പത്രമിടാന്‍ പോയ എത്രയോ പ്രഭാതങ്ങളുടെ സ്മരണയുള്ള ആ ഉത്തര്‍പ്രദേശ് ലേഖകന്‍ ഇനി മാതൃഭൂമിയുടെ ഭാഗമല്ല- മാധ്യമ പ്രവര്‍ത്തകന്റെ ഹൃദയഭേദക കുറിപ്പ്

മാതൃഭൂമിയിലെ പന്ത്രണ്ട് വര്‍ഷകാലത്തെ ജോലി മതിയാക്കി രാജിവെച്ച് മധ്യമ പ്രവര്‍ത്തകനും സംവിധായകനുമായ വിഎസ് സനോജ് എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു. മതൃഭൂമി ലക്‌നോ ലേഖകനായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം തന്റെ ഏഴ് വര്‍ഷകാലത്തെ പ്രവാസ ജീവിതം വരച്ചിടുന്ന കുറിപ്പില്‍ താന്‍ കണ്ടതും കാണേണ്ടതും കണ്ടിരിക്കേണ്ടതുമായ കാര്യങ്ങള്‍ അക്ഷരങ്ങളിലൂടെ വരച്ചിടുന്നു.

നിരവധി അന്താരാഷ്ട്ര വേദികളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും നിരൂപക പ്രശംസ ലഭിക്കുകയും ചെയ്ത “ബേണിങ്” എന്ന ചിത്രത്തിന്റെ സംവിധായകനും കൂടിയാണ് സനോജ്. ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ഈ ചിത്രം നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ഇതിനകം പ്രദര്‍ശിപ്പിക്കുകയും നിരവധി പുരസ്‌ക്കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.

അനുസരണ പോരാ, അച്ചടക്കം പോരാ എന്ന് പറഞ്ഞ് കമ്പനിയ്ക്ക് തോന്നിയപ്പോഴെല്ലാം ദിക്കായ ദിക്കെല്ലാം തന്നെ അലച്ചിലിന് വിട്ടു. ഈ സ്ഥലംമാറ്റങ്ങള്‍ കൊണ്ട് കാറ്റിനെ കെട്ടഴിച്ചുവിട്ടതുപോലെ അലഞ്ഞലഞ്ഞ് സഞ്ചാരങ്ങളാല്‍ ജ്ഞാനസ്നാനം ചെയ്യപ്പെട്ട് ധന്യനായി എന്ന് സ്വയം വിശ്വസിക്കാനാണ് ഇഷ്ടം എന്നാണ് സനോജ് കുറിപ്പില്‍ പറയുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

കുട്ടിക്കാലത്ത് വായിച്ചുതുടങ്ങിയ ആദ്യം പത്രം മാതൃഭൂമിയാണ്. ഗ്രാമത്തില്‍ സൈക്കിളില്‍ പത്രം ഇടാന്‍ വെളുപ്പിന് പോയിരുന്നപ്പോള്‍ മുതലല്ല, അതിന് മുമ്പ് വീടിനടുത്തുള്ള ഗോപാലേട്ടന്റെ ചായക്കടയിൽ വാര്‍ത്തകൾ അരിച്ചുപെറുക്കിയ കാലം മുതല്‍ക്കേയുണ്ട് ആ ശീലം. രാവിലെ വായിക്കാനിട കിട്ടിയിരുന്നില്ല അക്കാലത്ത്. വീട്ടില്‍ പത്രം വരുത്തിയിരുന്നില്ല. വ്യയത്തെ പിടിച്ചുകെട്ടാൻ ആരും സഞ്ചരിക്കാത്ത വഴിയിലൂടെ അമ്മ വീട്ടുകണക്ക് സ്കെയിൽ വെച്ച് ജീവിതം രണ്ടറ്റംമുട്ടിക്കാന്‍ യത്‌നിച്ച കാലം. കൂലിപ്പണിക്കാരൻ അച്ഛന്റെ ചെറിയ വരുമാനത്തിൽ, മണല്‍ത്തരി കൊണ്ട് പഞ്ചാരമിഠായി ഉണ്ടാക്കേണ്ട ദൈവത്തിന്റെ വികൃതികളിലെ അല്‍ഫോണ്‍സാച്ചന്റെ ഗതിയായിരുന്നു അമ്മയ്ക്ക്. അവരുടെ കഷ്ടപ്പാട് കണ്ടാണ് ഞാനും ഏട്ടനും വളർന്നത്. അതിനാല്‍ പത്രം വരുത്തുന്നത് അമ്മയുടെ പ്രായോഗിക കണക്കില്‍ അധിക ചെലവായിരുന്നു. ഞങ്ങൾ വാശി പിടിച്ചതുമില്ല. സ്‌കൂള്‍ വിട്ടുവന്നാല്‍ ചായക്കടയില്‍ പോയി പത്രം വായിക്കും.

