പൗരത്വം പുനർനിർവചനം; കോവിഡ് പ്രളയകാലത്ത് പുനർവായന

ചാക്യാർ പെരിന്തൽമണ്ണ

ഇന്ന് രാജ്യത്ത് പ്രധാന ചർച്ചാവിഷയമാണല്ലോ പൗരത്വം എന്നത്. 1947ൽ ഇന്ത്യ സ്വതന്ത്ര രാജ്യമായി മാറിയതോടെ നിലവിൽ ഇന്ത്യയിൽ താമസമുള്ള എല്ലാവരും (ജാതിമത ഭേതമന്യേ ) ഇവിടുത്തെ പൗരൻമാരായി കണക്കാകുന്നതായിരുന്നു 1949 നവംബർ 26ന് സ്വീകരിക്കപ്പെടുകയും 1950 ജനുവരി 26 ന് പ്രാഭല്യത്തിൽ വരികയും ചെയ്യ്ത ജനാധിപത്യ റിപ്പബ്ലിക്ക് രാഷ്ട്രമായ നമ്മുടെ രാജ്യത്തെ പൗരത്വത്തിന്റെ അടിസ്ഥാനരേഖ.

ദൗർഭാഗ്യകരമെന്ന് പറയാം – നാളിതുവരെ രാജ്യത്തെ പൗരൻമാരുടെ വ്യക്തമായ പട്ടിക തയ്യാറാക്കാനൊ പൗരൻ എന്ന നിലയിൽ തിരിച്ചറിയുന്നതിലേക്കുള്ള രേഖയൊ മാറി മാറി ഭരിച്ച ഭരണകൂടങ്ങൾ നടപ്പിലാക്കുകയുണ്ടായില്ല.

സ്വാതന്ത്ര്യലബ്ധിയോടെ വിഭജിക്കപ്പെട്ട ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നി രാജ്യങ്ങളിൽ ഉണ്ടായിരുന്നവർക്ക് ജനാധിപത്യ ഇന്ത്യയിലേക്ക് വരാന്നും ഇവിടെ കഴിയുവാനും, ഇവിടെ നിന്ന് – മത രാഷ്ട്രമായി മാറിയ പാകിസ്ഥാനിലേക്കും ബംഗ്ലാദേശിലേക്കും പോകേണ്ടവർക്ക് അതിനും ആകാമായിരുന്നു. ഈ ജനപ്രവാഹം രണ്ടിടങ്ങളിലേക്കും ധാരാളമായി ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. മതവെറി പൂണ്ടവർ ഇത്തരം അഭയാർത്ഥികളെ കൂട്ടക്കൊലകൾ ചെയ്ത സംഭവങ്ങളും ചരിത്രത്തിന്റെ ഭാഗമാണ്.

ജനാധിപത്യ രാഷ്ട്രമായ ഭാരതത്തിൽ രാഷ്ട്രീയക്കാരുടെ കട്ടുമുടിക്കൽ ഉണ്ടായിട്ടു പോലും സമൂഹ വ്യവസ്ഥയും, മെച്ചപ്പെട്ട ജീവിത സാഹചര്യവും വികസിച്ച് വന്നപ്പോൾ അയൽരാജ്യങ്ങളിലെ മതാധിഷ്ടിത ഭരണകൂടങ്ങൾ പൊതുജന ജീവിതം ദു:സ്സഹമാക്കി കൊണ്ടിരുന്നു. സ്വാഭാവികമായും മെച്ചപ്പെട്ട ജീവിതം ആഗ്രഹിച്ചവർ നമ്മുടെ രാജ്യത്തിലേക്ക് അനധികൃതമായി വരാൻ കാരണമാവുകയും ഇവിടെ എത്തിയവർ സാധാരണ ജനങ്ങൾക്കൊപ്പം ജീവിക്കുകയും ചെയ്തു.

