'ഉറക്കം ഉണരുമ്പോള്‍ നിങ്ങളും താമരപ്പാര്‍ട്ടിയില്‍ അംഗമായേക്കാം'

യുവമോര്‍ച്ചയുമായോ ബിജെപിയുമായോ യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയാണ് രാജീവ് പള്ളത്ത്. എന്നാല്‍ രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ഉറക്കമുണര്‍ന്ന രാജീവ് പള്ളത്ത് കണ്ടത് താനും യുവമോര്‍ച്ചയില്‍ അംഗമായതാണ്.

തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് യുവമോര്‍ച്ചയുടെ ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ ഗ്രൂപ്പില്‍ തന്നെ ചേര്‍ത്തതെന്നും കേരളത്തെക്കുറിച്ചുള്ള സജീവ ചര്‍ച്ചകള്‍ കണ്ട് താന്‍ ഞെട്ടിയെന്നും രാജീവ് പറയുന്നു. ഒരു മിസ്ഡ് കോള്‍ പോലും അടിക്കാത്ത തന്നെയും പാര്‍ട്ടിയില്‍ ചേര്‍ത്തോ എന്നാണ് രാജീവ് ആ ഗ്രൂപ്പില്‍ ചോദിച്ച ചോദ്യം.

നിങ്ങള്‍ ഉറങ്ങാന്‍ പോകുമ്പോള്‍ ഫെയ്‌സ്ബുക്ക് മെസഞ്ചറിന്റെ ഗെയ്റ്റ് പൂട്ടിയിടണമെന്ന് പറഞ്ഞുകൊണ്ട് രാജീവ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെ.

ഫെയ്‌സ്ബുക്ക് മെസ്സഞ്ചര്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ

നിങ്ങള്‍ ഫെയ്‌സ് ബുക്ക് മെസഞ്ചര്‍ ഉപയോഗിക്കുന്നുണ്ടോ ….? ഉണ്ടെങ്കില്‍ നിങ്ങള്‍ ഉറങ്ങാന്‍ പോകുമ്പോള്‍ നിങ്ങളുടെ മെസ്സഞ്ചറിന്റെ ഗെയ്റ്റ് അടച്ച് പൂട്ടിയിടുവാനുള്ള സംവിധാനം എന്തെങ്കിലും ഉണ്ടോ എന്ന് സുക്കറേട്ടനോട് ചോദിച്ച് മനസ്സിലാക്കി വയ്ക്കുന്നത് നന്നായിരിക്കും. അത് സാധിച്ചില്ലെങ്കില്‍ നേരം വെളുക്കുമ്പോള്‍ ഞെട്ടാതിരിക്കാന്‍ ഒരു ഏലസ്സ് ജപിച്ച് കെട്ടുന്നത് നന്നായിരിക്കും. കാരണം ഇന്ന് എനിക്ക് ഉണ്ടായ ഒരു അനുഭവമാണ്.

ഇന്നലെ രാത്രി ഉറങ്ങാന്‍ പോകും വരെ എല്ലാം പതിവ് പോലെ തന്നെ. നേരം വെളുത്തപ്പോള്‍ ഞാന്‍ ഞെട്ടി. ആര്‍ക്കും അബദ്ധത്തില്‍പ്പോലും ഒരു മിസ് കോള്‍ പോലും ചെയ്യാത്ത ഞാന്‍ ഒന്ന് ഉറങ്ങി എഴുന്നേറ്റപ്പോള്‍ യുവമോര്‍ച്ചക്കാരനായി. രാവിലെ നോക്കുമ്പോള്‍ “യുവമോര്‍ച്ച കേരളം” എന്ന മെസ്സഞ്ചര്‍ ചാറ്റ് ഗ്രൂപ്പില്‍ ഞാനും. ഒരു മിസ്‌ക്കോളുപോലും ചെയ്യാത്ത എന്നെയും യുവമോര്‍ച്ചയിലെടുത്തോ എന്ന് ചാറ്റ് ഗ്രൂപ്പില്‍ ചോദിച്ചപ്പോള്‍ ശ്രീമതി/കുമാരി ലസിത പാലയ്ക്കലിന്റെ മറുപടി വന്നു.

“കിട്ടിയ ചുമതല ഏറ്റെടുത്ത് പാര്‍ട്ടിക്ക് വേണ്ടി വര്‍ക്ക് ചെയ്യുക”. ദൈവമേ… ചുമതലകള്‍ വരുന്ന ഓരോ വഴിയേ, ഇനിയും ഒരുപാട് ചുമതലകള്‍ വരാന്‍ സാധ്യത ഉള്ളതിനാല്‍ കൂടുതല്‍ എഴുതാന്‍ സമയമില്ല. ബാക്കിയൊക്കെ താഴെ കൊടുത്തിരിക്കുന്ന സ്‌ക്രീന്‍ ഷോട്ടില്‍ നിന്നും വായിക്കുമല്ലോ.

ഇങ്ങനെ പോയാല്‍ ഒരു കാര്യം ഉറപ്പാണ്. യുവമോര്‍ച്ച ലോകത്തിലെ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള യുവജനപ്രസ്ഥാനമായി എന്ന് ഉടന്‍ തന്നെ ഒരു പ്രഖ്യാപനം ഉണ്ടാകും.

https://www.facebook.com/rajivchengannur/posts/10208805848704058?pnref=story