പത്രമിടാന്‍ പോയ എത്രയോ പ്രഭാതങ്ങളുടെ സ്മരണയുള്ള ആ ഉത്തര്‍പ്രദേശ് ലേഖകന്‍ ഇനി മാതൃഭൂമിയുടെ ഭാഗമല്ല എന്ന് പറയാനാണ് ഈ കുറിപ്പ്. ഞാൻ രാജിവെച്ചു. ഏതാണ്ട് പന്ത്രണ്ട് വര്‍ഷത്തെ മാതൃഭൂമി ജീവിതത്തിന് വിരാമമിട്ടു. മാധ്യമപ്രവര്‍ത്തനം ഇനിയും തുടരും മറ്റൊരു ഇടത്ത്, ചിലപ്പോള്‍ മറ്റൊരു റോളില്‍. ഈ വര്‍ഷങ്ങള്‍ സംഭവബഹുലമാണോ എന്ന് ആലോചിച്ചാല്‍ എനിക്ക്, അങ്ങനെ ആണ്, എന്നാല്‍ മറ്റ് പലരുടേയും മാധ്യമജീവിതം വെച്ചുനോക്കിയാല്‍ അത്രയൊന്നും കനപ്പെട്ടതുമല്ല. പോരാടുന്ന, അങ്ങനെ വളർന്ന എത്രയോ പേര് ചുറ്റുമുണ്ട്.

മധ്യകേരളത്തിലെ പഴയൊരു തോറ്റംപാട്ടുണ്ട്. നീളന്‍ മുളയുടെ അറ്റത്ത് ഇളം തെങ്ങോല കൊണ്ട് തോരണം കെട്ടി അത് പൊക്കിയുംതാഴ്ത്തിയും കാവില് വേലയ്ക്ക് ഉയിര്‍ക്കപ്പെട്ട അതിലെ വരികള്‍ കേട്ടിട്ടുണ്ട് കുട്ടിക്കാലത്ത്. അതില്‍ അവര്‍ കഥ പാട്ടായി പറയുമ്പോള്‍ എന്നിട്ടും പോരാഞ്ഞേ എന്നിട്ടും പോരാഞ്ഞേ എന്ന് ഉറക്കെ ചൊല്ലും. (കോവിലനെ വായിച്ചാല്‍ വരികള്‍ക്കിടയില്‍ തോറ്റങ്ങളുടെ നീര് കാണാം. ഒര് പലം പനയോല ഒര് കഷ്ണം അസ്ഥി എന്നെഴുതിയ ആളാണ്). തീരാത്ത കഷ്ടപ്പാടിന്റെ, ഗതിയില്ലാത്ത, ശമനമില്ലാത്ത പാച്ചിലുകളെക്കുറിച്ചുള്ളതായിരുന്നു ആ തോറ്റങ്ങള്‍. ആ വിളിച്ചുപറയലുകൾ. അതുപോലെ “എന്നിട്ടും അച്ചടക്കം പോരാഞ്ഞേ” “എന്നിട്ടും അനുസരണ പോരാഞ്ഞേ” എന്ന് കമ്പനിയ്ക്ക് തോന്നിയപ്പോഴെല്ലാം ദിക്കായ ദിക്കെല്ലാം അലച്ചിലിന് വിട്ടു. അസൗകര്യങ്ങളുടെ അപ്രതീക്ഷിത സമ്മാനങ്ങൾ തന്നു. ഈ സ്ഥലംമാറ്റങ്ങള്‍ കൊണ്ട് കാറ്റിനെ കെട്ടഴിച്ചുവിട്ടതുപോലെ അലഞ്ഞലഞ്ഞ് സഞ്ചാരങ്ങളാല്‍ ജ്ഞാനസ്‌നാനം ചെയ്യപ്പെട്ട് ധന്യനായി എന്ന് സ്വയം വിശ്വസിക്കാനാണ് ഇഷ്ടം.

