ക്യാമറയില്‍ പതിഞ്ഞ അജ്ഞാത ജീവി ? വൈറലായി സിസിടിവി ദൃശ്യങ്ങള്‍

നീണ്ട ചെവികളും വളഞ്ഞ കാലുകളുമായി പ്രത്യക്ഷപ്പെട്ട ജീവിയെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. അമേരിക്കയിലെ ഒരു വീടിനു മുമ്പില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയിലെ ദൃശ്യങ്ങളിലാണ് ഈ അജ്ഞാത ജീവി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജീവി ഓടി നീങ്ങുന്നതാണ് ദൃശ്യത്തിലുള്ളത്.

വിവിയന്‍ ഗോമസ് എന്നയാളിന്റെ വീടിന്റെ മുന്‍ഭാഗത്ത് സ്ഥാപിച്ചിരുന്ന ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. ആദ്യം വീടിന്റെ മുന്‍വാതിലിനു മുമ്പിലൂടെ നടന്നു നീങ്ങുന്ന നിഴല്‍ കാണാം. പിന്നാലെ അത്ഭുതജീവി നടന്നു വരുന്നതും കാണാം. അതേ സമയം മറ്റു രണ്ടു ക്യാമറകളില്‍ എന്തോ കാരണത്താല്‍ ഈ ദൃശ്യം പതിഞ്ഞിട്ടില്ലെന്നും വിവിയന്‍ ഗോമസ് ഫെയ്‌സ്ബുക്കില്‍ വീഡിയോ പങ്കുവെച്ചു കൊണ്ട് കുറിച്ചു.

4.9 മില്യനിലധികം പേര്‍ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു. ദൃശ്യങ്ങളിലുള്ള അജ്ഞാത ജീവിയെ കുറിച്ച് ചര്‍ച്ച കൊഴുക്കുകയാണ്. അന്യഗ്രഹ ജീവിയെന്നാണ് ചിലരുടെ അഭിപ്രായം.

ചില ഹാരി പോട്ടര്‍ സിനിമാ പ്രേമികളാകട്ടെ അതിലെ ഒരു കഥാപാത്രമായ ഡോബിയോടാണ് ഈ ജീവിക്കു സാദൃശ്യമെന്ന് കമന്റ് ചെയ്തു. അതോടെ #DobbyTheHouseElf എന്ന ഹാഷ്ടാഗ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയി.