വിമാനത്താവളവും അദാനി കൊണ്ടു പോയെന്ന് കരയുന്ന ഇടതു സുഹൃത്തുക്കളോട് ഒരു കതൈ സൊല്ലട്ടുമാ: കുറിപ്പ്

 

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പിനായി അദാനി ഗ്രൂപ്പിന് നൽകുന്നതിനെതിരെ പ്രതിഷേധം അറിയിച്ച ഇടതു സർക്കാരിന്റെ നിലപാടിൽ ഇരട്ടത്താപ്പ് ഉണ്ടെന്ന് ആരോപിച്ച് കടൽ പരിസ്ഥിതി പ്രവർത്തകന്റെ കുറിപ്പ്.

യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഒപ്പുവെച്ച വിഴിഞ്ഞം പദ്ധതിയ്ക്കെതിരെ 6000 കോടിയുടെ അഴിമതി ആരോപണമാണ് അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയും ഇന്നത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ഉന്നയിച്ചത്. തങ്ങൾ അധികാരത്തിൽ വന്നാൽ വിഴിഞ്ഞം കരാറിൽ സമൂലമായ മാറ്റങ്ങൾ കൊണ്ടു വരും എന്നത് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു. എന്നാൽ അത്തരത്തിൽ ഒന്നും സംഭവിച്ചില്ല, പദ്ധതി തുടങ്ങി നാലുമാസത്തിനകം അധികാരത്തിൽ വന്ന പിണറായി വിജയന്റെ നേതൃത്വത്തിൽ ഉള്ള സർക്കാർ വിഴിഞ്ഞം പദ്ധതിയെ അതുപോലെ നിലനിർത്തി എന്നും കടൽ പരിസ്ഥിതി പ്രവർത്തകൻ വിപിൻ ദാസ് തോട്ടത്തിൽ തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

വിപിൻ ദാസ് തോട്ടത്തിലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

തിരുവനന്തപുരം വിമാനത്താവളവും അദാനി കൊണ്ടുപോയെന്ന് വിതുമ്പിക്കരയുന്ന എന്റെ ഇടതു സുഹൃത്തുക്കളോട് ഒരു കതൈ സൊല്ലട്ടുമാ,

2015 ഓഗസ്റ്റ് 17 ന് ആണ് അന്നത്തെ യു.ഡി.എഫ് സർക്കാരിന്റെ നേതൃത്വത്തിൽ അദാനിയുമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിന്റെ കരാർ ഒപ്പുവയ്ക്കപ്പെടുന്നത്. 2015 ഡിസംബർ 5 ന് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. കേരളത്തിന്റെ ഏറ്റവും വലിയ വികസന സ്വപ്നത്തിന് തുടക്കം കുറിച്ചുകൊണ്ട് കടലിൽ കല്ലിട്ടതുകൊണ്ടാണോ എന്തോ പദ്ധതി തുടങ്ങി നാലുമാസത്തിനുശേഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മുന്നണി പിടലിയും കുത്തി വീണു!

വിഴിഞ്ഞം കരാറിനെതിരെ വമ്പിച്ച അഴിമതി ആരോപണമാണ് പദ്ധതിയ്ക്ക് യു.ഡി.എഫ് സർക്കാർ പച്ചക്കൊടി കാണിച്ചതുമുതൽ അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയും ഇന്നത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുമുന്നണിയിൽ നിന്ന് ഉണ്ടായത്. അന്ന് പിണറായി വിജയൻ വിഴിഞ്ഞം പദ്ധതിയ്ക്കെതിരെ 6000 കോടിയുടെ അഴിമതി ആരോപണമാണ് ഉന്നയിച്ചത്. തങ്ങൾ അധികാരത്തിൽ വന്നാൽ വിഴിഞ്ഞം കരാറിൽ സമൂലമായ മാറ്റങ്ങൾ കൊണ്ടുവരും എന്നത് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു. എന്നാൽ ഒരു പുല്ലും സംഭവിച്ചില്ല, പദ്ധതി തുടങ്ങി നാലുമാസത്തിനകം അധികാരത്തിൽ വന്ന പിണറായി വിജയൻ സർക്കാർ വിഴിഞ്ഞം പദ്ധതിയെ അതുപോലെ നിലനിർത്തി. യു.ഡി.എഫ് സർക്കാരിന്റെ കരാർ എൽ.ഡി.എഫ് സർക്കാർ അതേപടി പിന്തുടരേണ്ട ആവശ്യമില്ലെന്ന് വി.എസ്‌ അച്യുതാനന്ദൻ അടക്കമുള്ള ഇടതുനേതാക്കൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും “വിഴിഞ്ഞം പദ്ധതിയെ നിർത്തി വയ്ക്കാമെന്ന് ആരും വ്യാമോഹിക്കണ്ട” എന്നുള്ള ആജ്ഞാപനങ്ങളുമായി പദ്ധതിക്കെതിരെ ആദ്യം 6000 കോടിയുടെ അഴിമതി പ്രഖ്യാപിച്ച മാർക്സിസ്റ്റു പാർട്ടി നേതാവായ മന്ത്രിമുഖ്യൻ തന്നെ ചട്ടി കമിഴ്ത്തി.