ബംഗാളിലെ കുമാര്‍തുളിയിലെ കളിമണ്ണ് കുഴഞ്ഞ ഗല്ലികളില്‍, ബീര്‍ഭൂമിലെ കെന്ദുളിയിലെ ഉയരുന്ന പൊടി നിറച്ചുമുള്ള ബാവുളില്‍, പ്രേതമുള്ളതിനാല്‍ ട്രെയിന്‍ നിര്‍ത്താതെ പാഞ്ഞ പുരുലിയയിലെ ബെഗുണ്‍ കൊദാറില്‍, നേപാളിലെ പോഖ്‌റയിലെ വഴിയോരങ്ങളില്‍, ഭൂട്ടാനിലെ പാറോയിലെ ടാങ്‌സാങ് മൊണാസ്ട്രിയിലേക്കുള്ള നടത്തത്തില്‍, ഹിമാചലിലെ ഖജിയാറിലെ ടിബറ്റന്‍ കഫേയില്‍, ധോളാവീരയിലേക്കുള്ള നീളൻ വഴിയിൽ, കൊഹിമയിലെ ഓള്‍ഡ് മങ്ക് തണുപ്പില്‍, കാലിംപോങിലെ മഞ്ഞുകാറ്റില്‍, കുഞ്ഞനെയും കൂട്ടി റെഡ് പാണ്ടയെ തേടിപ്പോയ ഗ്യാങ്‌ടോക്ക് നാഷണല്‍ പാര്‍ക്കില്‍, അവന്റെ ഭാഷയില് ഫ്രിഡ്ജിലെ ഐസ് ഇതാ അപ്പേ ഇവിടെ മുഴുവനും എന്ന നാഥുലാ വഴിയിലെ സാങ്കോ തടാകത്തിന് മുന്നിലെ ആവേശത്തില്‍, അവന്റെ കൊല്‍ക്കത്ത ദേശപ്രിയാ പാര്‍ക്കിലെ വൈകുന്നേരങ്ങള്‍, രാത്രിയില്‍ മിന്നാമിനിങ്ങ് പോലെ തോന്നിപ്പിക്കുന്ന വീട്ടുവെളിച്ചങ്ങളുടെ കൊഹിമയില്‍, ബുന്ദേല്‍ഖണ്ഡിലെ ഒരു രൂപയ്ക്ക് ഒരു കിലോ തക്കാളി വില്‍ക്കാനിരിക്കുന്ന കര്‍ഷകന്റെ വ്യാധികളില്‍, ചമ്പല്‍നദിയിലെ ഡോള്‍ഫിന്‍ ചാട്ടങ്ങള്‍ കണ്ട ഉച്ചകളില്‍, വാരാണസിയിലെ സായാഹ്ന വിശ്രാന്തികളില്‍, കര്‍സേവാപുരത്തെ കല്ലുകളില്‍, ചൗക്കിലെ കട്ട തിരക്കിൽ, ഗോരക്പുരിലെ കുട്ടിക്കരച്ചിലുകളില്‍, ഓർച്ചയിലെ പഴയ മിനാരങ്ങൾ, കാന്‍പുര്‍ ദേഹാട്ടിലെ മേല്‍ക്കൂര വീഴാറായ ഗ്രാമങ്ങളില്‍.. അങ്ങനെയങ്ങനെ ഇറങ്ങിപ്പുറപ്പെട്ടാല്‍, പമ്മന്റെ ഭാഷയില്‍ പറഞ്ഞാല്‍ “ഒരുമ്പെട്ടാല്‍” എന്തുകാര്യവും സ്വരൂപിച്ചെടുക്കാവുന്ന യാത്രകളുടെ കാലമായിരുന്നു ഈ പത്ത് പന്ത്രണ്ട് വര്‍ഷങ്ങള്‍. അതിനിടെ ഏഴ് വര്‍ഷമായി കേരളത്തിന് പുറത്ത്. ഇടയ്ക്കെല്ലാം അസ്വാസ്ഥ്യങ്ങളാല്‍ സ്വസ്ഥമായിരുന്നു എന്നും പറയാം. തിരക്കിട്ട ഏകാന്തത എന്ന് എഴുത്തുകാരൻ. ശമനമില്ലാത്ത, എന്നാൽ രസവും അരുചിയും ചേർന്ന അലച്ചിലുകളിലെ കഥകള്‍ പറഞ്ഞാല്‍ തീരില്ല. അത് പിന്നീട് എഴുതാം.