കൂട്ടായ പ്രവർത്തനത്താൽ രാജ്യത്ത് സമ്പത്ത് ഉണ്ടാവുകയും ക്ഷേമം വരികയും ചെയ്യുന്നതോടെ മികച്ച ജീവിത നിലവാരത്തിലുള്ള പൊതു സമൂഹം ഉണ്ടാവുന്നു. ഭരണാധിപരുടെ വികലമായ പരിഷ്കാരങ്ങളാൽ, പ്രാദേശിക താത്പര്യങ്ങളാൽ, സ്വാർത്ഥയാൽ സമൂഹത്തിന്റെ വികസനം വഴിമുട്ടി, സാമ്പത്തിക അടിത്തറ ഇല്ലാതായാൽ – രൂക്ഷമായ തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും, നിമിഷംപ്രതി വളർന്നു വരുന്ന വലിയ സാമ്പത്തിക അസമത്വം സമൂഹത്തെ അരാജകത്വത്തിലേക്ക് തള്ളിവിടുന്നു. കൈക്കൂലിയും, സ്വജനപക്ഷപാതവും രാഷ്ട്രീയത്തിലും പൊതുജന സേവകരെന്ന സർക്കർ ജീവനക്കാരിലും ഭയാനകമായ രീതിയിൽ വളരുന്നതോടെ, സർക്കാർ പൊതുജന സേവന മേഖലയിലെ വിശ്വാസം പടിപടിയായി സമൂഹത്തിന് നഷ്ടപ്പെടുന്നു. ഭരണതലത്തിലും, നീതി, ന്യായ നടത്തിപ്പിലും സ്വാധീനങ്ങളുടെ കൈകടത്തലുകൾ – നേരിന്റെ, നന്മയുടെ, വിശ്വാസത്തിന്റെ ആധാരശിലകൾ നശിപ്പിക്കുന്നു.
ധനം ഉണ്ടെങ്കിൽ രാജ്യത്ത് എന്തും സാദ്ധ്യമാണ് എന്ന തികച്ചും അപലപനീയമായ രീതിയിൽ സമൂഹത്തിന്റെ മനഃസ്ഥിതി മാറിയിരിക്കുന്നു. പിടിച്ചുപറിച്ചും, കട്ടും, കൊന്നും എന്തും സ്വന്തമാക്കാമെന്ന ധാരണയിലാണ് ഇന്ന് മനുഷ്യർ.
സാമ്പത്തിക അസമത്വം വർദ്ധിച്ച് വന്നതോടെ ബഹുഭൂരിപക്ഷമായ സാധാരണക്കാരായ ജനങ്ങളുടെ നിത്യജീവിതം വഴിമുട്ടുമ്പോൾ ചിലർ നിരാശരായി ആത്മഹത്യയിലേക്കും, മനോനില തകർന്ന് രോഗിയുമാവാം.

ചിലരാകട്ടെ പിടിച്ചുപറിയും കൊള്ളയും മറ്റ് അസന്മാർഗികതയിലേക്കും തിരിയുന്നു. നിലവിൽ മെച്ചപ്പെട്ട ജീവിതരീതിയിൽ കഴിഞ്ഞിരുന്നവർ മുമ്പ് മിച്ചം പിടിച്ചതു കൊണ്ടു പരിമിതമായ ജീവിതത്തിലേക്ക് ഒതുങ്ങുന്നു. സർക്കാർ ജീവനക്കാരുടെയും മറ്റ് സ്വകാര്യമേഖലയിലെ ജീവനക്കാരും സംഘടനാബലത്തോടെ കാലാകാലങ്ങളിൽ പരിഷ്കരിച്ച ശമ്പളം ലഭിക്കുന്നതിനാൽ സുരക്ഷിതരാകുന്നു. ഭരണകർത്താക്കൾ സമൂഹക്ഷേമം മുൻനിർത്തി നടപ്പിലാക്കുന്ന ക്ഷേമ പെൻഷൻ പോലുള്ള ആനുകൂല്യങ്ങൾ അനർഹമായതാണെങ്കിലും സ്വീകരിക്കുക എന്നത് നമ്മുടെ സമൂഹത്തിന്റെ ശൈലിയാണ്.

