ദൈവങ്ങളും മാനവിക സംസ്കാരത്തിന്‍റെ അടിയൊഴുക്കും

ചാക്യാർ പെരിന്തൽമണ്ണ

ലോകത്ത് ഇപ്പോൾ മാനവ സമൂഹങ്ങളുടെ കൂട്ടായ്മയിൽ പ്രഥമ പരിഗണന മതങ്ങൾക്കാണല്ലൊ. ഒരോ മതവിശ്വാസങ്ങൾക്കും അവയുടെ ദൈവങ്ങളും, അവരുടെ പ്രതിനിധികളും അവരുടേതായ രീതിയും വിശ്വാസ ആചാരങ്ങളും ഉണ്ട്. ഒരോ വിശ്വാസരീതികൾക്കും അവരുടെ രീതികൾ വിവരിക്കുന്ന ഒരു അടിസ്ഥാന ഗ്രന്ഥവും നിലവിലുണ്ടാവും.

പ്രാകൃതമനുഷ്യർ ലോകത്തിൻ്റെ ഏത് കോണിലായാലും പ്രകൃതിയായിരുന്നു തീറ്റി പോറ്റിയിരുന്നതും നിയന്ത്രിച്ചിരുന്നതും, ഭയപ്പെടുത്തിയിരുന്നതും. സ്വാഭാവികമായി എല്ലാ മാനവ സമൂഹങ്ങളിലും ആരാധനയും ദൈവ വിശ്വാസവും അടിസ്ഥാനമാക്കിയിരുന്നത് പ്രകൃതി ശക്തികളെയായിരുന്നു. ഏറെ പിന്നിട്ടപ്പോൾ ഒരോ പ്രദേശത്തും വികസിച്ച മാനവ സമൂഹങ്ങൾ അതാത് ഭൂഭാഗത്തെ അനുസരിച്ച് കൃഷിയും, കന്നുകാലി വളർത്തലും ആയി വികസിച്ചു. ചെറു ഗോത്രങ്ങൾ തമ്മിൽ ഭക്ഷണം, ഇണ തുടങ്ങിയവക്കായുള്ള യുദ്ധങ്ങൾ തുടങ്ങിയപ്പോൾ യുദ്ധദേവൻ – ദേവി എന്നിവയും വിശ്വാസത്തിൽ കൂടി.

1980-84 ഘട്ടത്തിലാണെന്ന് തോന്നുന്നു ഇടമറുകിൻ്റെ *”കൃഷ്ണനും ക്രിസ്തുവും ജീവിച്ചിരുന്നില്ല”* എന്ന പുസ്തകം വായിക്കാനിടയാത് – ഇവർ തമ്മിലുള്ള പല പല സാമ്യങ്ങൾ ഒരേ കഥയുടെ നൂലിൽ കോർത്ത വിവിധ നിറത്തിലുള്ള മുത്തുകളെ സ്മരിപ്പിച്ചതായി അന്ന് തോന്നിയിരുന്നു. പഠിച്ച ചരിത്രങ്ങളിലും ഭൗമശാസ്ത്രത്തിലും പൊരുത്തക്കേടുകൾ തോന്നി.

പ്രാകൃത ഗോത്രസമൂഹങ്ങളിൽ നിന്ന് വളരെ മികച്ച ഒരു ഭൗതികതലം തെളിയിക്കുന്നതാണ് വേദങ്ങളിൽ സൂചിപ്പിക്കുന്ന കാലഘട്ടം. പക്ഷെ അവയിൽ ഇന്ന് ആരാധിക്കുന്ന *പ്രമുഖ ദൈവങ്ങൾ* പൊടി പോലും കാണാനില്ല എന്നതിനാൽ പിൻനിരയിലേക്ക് തള്ളപ്പെട്ട അഗ്നിയും ഇന്ദ്രനും, വരുണന്നും മറ്റും ആയിരുന്നു ആ പ്രതാപകാലം വാണിരുന്നത് എന്നുറപ്പിക്കാം. പക്ഷെ അവയുടെ അധഃപതനവും തുടർന്നുള്ള ജൈന, ബൗദ്ധ വിശ്വാസങ്ങളുടെ കാലവും വലിയ മാറ്റം മാനവ സമൂഹത്തിന് ഉണ്ടാക്കി.

അക്രമവും കൊള്ളയും എന്ന ക്രൂരപ്രവൃത്തികൾ മറക്കപ്പെട്ടു, മയപ്പെട്ടു. വിദ്യാഭ്യാസത്തിനും സർഗാത്മക കലകൾക്കും പ്രാധാന്യം കൈവന്നു. നളന്ദയും തക്ഷശിലയും പോലുള്ള വിദ്യാപീഠങ്ങളിലേക്ക് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പഠിതാക്കൾ എത്തിയത് ആ കാലത്തെ ഉയർന്ന ബൗദ്ധിക ശ്രേഷ്ടതയായി കൂട്ടാം. പഠിക്കാനായി വന്നവർ പറഞ്ഞറിഞ്ഞും മറ്റും ആദ്യകാല ഭാരതത്തിൻ്റെ സുവർണ കാലത്തിൻ്റെ സമ്പന്നതയും വിദൂരസ്ഥലങ്ങളിൽ നിന്ന് ഇവിടം കൊള്ളയടിക്കാൻ വമ്പൻമാർ ഊഴം നോക്കി വന്നിരുന്നെങ്കിൽ ഇവിടുത്തെ അറിവ്, സമ്പത്ത് മറ്റുള്ളവരെ എത്രമേൽ ആകർഷിച്ചിരിക്കണം !?!

