അഭയ കേസ് അട്ടിമറിക്കാൻ പരിശ്രമിച്ച രാഷ്ട്രീയക്കാർ, പൊലീസ്... ഹാ, കഷ്ടം!: എ. ജയശങ്കർ

സിസ്റ്റർ അഭയ കേസിൽ പ്രതികളായ ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവര്‍ കുറ്റക്കാരാണെന്ന സി.ബി.ഐ പ്രത്യേക കോടതിയുടെ വിധി വൈകി വന്ന നീതിയെന്ന് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ എ. ജയശങ്കർ. “കേസ് അട്ടിമറിക്കാൻ അശ്രാന്ത പരിശ്രമം നടത്തിയ ഉന്നത രാഷ്ട്രീയ നേതാക്കൾ, പൊലീസ് ഉദ്യോഗസ്ഥർ, ന്യായാധിപർ… എല്ലാവർക്കും ഹാ, കഷ്ടം!” എന്ന് എ. ജയശങ്കർ ഫെയ്സ്ബുക്കിൽ കുറിച്ചു.

എ. ജയശങ്കറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

വൈകി വന്ന നീതി.

സിസ്റ്റർ അഭയയുടെ മരണം കൊലപാതകമായിരുന്നുവെന്നും ഫാ തോമസ് കോട്ടൂരും സി. സെഫിയും കുറ്റക്കാരാണെന്നും വിചാരണ കോടതി കണ്ടെത്തി. ശിക്ഷ പിന്നീട് പ്രഖ്യാപിക്കും.

കേസ് അട്ടിമറിക്കാൻ അശ്രാന്ത പരിശ്രമം നടത്തിയ ഉന്നത രാഷ്ട്രീയ നേതാക്കൾ, പൊലീസ് ഉദ്യോഗസ്ഥർ, ന്യായാധിപർ… എല്ലാവർക്കും ഹാ, കഷ്ടം!

സത്യത്തിന്റെ ഭാഗത്ത് ഉറച്ചു നിന്നു പോരാടിയ ജോമോൻ പുത്തൻപുരക്കലിനും അദ്ദേഹത്തിനു ധാർമ്മിക പിന്തുണ നൽകിയ സുമനസ്സുകൾക്കും കേസ് തെളിയിച്ച സിബിഐ എസ് പി നന്ദകുമാരൻ നായർക്കും അഭിവാദ്യങ്ങൾ!