അപൂര്‍വങ്ങളില്‍ അപൂര്‍വ പ്രതിഭാസം: ചുഴലിക്കാറ്റുകള്‍ ‘അപഥസഞ്ചാരത്തില്‍’

Gambinos Ad

കാലാവസ്ഥാ വ്യതിയാനം ചുഴലിക്കാറ്റുകളുടെ സഞ്ചാരഗതി മാറ്റുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായി നടക്കുന്ന പ്രതിഭാസമായാണ് കാലാവസ്ഥ നിരീക്ഷകര്‍ ഇതിനെ കാണുന്നത്. ഒരു കടലില്‍നിന്നും ന്യൂനമര്‍ദ്ദമായി ഉത്ഭവിച്ച് ചുഴലിക്കാറ്റായി പരിണമിച്ച് അതില്‍ തന്നെ നിര്‍വീര്യമാവുന്ന സാധാരണ ഗതിക്ക് പകരം പുതിയ സാഹചര്യത്തില്‍ ‘അപഥസഞ്ചാര’മാണ് നടക്കുന്നതെന്ന് മാധ്യമം റിപ്പോര്‍ട്ട ചെയ്യുന്നു. ഒരു കടലില്‍ നിന്നും മറ്റൊരു കടലിലേക്കും കടലില്‍ നിന്നും കരയിലേക്കും പിന്നീട് മറ്റൊരു കടലിലേക്കും പ്രവേശിക്കുന്ന പ്രവണതയാണ് അടുത്തിടെ കണ്ടത്. കടലില്‍ നിന്നും കരയില്‍ എത്തിയാല്‍ പൊതുവെ ഇല്ലാതാവുകയെന്ന പതിവ് തെറ്റിച്ചാണ് ഗജ സഞ്ചരിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഈ പ്രതിഭാസം അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല.

Gambinos Ad

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദമായി തുടങ്ങി തമിഴ്‌നാട്ടില്‍ ആഞ്ഞുവീശി പിന്നീട് കരയിലേക്ക് പശ്ചിമഘട്ടം വഴിയായിരുന്നു ഗജയുടെ സഞ്ചാരം. ശേഷം ആലപ്പുഴ, എറണാകുളം വഴി കരയിലൂടെ സഞ്ചരിച്ച് അറബിക്കടലില്‍ പ്രവേശിച്ചു. നിലവില്‍ ലക്ഷദ്വീപ് സമൂഹത്തില്‍ നിലയുറപ്പിച്ച ഗജ വടക്ക്-പടിഞ്ഞാറ് നീങ്ങി പശ്ചിമേഷ്യയിലേക്ക് സഞ്ചരിക്കും. കനത്ത പ്രഹരമൊന്നും ഇനിയുണ്ടാവാനിടയില്ല. എന്നാല്‍ ഈ സഞ്ചാരപഥം അപൂര്‍വമാണ്. 2015 നവംബര്‍ 30ന് രൂപപ്പെട്ട ഓഖി ഒരു കടലില്‍ നിന്നും മറ്റൊരു കടലിലേക്ക് സഞ്ചരിച്ചതും അപൂര്‍വതയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തുടങ്ങി അറബിക്കടലിന്റെ തെക്കേ മുനമ്പില്‍ പ്രവേശിച്ചാണ് ലക്ഷദ്വീപിലും കേരളത്തിലും ഓഖി ആഞ്ഞുവീശിയത്. ഇരു കടലുകളിലായി 2500 കിലോമീറ്ററില്‍ അധികം സഞ്ചരിച്ച് ഒടുവില്‍ ഗുജറാത്ത് തീരത്ത് നിര്‍വീര്യമായി. ഒരേസമയം രണ്ട് കടലുകളില്‍ ന്യൂനമര്‍ദ്ദം ഉണ്ടായതും കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രകടോദാഹരണമാണ്.

കഴിഞ്ഞമാസം അറബിക്കടലില്‍ ലുബാനും ബംഗാള്‍ ഉള്‍ക്കടലില്‍ തിത്‌ലിയും ഒരോ സമയത്താണ് ഉത്ഭവിച്ചത്. എന്നാല്‍ ഇവ രണ്ടും കൂടുതല്‍ തീവ്രത പ്രാപിച്ചില്ല. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി ചുഴലിക്കാറ്റിന്റെ സ്വഭാവം മാറുന്നതാണ് പ്രശ്‌നം. ചുഴലിക്കാറ്റിന്റെ ശക്തി, വേഗം, വലുപ്പം എന്നിവയില്‍ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് കാലാവസ്ഥ ഗവേഷകന്‍ ഡോ.സി.എസ്. ഗോപകുമാര്‍ ചൂണ്ടിക്കാട്ടി. ന്യൂനമര്‍ദ്ദത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നിന്നും ചുഴലിക്കാറ്റായി മാറുന്നതിന് സമുദ്രോപരിതലത്തിലെ താപനില പ്രധാന ഘടകമാണ്. കരയില്‍ വലിയ ഭൂപ്രദേശങ്ങളിലൂടെ സഞ്ചരിക്കുേമ്പാള്‍ ഊര്‍ജ്ജ നഷ്ടമുണ്ടാവും. എന്നാല്‍ കാറ്റ് അതിവേഗത്തില്‍ വീണ്ടും അനുകൂലമായ കടല്‍ സാഹചര്യത്തിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. അതിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെട്ടു വരുന്നുണ്ട്.