പഴയ കാല ബുദ്ധ തിരുശേഷിപ്പുകൾ ഈ അടുത്ത നൂറ്റാണ്ടിൽ മതതീവ്രവാദികൾ തകർക്കുന്നത് വരെ അറേബ്യൻ പ്രദേശങ്ങളിൽ നിലനിന്നിരുന്നത് നമുക്കറിയാം. സ്വാഭാവികമായി ആ സംസ്കാരങ്ങളിലും ഇത്തരം വിശ്വാസങ്ങൾ കയറി കൂടുമല്ലൊ. വൈദിക സംസ്കാരത്തിൻ്റെ സാരാംശങ്ങൾ ജൂത, ക്രൈസ്തവ, മുസ്ളിം വിശ്വാസങ്ങളിൽ കലർന്നതിൻ്റെ വിദൂര DNA ഇതിലൂടെ വേണമെങ്കിൽ വായിച്ചെടുക്കാം.

ഇന്ത്യയിലെ ദൈവങ്ങളുടെ ആവിർഭാവവും രൂപാന്തരവും ഇതിൽ രസാവഹമായി ചേർത്ത് വായിക്കാനാവും. വേദകാലഘട്ടത്തിൽ പ്രകൃതി ശക്തികളായ അഗ്നി, വായു, ജലം, ഭൂമി എന്നിവയായിരുന്നു ആരാധനാമൂർത്തികൾ. അന്നത്തെ അലയൊലികളായി പ്രളയം, മഹാപ്രളയം എന്നിവയും തീ തുപ്പുന്ന മലയും, മിന്നലും പഴയ വിശ്വാസങ്ങളിൽ പരക്കെ കാണാം.

പാശ്ചാത്യരും, പൗരസ്ത്യരും മറ്റ് വിവിധ സംസ്കാരങ്ങളിലെ ആളുകളും നമ്മുടെ പൂർവികരുമായി ബന്ധപ്പെട്ടിരുന്നു എന്നതിന് ഏറെ തെളിവുകൾ ഉണ്ടായിരുന്നു എന്നതിന് എൻ്റെ ഏച്ചുകെട്ട് വിവരണത്തിൻ്റെ ആവശ്യമില്ല.

ഈജിപ്ത്തിലെ ജനതയും, അറബ് സംസ്കാരവും പ്രാചീന ഭാരതവുമായി വാണിജ്യബന്ധത്തിന് തെളിവുകൾ ധാരാളമുണ്ട്. കിഴക്കൻ ഏഷ്യൻ രാജ്യങ്ങളും, ജപ്പാനും, ചൈനയും നമ്മുടെ പൂർവ്വികരുടെ ഉറ്റമിത്രങ്ങളായിരുന്നു. നാവിക ഗതാഗതം ആയിരുന്നു അവരെ കൂട്ടി ബന്ധിപ്പിച്ചിരുന്നത് എന്നത് – എപ്പോൾ വേണമെങ്കിലും മാർഗതടസമാകാമായിരുന്ന ഭൂപ്രദേശമായ കര ഭാഗത്തേക്കാൾ സമുദ്രയാത്രകൾ സൗകര്യപ്രദമായവർ തിരിച്ചറിഞ്ഞിരുന്നു എന്നതിൻ്റെ തെളിവാണ്.

ദീർഘദൂര സമുദ്രയാത്രകൾക്ക് കരയിലെ അടയാളങ്ങളേക്കാള്‍ അവർ ആശ്രയിച്ചിരുന്നത് ആകാശത്തെ ജോതിർഗോളങ്ങളേയും നക്ഷത്ര സമൂഹത്തേയും ആയിരുന്നു. ആധുനിക കാലത്തെ GPS സൗകര്യങ്ങളേക്കാൾ കൃത്യമായി ലക്ഷ്യത്തെ കാണിക്കാൻ, പ്രാപിക്കാൻ അവർക്ക് ആ അറിവുകൾ ഉപകരിച്ചിരുന്നു. സൂര്യനേയും, ചന്ദ്രനേയും ആശ്രയിച്ചുള്ള കലണ്ടർ രീതിയും 12 രാശിചക്രങ്ങളും ലോകത്തെ എല്ലായിടത്തും സമാനമായ രീതിയിൽ അംഗീകാരം ലഭിക്കാൻ ഈ യാത്രകൾ കാരണമായിട്ടുണ്ട്.

അറബികളിൽ നിന്ന് ഭാരതീയ ഉത്പനങ്ങൾ വാങ്ങിയിരുന്നവർ നേരിട്ട് നമ്മുടെ നാട്ടിലേക്ക് ആഫ്രിക്ക ചുറ്റി പുതിയ വഴി കണ്ടെത്തി വന്നതും അണുവിട തെറ്റാതെ ഈ തെക്കേ മുനമ്പിൽ എത്തിയതിനും പഴയ സമുദ്ര സഞ്ചാര സഹായികളായ രാശിചക്രത്തിലെ 12 നക്ഷത്ര സമൂഹത്തിന് പങ്കുണ്ട്. പഴയകാലത്തെ ഈജിപ്ത്യൻ, അറബ് സഞ്ചാരികളുടെ കൂട്ട് പോന്ന ജൂത, യഹൂദ, മുഹമ്മദീയ മതങ്ങളും വഴി തെറ്റാതെ ആദ്യം വന്ന് കയറിയത് ഈ തെക്കേ മുനമ്പിലേക്കാണ്.

നമ്മുടെ മലയാളക്കരയിലെ കളരി, മർമ്മവിദ്യ, ആയുർവേദം, വാസ്തുവിദ്യ എന്നിവ കടൽ കടന്ന് കിഴക്കനേഷ്യൻ രാജ്യങ്ങളിലും ചൈനയിലും എത്തിയത് കര വഴിയല്ല.