സിംഹവും ചീറ്റയുമൊക്കെ കളിക്കൂട്ടുകാര്‍; യുവതിയുടെ ഊണും ഉറക്കവും വന്യമൃഗങ്ങളോട് ഒന്നിച്ച്!

Advertisement

 

വന്യമൃഗങ്ങളോടൊപ്പം തന്റെ മുഴുവന്‍ സമയവും ചെലവിടാനാണ് ദക്ഷിണാഫ്രിക്കയിലെ 21 വയസ്സുകാരി ക്രിസ്റ്റന്‍ കെറിന് ഇഷ്ടം. ഇതുകൊണ്ടു തന്നെയാണ് പഠനം കഴിഞ്ഞ് ഒരു കോര്‍പ്പറേറ്റ് കമ്പനിയില്‍ കിട്ടിയ ജോലി ഉപേക്ഷിച്ച് വന്യമൃഗ സംരക്ഷണകേന്ദ്രത്തില്‍ തന്നെ ചീറ്റകളെയും ജിറാഫിനെയും നോക്കി ക്രിസ്റ്റന്‍ ജീവിക്കുന്നത്. മിക്കപ്പോഴും താന്‍ ഉറങ്ങുന്നതു പോലും ചീറ്റകളോടൊപ്പമാണെന്ന് ക്രിസ്റ്റന്‍ പറയുന്നു.

അതേസമയം ആര്‍ക്കും സംശയം തോന്നാവുന്ന കാര്യമാണ് എന്തുകൊണ്ടാണ് ക്രിസ്റ്റന് വന്യമൃഗങ്ങളോട് ഇത്ര അടുപ്പമെന്നത്. കാര്യം മറ്റൊന്നുമല്ല, ക്രിസ്റ്റന്‍ ജനിച്ചത് തന്നെ ഒരു വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലാണ്. ഇവിടെ ജോലി ചെയ്തിരുന്ന ക്രിസ്റ്റന്റെ പിതാവ് സിംഹങ്ങളെയും ചീറ്റകളെയും പരിപാലിക്കുന്നത് നേരില്‍ കണ്ടാണ് ക്രിസ്റ്റന്‍ വളര്‍ന്നത്. അതുകൊണ്ടു തന്നെ ക്രിസ്റ്റന്‍ ഇവയുമായി നല്ല അടുപ്പമായിരുന്നു. പിതാവില്‍ നിന്ന് തന്നെയാണ് മൃഗങ്ങളെ സ്‌നേഹിക്കാനുും പരിപാലിക്കാനും താന്‍ പഠിച്ചതെന്നും ക്രിസ്റ്റിന്‍ പറയുന്നു.

“ചീറ്റകളുടെ വാസസ്ഥലത്തു നിന്ന് പത്തടി അകലം മാത്രമെ എന്റെ വീട്ടിലേക്കുള്ളു. അതിനാല്‍ രാവിലെ തന്നെ ഞാന്‍ ആദ്യം കാണുന്നത് അവയെയാണ്.” ക്രിസ്റ്റിന്‍ പറയുന്നു.

2018 സെപ്റ്റംബറില്‍, കോര്‍പ്പറേറ്റ് മേഖലയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിച്ച് ജോഹന്നാസ്ബര്‍ഗിലേക്ക് ക്രിസ്റ്റിന്‍ ചേക്കേറി. എന്നാല്‍ അധികം വൈകാതെ അത് തന്റെ തട്ടകമല്ലെന്ന് മനസ്സിലാക്കി  താന്‍ സ്‌നേഹിക്കുന്ന മൃഗങ്ങള്‍ക്കിടയിലേക്ക്  തിരിച്ച് വരുകയായിരുന്നു. ഓഫീസിലെ ഓരോ ദിവസവും താന്‍ വെറുത്തിരുന്നെന്നും കമ്പ്യൂട്ടറിന് മുന്നില്‍ ഇരുന്ന് ജോലി ചെയ്യുന്നത് തനിക്ക് വേണ്ടിയല്ലെന്ന് തോന്നിയിരുന്നതായും ക്രിസ്റ്റന്‍ പറയുന്നു. ജനുവരിയോടെ ഓഫീസ് ജിവിതത്തോട് വിട പറഞ്ഞ് വന്യമൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് എത്തി.