കുടിയേറി വന്നവർ പലരും നല്ല രീതിയിൽ അവർക്കാവുന്ന തൊഴിൽ ചെയ്ത് ജീവിക്കുമെങ്കിലും, അലസരും സുഖലോലുപരുമായ ഇവിടുത്തെ സമൂഹത്തിൽ കുത്തഴിഞ്ഞ നിയമ നീതിന്യായ വ്യവസ്ഥയുടെ ജീർണത മുതലെടുത്ത് പണം ഉണ്ടാക്കാൻ ലഹരിവിപണനം, കൊള്ളയും കൊലയും തിരഞ്ഞെടുക്കുമ്പോൾ – അഭയാർത്ഥികൾ എല്ലാം കുറ്റവാളികൾ എന്ന സാമാന്യവത്കരണത്തിന് പെട്ടെന്ന് കാരണമാവുന്നു.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളായ നാഗലാന്റ്, ആസാം മിസോറാം തുടങ്ങിയവിടങ്ങളിൽ ബംഗ്ലാദേശിൽ നിന്നും മ്യാൻമറിൽ നിന്നും കാലങ്ങളായി കുടിയേറ്റക്കാർ ഉണ്ടായിട്ടുണ്ട്. ഭരണതലത്തിൽ സുരക്ഷിതമായ രാജ്യാതിർത്തി എന്നത് ഇന്ത്യക്ക് എപ്പോഴും വലിയ പ്രശ്നമാണ്. പാകിസ്ഥാൻ, ചൈന, ബംഗ്ലാദേശ്, മ്യാൻമർ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്ന് കുടിയേറ്റവും, അതിക്രമവും, തീവ്രവാദികളുടെ ഭീഷണിയും ചെറുതല്ല.

നാഗലാന്റ് പോലുള്ള സംസ്ഥാനങ്ങളുടെ ശക്തമായ പ്രാദേശികവത്കരണത്തിന്റെ ഭാഗമായി മറ്റിടങ്ങളിടെ ആളുകൾക്ക് അവിടെ താങ്ങാനൊ ജോലി ചെയ്യാനൊ, വസ്തുവകകൾ സ്വന്തമാക്കാനൊ പറ്റില്ല. അത്തരം പ്രത്യേക അധികാരം ( നിയമം) അവിടെ പ്രാബല്യത്തിലുണ്ട്. ഇന്ത്യൻ ഭരണഘടന പൗരന് ഇന്ത്യയിലെവിടെയും സഞ്ചരിക്കാനും, തൊഴിൽ ചെയ്യാനും മറ്റും സ്വാതന്ത്യം നൽകുന്നുണ്ടെങ്കിലും ഇത്തരം പ്രത്യേക നിയമമുള്ള സംസ്ഥാനങ്ങളിൽ അവിടത്തെ പ്രാദേശിക ഭരണകൂടത്തിന്റെ മുൻകൂർ അനുമതിയില്ലാതെ പ്രവേശിക്കാനാവില്ല. പ്രവേശനത്തിന് അപേക്ഷിക്കുമ്പോൾ തന്നെ ഉദ്ദേശം, എത്രനാളത്തേക്ക് എന്നീ കാര്യങ്ങൾ വ്യക്തമാക്കിയിരിക്കണം. അനുവദിച്ച കാലാവധിക്ക് ശേഷം അവിടെ തങ്ങുന്നത് നിയമലംഘനം ആയി കണക്കാക്കുകയും ശിക്ഷ / പിഴ എന്നിവ ഉണ്ടാവുകയും ചെയ്യും.

അസം കാലങ്ങളായി ഈ തരത്തിൽ അനധികൃത കുടിയേറ്റക്കാരാൽ പ്രയാസപ്പെടുന്ന സംസ്ഥാനമാണ്. മുൻ കാലങ്ങളിലെ സർക്കാരുകൾ ഇവിടുത്തെ സ്വദേശികളെ തിരിച്ചറിയാനായി ഒരു പൗരത്വ പട്ടിക ഉണ്ടാക്കാൻ പലതവണ പരിശ്രമിച്ചു പരാജയപ്പെടുകയോ, ഗത്യന്തരമില്ലാതെ ഉപേക്ഷിക്കയൊ ചെയ്യേണ്ടി വന്നിട്ടുണ്ട്. ഇങ്ങനെ തുടരുന്ന അവസ്ഥയിൽ രാജ്യത്തെ പരമോന്നത നീതിപീഠം നിർണായകമായ വിധിയിലൂടെ സമയപരിധി നിശ്ചയിച്ച് പൗരത്വ പട്ടിക ഉണ്ടാക്കാൻ ഉത്തരവിട്ടതിനാൽ ഭരണകൂടം അത് നിർവ്വഹിച്ചു. പക്ഷെ തദ്ദേശിയരായ വലിയ വിഭാഗം ജനത്തിന് ഭരണകൂടം ആവശ്യപ്പെട്ട രീതിയിലുള്ള രേഖകൾ (അത്തരം രേഖകൾ നൽകാൻ ഉത്തരവാദിത്വപ്പെട്ട ഭരണകൂടം ബാദ്ധ്യസ്ഥരാണ്) ഹാജരാക്കാനായില്ല. ഏകദേശം 19 ലക്ഷത്തിലധികം പേർ ഇത്തരത്തിൽ പൗരത്വം കിട്ടാതെ പട്ടികയിൽ നിന്ന് പുറത്തായി. അതിൽ 14 ലക്ഷത്തിലധികം വരുന്ന ഒരു വിഭാഗത്തെ സംരക്ഷിക്കുക എന്ന ഭരണകൂട വക്രബുദ്ധിയുടെ ഫലമാണ് 2019 ഡിസംബറിൽ നിയമമായി മാറ്റപ്പെട്ട പൗരത്വ ഭേദഗതി നിയമം ( CAA ).

