രാഹുലിന് പ്രാര്‍ത്ഥനയേക്കാള്‍ പ്രധാനം പ്രവൃത്തിയാണ്; രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തെ ട്രോളി അഡ്വ.ജയശങ്കര്‍

രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തെ ട്രോളി അഡ്വ.ജയശങ്കര്‍. പ്രാര്‍ത്ഥനയേക്കാള്‍ പ്രാധാന്യം പ്രവൃത്തിക്ക് നല്‍കുന്നതു കൊണ്ടാണ് രാഹുല്‍ ഗാന്ധി റോഡ് ഷോ നടത്തുന്നതെന്നും ജയശങ്കര്‍ ഫെയ്സ് ബുക്കില്‍ കുറിച്ചു.

ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താമരപ്പൂ കൊണ്ട് തുലാഭാരം നടത്തുമ്പോള്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ റോഡ് ഷോ നടത്തുകയാണ്. കാരണം അദ്ദേഹത്തിന് പ്രാര്‍ത്ഥനയേക്കാള്‍ പ്രധാനം പ്രവൃത്തിയാണ്.

വരുന്ന അഞ്ചു വര്‍ഷം കൊണ്ട് രാജ്യത്തെമ്പാടും കോണ്‍ഗ്രസിന്റെ സംഘടനാസംവിധാനം ശക്തമാക്കണം, പുതിയ പ്രവര്‍ത്തകരെ കണ്ടെത്തണം, മതേതര ജനാധിപത്യ പുരോഗമന കക്ഷികളുടെ ഐക്യനിര കെട്ടിപ്പെടുക്കണം, ബിജെപിയുടെ രാഷ്ട്രീയ മേല്‍ക്കോയ്മ തകര്‍ക്കണം, നരേന്ദ്ര മോദിയുടെ അപ്രമാദിത്വം അവസാനിപ്പിക്കണം.

ഇതിനൊക്കെ പുറമെ, വയനാട്ടിലെ കര്‍ഷകരുടെ, കര്‍ഷക തൊഴിലാളികളുടെ, ആദിവാസികള്‍ അടക്കമുള്ള ദരിദ്ര ജനലക്ഷങ്ങളുടെ കണ്ണീരൊപ്പണം. അമേഠി ആവര്‍ത്തിക്കാതെ നോക്കണം.

പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ദീര്‍ഘ വീക്ഷണവും ഇന്ദിരാഗാന്ധിയുടെ നിശ്ചയദാര്‍ഢ്യവും രാജീവ് ഗാന്ധിയുടെ ഹൃദയവിശാലതയുമുളള, ഭാരത ഭാഗ്യവിധാതാവായി രാഹുല്‍ ഗാന്ധി വളരണം