തൊട്ടുപിന്നാലെ അദാനിയുമായി യു.ഡി.എഫ് സർക്കാരുണ്ടാക്കിയ കരാർ വ്യവസ്ഥകൾ പരിശോദിച്ച സി.എ.ജി, കരാറിൽ വമ്പിച്ച ക്രമക്കേടുകൾ കണ്ടെത്തി ഇടതുസർക്കാരിന് റിപ്പോർട്ട് കൊടുത്തു. ഇതിനേത്തുടർന്നുണ്ടായ രാഷ്ട്രീയ സമ്മർദ്ധത്തെ തുടർന്ന് 2017 ജൂലൈ 18 ന് ഇടതുസർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് കമ്മീഷനെ ചുമതലപ്പെടുത്തി. ആറുമാസത്തെ കാലയളവു നൽകി ചുമതലപ്പെടുത്തിയ ജുഡീഷ്യൽ കമ്മീഷന് അന്വേഷണത്തിനു വേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ സർക്കാർ തയ്യാറാകാത്തതിനെത്തുടർന്ന് നാലു മാസത്തോളം കമ്മിഷൻ കൈയ്യും കെട്ടി വീട്ടിലിരുന്നു. തുടർന്ന് ഹൈക്കോടതിയിൽ നിന്ന് സർക്കാരിനെതിരെ പള്ളുവിളി വന്നപ്പോഴാണ് സർക്കാർ കമ്മിഷനെ അനങ്ങാൻ സമ്മതിച്ചത്. കമ്മിഷൻ അന്വേഷണം തുടങ്ങിയപ്പോഴായിരുന്നു‌ കോമഡി സംഭവിച്ചത്, പദ്ധതിയ്ക്കെതിരെ അഴിമതിയാരോപണം നടത്തിയ ഒറ്റൊരു മനുഷ്യനും തെളിവു നൽകാൻ എത്തിയില്ല. 6000 കോടിയുടെ അഴിമതിയാരോപണം ഉന്നയിച്ച എക്സ് പാർട്ടി സെക്രട്ടറിയും വായിൽ പഴവുമായി സെക്രട്ടറിയേറ്റിന്റെ മെയിൻ ബ്ലോക്കിൽ ഞെളിഞ്ഞിരുന്നു. യു.ഡി.എഫിനെതിരെ വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ തെരഞ്ഞെടുപ്പ് കാലത്ത് തുരുതുരേ വാളെടുത്ത എൽ.ഡി.എഫിലെ ഒരു കക്ഷിക്കാരും കമ്മിഷനു മുന്നിൽ തെളിവുകൊടുക്കാനെത്തിയില്ല. ആകെ ഹാജരായ രാഷ്ട്രീയപ്പാർട്ടി പ്രതിനിധിയെന്നത് ആം ആദ്മിയിലെ സി.ആർ നീലകണ്ഠൻ ആയിരുന്നു. പിന്നെ ജോസഫ് വിജയൻ മാഷും ഞാനുമടക്കമുള്ള കുറച്ചു കടൽപരിസ്ഥിതി പ്രവർത്തകരും ഉണ്ടായിരുന്നു.
ഒടുവിൽ ഉമ്മൻ ചാണ്ടിക്കും യു.ഡി.എഫ് സർക്കാരിനും ക്ലീൻ ചിറ്റ് നൽകിക്കൊണ്ട് ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടു, അങ്ങനെ എൽ.ഡി.എഫ്-യു.ഡി.എഫ് ഭായി ഭായി ആയി തോളിൽ കയ്യിട്ടുകൊണ്ട് മടിയിൽ കിട്ടിയ കനത്തിന്റെ മഞ്ഞളിപ്പുമായി ചായ കുടിച്ചു പിരിയുകയാണുണ്ടായത്.