പൗരത്വം എന്നതിന് യോഗ്യത ഒരു നിശ്ചിത മതം ആയി ചുരുക്കപ്പെട്ടു എന്നതാണ് CAAയുടെ വികലത. 1947ന് സ്വതന്ത്ര രാജ്യങ്ങളായി മാറിയതിന് ശേഷം ഇപ്പോൾ ഇന്ത്യയിൽ വർഗ്ഗീയ പാർട്ടി അധികാരത്തിലേറിയപ്പോൾ അയൽ രാജ്യങ്ങളിലെ സ്വന്തം മതവിശ്വാസികളുടെ സംരക്ഷണം ഏറ്റെടുക്കുക എന്ന വിചിത്രമായ വാദമാണിതിന് ആധാരം. ഭരിക്കുന്ന രാജ്യത്തെ ക്ഷേമവും, അവിടത്തെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനുതകുന്ന പരിഷ്കാരവും കൊണ്ടുവരുന്നതിന് പകരമായാൽ രാജ്യത്തിന്റെ ആഭ്യന്തര വിഷയത്തിലേക്ക് തലയിടുന്ന വങ്കത്വം.
രാജ്യത്തേക്ക് അനധികൃതമായി കുടിയേറ്റക്കാർ വരാതിരിക്കാൻ അതിർത്തി സുരക്ഷിതമാക്കുക, അതിക്രമിച്ച് കയറിയവരെ – സമൂഹത്തിന് ദോഷകരമെങ്കിൽ നിയമപരമായ രീതിയിൽ നടപടി എടുക്കുന്നതിന് പകരം ഭരണ അധികാരം ഉപയോഗിച്ച് അടിച്ചമർത്തുന്നതും പാർട്ടി അനുഭാവികളെ കൊണ്ട് പ്രാകൃതമായ രീതിയിൽ ആക്രമിച്ച് ഇല്ലാതാക്കുന്നതും ശരിയല്ല.

രാജ്യത്തെ ഭരണ വൈകൃതങ്ങൾ ചോദ്യം ചെയ്യപ്പെടുന്നിടങ്ങൾ സേനയെ ഉപയോഗിച്ച് അടിച്ചൊതുക്കുന്നതും വാർത്താമാധ്യമങ്ങളെ സ്വാധീനിച്ചും, നിയന്ത്രിച്ചും നിയമത്തിന്റെ ദുരുപയോഗം പരിഷ്കൃത ജനാധിപത്യ സമൂഹത്തിന് ചേർന്നതല്ല.

– – – – – – – – – – –
PAN card
Pasport
Aadhar card
Election lD card
സ്കൂൾ സർട്ടിഫിക്കറ്റുകൾ

തുടങ്ങിയവ പൗരത്വം തെളിയിക്കാനുള്ള രേഖയല്ല.

1971-72 കാലത്ത് ഭൂമി കൈവശം വെയ്ക്കുന്നതിനായി കിട്ടിയ ആധാരം,
പഴയ കാലത്തെ ജനന സർട്ടിഫിക്കറ്റ് എന്നിവ അടിസ്ഥാനമാക്കി പൗരത്വം തെളിയിക്കൽ അപ്രായോഗികമാണ്. എന്തെന്നാൽ അന്ന് അത്തരം രേഖകൾ സർക്കാർ എല്ലാ ജനത്തിനും നൽകിയിട്ടില്ല. വളരെ കുറച്ച് പേർ മാത്രമാണ് ഭൂ ഉടമകളായി ഉണ്ടായിരുന്നുള്ളു. ഈ അടുത്ത കാലത്താണ് സർക്കാർ ആശുപത്രികളിലെ ജനനം പോലും ആധികാരികമായി രേഖപ്പെടുത്തി സർട്ടിഫിക്കറ്റ് നൽകി തുടങ്ങിയിട്ടുള്ളു. അതു കൊണ്ട് തന്നെ ഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക് ഇത് ഹാജരാക്കാനാവില്ല.

