പരിയാരത്ത് കോവിഡ് രോഗികളെ കൊല്ലുന്നു; മെഡിക്കല്‍ കോളജിലെ കോവിഡ് ചികിത്സയ്‌ക്ക് എതിരെ രോഗി രംഗത്ത്

പരിയാരം മെഡിക്കല്‍ കോളേജിലെ കോവിഡ് ചികിത്സയ്‌ക്കെതിരെ രോഗി രംഗത്ത്; മനുഷ്യരെ കൊല്ലാന്‍ ആശുപത്രി കൂട്ടുനില്‍ക്കുന്നുവെന്ന് ആരോപണം.

പരിയാരം മെഡിക്കല്‍ കോളേജിലെ കൊവിഡ് ചികിത്സയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ത്തി രോഗബാധിതന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. കണ്ണൂര്‍ കുറ്റിയാട്ടൂര്‍ സ്വദേശിയായ ഷാജിയാണ് മെഡിക്കല്‍ കോളേജിലെ കൊവിഡ് ചികിത്സയെക്കുറിച്ച് എഴുതിയത്.

കൊവിഡ് പോസിറ്റീവ് ആയ ഷാജിയെ രണ്ടു ദിവസം മുമ്പാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. 30 പേരടങ്ങുന്ന അതിതീവ്ര കൊവിഡ് വാര്‍ഡിലായിരുന്നു പ്രവേശിക്കപ്പെട്ടത്. കണ്‍മുന്നില്‍ വച്ച് അഞ്ചിലധികം പേര്‍ മരിക്കുന്നതും കാണാനിടയായെന്നും ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. രണ്ട് സ്റ്റാഫ് മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും, ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ല എന്ന് പറഞ്ഞതായും ഷാജി പങ്കുവെച്ചു. കൈകാലുകള്‍ ബന്ധിച്ച് മരണത്തിന് കീഴ്‌പ്പെടുത്തുകയാണെന്ന് അദ്ദേഹം പറയുന്നു. ഫോണ്‍ നമ്പര്‍ അടക്കം ഉള്‍പ്പെടുത്തിയാണ് ഷാജിയുടെ പോസ്റ്റ്.

രാഷ്ട്രീയ പാര്‍ട്ടികളെയോ, സര്‍ക്കാരിനെയോ കുറ്റപ്പെടുത്താനല്ല പോസ്‌റ്റെന്നും, ശരിയായ ചികിത്സ ലഭ്യമാകാതെ രോഗികകള്‍ മരിക്കാതിരിക്കാനാണ് ഇതെന്നും പ്രവാസിയായിരുന്ന ഷാജി പറയുന്നു. പിന്നീട് ഷാജി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.