ജനക്ഷേമവും കോർപ്പറേറ്റു വിരുദ്ധതയുമായിരുന്നു ഇടതുസർക്കാർ ലക്ഷ്യമെങ്കിൽ വിഴിഞ്ഞം കരാർ ഒപ്പിട്ട യു.ഡി.എഫ് സർക്കാർ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തോ എന്ന് “കേരള കമ്മ്യൂണിസ്റ്റു പാർട്ടി”യുടെ ദൈവമായ പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽ.ഡി.എഫ് സർക്കാരിന് അന്വേഷിക്കാമായിരുന്നു, അതു ചെയ്തില്ല! വിഴിഞ്ഞം കരാറിന്റെ പേരിൽ യു.ഡി.എഫ് സർക്കാരോ ഉമ്മൻ ചാണ്ടിയോ ചട്ടവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അഴിമതി നിരോധന നിയമത്തിന്റെ 13(1) (D) വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം നടത്തി കുറ്റക്കാരെ പുറത്തുകൊണ്ടുവരാമായിരുന്നു, അതു ചെയ്തില്ല! സി.ബി.ഐ അന്വേഷണം ആകാമായിരുന്നു, അതും ചെയ്തില്ല. എല്ലാം പോട്ടെ, കേരളത്തി‌ന്റെ സമ്പദ് വ്യവസ്ഥയ്ക്കും കേരള സർക്കാരിനും വിഴിഞ്ഞം പദ്ധതിയിലൂടെ ഭാരിച്ച‌ നഷ്ടമു‌ണ്ടാകുമെന്ന് പറഞ്ഞു‌ പുറത്തുവന്ന സി.എ.ജി റിപ്പോർട്ട് മുഖവിലയ്ക്കെടുത്തെങ്കിലും വിഴിഞ്ഞം വികസന ദുരന്തത്തിനെതിരെ പിണറായി സർക്കാരിന് ചെറുവിരലനക്കാമായിരുന്നു. എന്നാൽ സംഭവിച്ചത് നേരെ മറിച്ചായിരുന്നു.

വിഴിഞ്ഞം പദ്ധതിയ്ക്കായി 50 ഹെക്ടർ കടൽഭൂമി മണ്ണിട്ടു നികത്തേണ്ടി വരും എന്നതും, 80 ലക്ഷം ടൺ കരിങ്കല്ല് കടലിലിടാൻ വേണമെന്നതും, അതിനായി പശ്ചിമഘട്ടത്തെ മുഴുവനായി ഇടിച്ചു നിരത്തി കടലിൽ കൊണ്ടിടേണ്ടിവരും എന്നതും, അങ്ങനെ ചെയ്താൽ കടൽ എന്ന പ്രകൃതിവിഭവത്തെ ആശ്രയിച്ച് ജീവിതം ചിട്ടപ്പെടുത്തിയ തദ്ദേശിയരായ മനുഷ്യരുടെ മനുഷ്യാവകാശങ്ങൾക്കെതിരായ കൊള്ളിവയ്പ്പായിരിക്കുമെന്നതുമൊന്നും സിപിഎമ്മിന്റെയോ ഇടതുപക്ഷത്തിന്റെയോ പരിസ്ഥിതി ബോധത്തിന്റെയും മൗലികാവകാശബോധത്തിന്റെയും പരിധിയിൽ വന്നില്ല.( വല്ല ആമസോൺ കാട്ടു തീയുമായിരുന്നെങ്കിൽ ദില്ലിയിൽ പോയി പ്രതിഷേധിക്കാമായിരുന്നു!!). .മാത്രവുമല്ല, അദാനി ചോദിച്ചപ്പോൾ ചോദിച്ചപ്പോൾ ഇഷ്ടംപോലെ സമയവും നീട്ടി നൽകി, ഭൂമിക്കു പുറമേ ആവശ്യാനുസരണം ജനങ്ങളുടെ നികുതിപ്പണവും വായ്പ കൊടുത്ത്, ഇന്നലെ അദാനിക്ക് വിമാനത്താവളം കൊടുക്കരുതെന്നു പറഞ്ഞ് നരേന്ദ്രമോദിക്ക് കത്തയച്ച പിണറായി സഖാവ് അദാനിയെ തിരുവനന്തപുരത്തിട്ട് ഊട്ടി വലുതാക്കി.

ശേഷം സ്ക്രീനിൽ നിങ്ങൾ തന്നെ കാണുക..!!

https://www.facebook.com/VipinDasThottathil03/posts/1446153162233393