപ്പെട്ട ഒരു ആനുകൂല്യം പിൻവലിക്കുക ബുദ്ധിമുട്ടാണ്. എന്നാൽ ചട്ടങ്ങൾ ഉണ്ടാക്കിയപ്പോൾ വിചാരിച്ചതു പോലെയല്ല കാര്യങ്ങൾ എന്നത് പ്രയോഗത്തിൽ മനസ്സിലായിരിക്കുന്നു. ഒരു നീതികേടിനെ മറികടക്കാൻ അതിനേക്കാൾ വലിയൊരു നീതികേടിലേക്ക് എത്തിച്ചേരുന്നത് ശരിയല്ലല്ലോ. അതുകൊണ്ട് ഇപ്പോഴുള്ള ചട്ടങ്ങളിൽ ഭേദഗതി വരുത്തണം.

മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സാമ്പത്തികമായി മുന്നിൽ നിൽക്കുന്നവരുമായി മത്സരിക്കാനുള്ള ബുദ്ധിമുട്ടാണ് ഭരണഘടനയിൽ ഉൾക്കൊള്ളിക്കാത്ത സാമ്പത്തിക സംവരണത്തിൻ്റെ യുക്തിയായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്. ഇത് പിന്നോക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും ബാധകമാണ്. അവരെക്കൂടി ഉൾക്കൊള്ളുന്നതായിരിക്കണം പുതിയ പരിഷ്കാരം.

കൂടുതലായി ഉണ്ടാക്കപ്പെടുന്ന 10% സീറ്റുകളിൽ പുതിയ സാമ്പത്തിക മാനദണ്ഡങ്ങൾക്ക് അനുസൃതമായി മുന്നോക്ക പിന്നോക്ക വ്യത്യാസങ്ങളില്ലാതെ എല്ലാവർക്കും (പട്ടിക ജാതി -വർഗ്ഗങ്ങൾ അടക്കം) ബാധകമായിരിക്കണം പുതിയ വ്യവസ്ഥ.

Read more

ഇന്നത്തെ അവസ്ഥയിൽ സ്വാഭാവികമായും ഇതിൻ്റെ ഗുണം ഏറ്റവുമധികം ലഭിക്കുക മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നിൽ നിൽക്കുന്നവർക്കു തന്നെയായിരിക്കും എന്നതിൽ സംശയമില്ല.