'വിമര്‍ശനങ്ങള്‍ മമ്മൂട്ടിക്ക് മാത്രം, എന്തുകൊണ്ട് നിഥിന്‍ രണ്‍ജി പണിക്കരെ വെറുതെ വിടുന്നു' ?

കസബയിലെ സ്ത്രീവിരുദ്ധത ചര്‍ച്ചയാകുമ്പോള്‍ എന്തുകൊണ്ടാണ് വിമര്‍ശനങ്ങള്‍ മമ്മൂട്ടിക്ക് നേരെ മാത്രം ഉയരുന്നതെന്നും എന്തുകൊണ്ടാണ് നിഥിന്‍ രണ്‍ജിപണിക്കര്‍ക്ക് നേരെ ഉയരാത്തതെന്നുമുള്ള ചോദ്യങ്ങളുമായി എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് നിര്‍ണായകമായ ചോദ്യം എന്‍എസ് മാധവന്‍ ഉയര്‍ത്തുന്നത്.

കസബയില്‍ എന്തുകൊണ്ട് മമ്മൂട്ടിക്ക് നേരെ മാത്രം വിരലുകള്‍ ചൂണ്ടുന്നു ? ശരിക്കുള്ള കുറ്റവാളി, നിഥിന്‍ രണ്‍ജിപണിക്കരെ എന്തുകൊണ്ട് വെറുതെ വിടുന്നു ? മമ്മൂട്ടിയും സൂക്ഷിക്കേണ്ടതായിരുന്നു, എങ്കിലും സ്ത്രീവിരുദ്ധതയുടെ പതാകവാഹകരായ നിഥിന്റെയും കൂട്ടരുടെയും നേര്‍ക്ക് എന്തുകൊണ്ട് കണ്ണടയ്ക്കുന്നു.

കസബയുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ എല്ലാവരുടെയും ശ്രദ്ധ മമ്മൂട്ടിയിലേക്കായിരുന്നു. ഇതേക്കുറിച്ച് മാധ്യമങ്ങള്‍ നിഥിന്‍ രണ്‍ജിപണിക്കരോട് ചോദിച്ചപ്പോള്‍ അക്കാര്യത്തില്‍ തനിക്കൊന്നും പറയാനില്ലെന്ന പ്രതികരണമായിരുന്നു നിഥിന്‍ നടത്തിയത്. നടനും തിരക്കഥാകൃത്തുമായ രണ്‍ജി പണിക്കരുടെ മകനാണ് നിഥിന്‍ രണ്‍ജിപണിക്കര്‍. നിഥിന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ആദ്യ ചിത്രമാണിത്. ഇപ്പോള്‍ ലേലം രണ്ടാം ഭാഗത്തിന്റെ തിരക്കഥ രചനാ ജോലികളിലാണ് നിഥിന്‍. സുരേഷ് ഗോപിയാണ് ഈ ചിത്രത്തിലെ നായകന്‍.