രാജ്യത്ത് – ഇപ്പോഴത്തെ പൗരത്വ നിയമത്തിന്റെ ബലത്തിൽ ജനിച്ച മതത്തിന്റെ പേരിൽ പൗരൻമാരാണെന്ന് അഹങ്കരിച്ച് ഈ വികല നിയമത്തെ അനുകൂലിക്കുന്ന വലിയ വിഭാഗം ജനങ്ങളുണ്ട്.
പലർക്കും പൗരത്വം തെളിയിക്കാൻ വില്ലേജാഫീസിൽ നിന്ന് ജാതി സാക്ഷ്യപത്രം വാങ്ങിവെയ്ക്കേണ്ടി വരും. പഴയ കാലത്ത് വ്യക്തിഗത രേഖകൾക്ക് പ്രാമുഖ്യം ഇല്ലാതിരുന്നതിനാൽ (ഭരണകൂട നിബന്ധനയില്ലാതിരുന്നതിനാൽ) പഠനം /ജോലി ആവശ്യത്തിനും മറ്റുമായി പുറത്ത് പോവുന്നവർ മാത്രമാണ് സർക്കാർ രേഖകൾ ഉണ്ടാക്കി ഉപയോഗിച്ചിരുന്നത്. പഴയ കാലത്ത് ഭൂമി, സ്വത്ത് കൈവശം ജന്മിമാർക്കും അവരിൽ നിന്ന് കുടിയാൻമാർക്കും ലഭിച്ചെങ്കിലും സ്ത്രികളുടെ പേരിൽ മാറ്റുക പതിവില്ലായിരുന്നു. വീട്ടമ്മമാരായി / കുടുംബിനിയായി കഴിഞ്ഞിരുന്ന ഭൂരിപക്ഷവും ജനിച്ച വീട്ടിലെ റേഷൻ കാർഡിൽ നിന്ന് പോലും വിവാഹ ശേഷം മാറ്റപ്പെട്ടിരുന്നില്ല. ചെറുപ്രായത്തിൽ പഠനത്തിനിടയിൽ വിവാഹം കഴിഞ്ഞവരും പഠനം തുടരാത്തതിനാലും സ്കൂൾ സർട്ടിഫിക്കറ്റുകളും ഉണ്ടാവില്ല. ഒരു രാജ്യത്ത് ജനനത്തിൽ യാതൊരു പങ്കുമില്ലാത്ത മത വിശ്വാസത്തിന്റെ പേരിൽ പൗരത്വം പുനർനിർണയിക്കപ്പെടുമ്പോൾ ആയത് (ജനിച്ച മതം ) തെളിയിക്കുന്ന രേഖകൾ വ്യാജമായി സൃഷ്ടിക്കപ്പെടാം. പണ്ട് സവർണ് അടിച്ചമർത്തലിൽ നിന്ന് രക്ഷപ്പെടാൻ മതം മാറിയവർ പൗരത്വത്തിനായി മതം മാറിയാൽ സർക്കാരിന് അത് തടയാൻ അടുത്ത പൗരത്വ ഭേദഗതി നിയമം കൊണ്ടുവരേണ്ടതായി വരും. നിലവിൽ മത പരിവർത്തനം – ഏതൊരു പൗരനും അവർ വിശ്വസിക്കുന്ന മതത്തിൽ കഴിയാനും ഇഷ്ടാനുസാരം മാറ്റാനും രാജ്യത്ത് അനുവാദമുണ്ട്.

“പൗരത്വത്തെ മതത്തിന്റെ തൊഴുത്തിൽ കെട്ടാൻ മുൻകൈയെടുത്ത്, അതിൽ വീരത്വം നടിക്കുന്നവർ – കുടത്തിലെ ഭൂതത്തെ തുറന്ന് വിട്ടിരിക്കയാണ്” സ്വയം വിനയാവുന്നത് വഴിയെ അനുഭവിക്കാം.

www.chakyar.com