വലിയ പൂച്ചകളെ പോറ്റുന്നത് ഞാന്‍ വളരെയധികം ഇഷ്ടപ്പെടുന്നു. മൃഗങ്ങളെ കുറിച്ച് സന്നദ്ധപ്രവര്‍ത്തകരെ ബോധവത്കരിക്കുകയും അവ എത്രമാത്രം അത്ഭുതകരമാണെന്ന് കാണിക്കുകയും ചെയ്യാറുണ്ട്. മൃഗങ്ങള്‍ വലുതോ ചെറുതോ ആകട്ടെ അവരുമായി ഇടപഴകുന്നത് എന്റെ ദൈനംദിന ദിനചര്യയുടെ ഭാഗമായി തീര്‍ന്നിരിക്കുന്നു.പകുതി സമയം ചീറ്റകള്‍ വന്യമൃഗങ്ങളാണെന്ന് കാര്യം ഞാന്‍ മറക്കുന്നു’ ക്രിസ്റ്റന്‍ പറയുന്നു.

“അവ പൂച്ചകളെ പോലെയാണെന്നാണ് ഞാന്‍ കരുതുന്നത്. ഇത് ഭ്രാന്താണെന്ന് തോന്നുമെങ്കിലും എനിക്ക് മൃഗങ്ങളോട് സംസാരിക്കാന്‍ കഴിയാറുണ്ട് ഒരു വാക്കു പോലും പറയാതെ തന്നെ. നിങ്ങള്‍ അവയെ മനസ്സിലാക്കുന്ന അത്രയും അവ നിങ്ങളെയും മനസ്സിലാക്കും” ക്രിസ്റ്റന്‍ പറഞ്ഞു.

“ഞാന്‍ മൂന്ന് ചീറ്റയെ വീട്ടില്‍ വളര്‍ത്തുന്നുണ്ട്. അവര്‍ എന്റെ കുടുംബാംഗങ്ങളെ പോലെയാണ്. ഞാന്‍ അവരെ സംരക്ഷിക്കുന്നതു പോലെ അവര്‍ എന്നെ സംരക്ഷിക്കുമെന്ന് എനിക്കറിയാം. അവര്‍ തീര്‍ത്തും നിരുപദ്രവകാരികളാണ്. ഞാന്‍ അവരോടൊപ്പം തറയില്‍ കിടന്ന് അവരുടെ മുഖത്ത് ചുംബിക്കുകയും ചിലപ്പോള്‍ അവരോടൊപ്പം ഉറങ്ങുകയും ചെയ്യാറുണ്ട്.  ഇപ്പോള്‍ ഏഴ് ചീറ്റയെ പരിപാലിക്കുന്നുണ്ട്. അതില്‍ ഒരെണ്ണം പൂര്‍ണമായും വന്യമാണ്, ” ക്രിസ്റ്റന്‍ പറയുന്നു.

‘ ഒരിക്കലും മൃഗങ്ങളെ എന്റെ ചങ്ങാതിയാക്കാന്‍ നിര്‍ബന്ധിക്കാറില്ല. ഞാന്‍ അവരെ ഉപദ്രവിക്കാന്‍ പോകുന്നില്ലെന്നും അവരുടെ വിശ്വാസം നേടുന്നതിനായി എല്ലാ ദിവസവും സാവധാനം അടുക്കുന്നുവെന്നും ഞാന്‍ കാണിക്കുന്നു,’ അവള്‍ പറയുന്നു.

എന്നാല്‍ താന്‍ ഒരിക്കലും മൃഗങ്ങളെ തന്റെ ചങ്ങാതിമാരാക്കി ഒപ്പം നിര്‍ത്തുന്നതിനു വേണ്ടി നിര്‍ബന്ധബുദ്ധി കാണിക്കാറില്ലെന്നും ക്രിസ്റ്റന്‍ വ്യക്തമാക്കുന്നു. അതേസമയം അവരുടെ വിശ്വാസം പതുക്കെ നേടിയെടുക്കാനാണ് താന്‍ ശ്രമിക്കാറുള്ളതെന്നും അവരെ ഉപദ്രവിക്കില്ലെന്ന് തോന്നല്‍ അവയ്ക്ക് ഉണ്ടാകാറുണ്ടെന്നും ക്രിസ്റ്റന്‍ പറയുന്നു.