നാഗാലാന്‍ഡിലെ ഫെക് ജില്ലയിലേക്ക് (അവിടെ, ജില്ല എന്നത് ഒരു മലമ്പ്രദേശമാകുന്നു) പോകുന്നത് മണിപ്പുരിലേക്കുള്ള അരിപ്പ പോലെയുള്ള റോഡിലൂടെയാണ്. അവിടെ നിന്ന് ഫെക്കിലേക്ക് തിരിഞ്ഞുപോകും. ആ യാത്രയില്‍ പച്ചക്കറികളും പഴങ്ങളും ഉണക്കിയ ഇറച്ചിയും വിൽക്കുന്ന ഒരു അങ്ങാടി കണ്ടു. വില്‍ക്കാന്‍ ആരും ഇരിക്കുന്നില്ല. അതിലൂടെ കടന്നുപോകുന്നവര്‍ സാധനങ്ങള്‍ എടുക്കും കയ്യിലുള്ള പൈസ അവിടെ വെച്ചിട്ട് പോകുന്നതാണ് പതിവെന്ന് അവര്‍ പറഞ്ഞു. പക്ഷേ ആരും പറ്റിച്ചുപോകാറില്ലെന്ന് നാഗന്മാര്‍ പറയും. വഞ്ചന എന്ന വാക്ക് അവര്‍ക്ക് അറിയില്ലെന്ന് തോന്നി. ഇതൊക്കെയൊരു വിശ്വാസമാണ്. ആ വിശ്വാസം പലയിടത്തും ബോധ്യപ്പെട്ട യാത്രകളായിരുന്നു കഴിഞ്ഞ കുറെ നാളത്തെ ജീവിതവും യാത്രകളും. പല ദേശങ്ങളില്‍ എത്രയോ പേരെ കണ്ടുമുട്ടി. അവിചാരിതമായി വന്ന് മുന്നില്‍പെട്ടവര്‍ സ്‌നേഹവായ്പുകളുമായി കൂടെ നില്‍ക്കുന്നത് കണ്ടത്ഭുതം തോന്നിയിട്ടുണ്ട്. ഈ നാട് പല കാലങ്ങളിലാണ് ജീവിക്കുന്നത് എന്ന് ചില ഉത്തരേന്ത്യൻ ഗ്രാമങ്ങള്‍ ബോധ്യപ്പെടുത്തിത്തരും. മനുഷ്യര്‍ക്കിടയിലെ തട്ടുകളും കാട്ടിത്തരും. കൂടെ നില്‍ക്കുന്നവരെന്ന് നമുക്ക് തോന്നുന്ന ചിലരെങ്കിലും നമ്മള്‍ എത്ര അപരിചിതരെന്ന് ചില ഘട്ടങ്ങളില്‍ അനുഭവിപ്പിച്ചപ്പോഴും അവിചാരിതമായ പലതും സന്തോഷങ്ങള്‍ നല്‍കി. ഇതൊക്കെയാണല്ലോ ജീവിതം. പറയാന്‍ ഇനിയും കുറെയുണ്ട്, എഴുതാനും. ഇപ്പോ പാക്കിങ് തെരക്കിലാണ്. അലസ ലക്നൗ ദിനങ്ങള്‍ക്കിടെ വന്നുചേര്‍ന്ന സുഹൃദ്ബന്ധങ്ങള്‍ക്ക് വേണ്ടി രണ്ട് ദിവസത്തെ തിരക്ക്. ശേഷം മടക്കം. പഠിക്കാൻ പോകാൻ പൈസയും പരിചയവും സഹായിക്കാൻ ആളും ഇല്ലാത്തതിനാൽ കിട്ടിയ ഓഫർ വേണ്ടെന്നു വെച്ച ഒരു കാലം ഉണ്ടായിരുന്നു ഏട്ടന് വയനാട്ടിൽ പോലും (പിന്നീട് വയനാട്ടിൽ ഫോറസ്റ്റ് ഓഫീസർ ആയി അവനെത്തി വർഷങ്ങൾക്ക് ശേഷം). വേറെ ആർക്കും അങ്ങനെ ഉണ്ടാവരുത് ന്നു എന്നു അന്ന് തോന്നി. ഇപ്പൊ ഏത് പാതിരായ്ക്കും യുപി മാത്രല്ല എവിടെ നിന്ന് ആരുവിളിച്ചാലും ഇതെല്ലാം ഓർക്കും. പറ്റുന്നപോലെ ഒപ്പം നിൽക്കും. സ്വയം ഇങ്ങനെ പറയുന്നതിൽ ബുദ്ധിമുട്ട് ഉണ്ട്. ഇത് വെല്ല്യ സംഭവം ഒന്നും അല്ലന്നറിയാം. പക്ഷേ മറക്കാനാവുന്നില്ല അക്കാലം.

ഒരിക്കല്‍ ഏതോ റിപ്പോര്‍ട്ടിങ് യാത്രയില്‍ ഒരു ഹോട്ടലില്‍ മുറിയെടുത്തപ്പോള്‍ ഒപ്പമുണ്ടായിരുന്ന മാധ്യമസുഹൃത്ത് പറഞ്ഞു. ഇവിടെ എടുക്കേണ്ടായിരുന്നു മുറി. പെയിന്റിങ് പണി നടക്കുന്നു. മണം അസഹ്യമെന്ന്. ഞാന്‍ നിര്‍വൃതിയോടെ ഒന്ന് മൂളി. എമല്‍ഷനും വൈറ്റ് സിമന്റും ഡിസ്റ്റമ്പറും സ്‌നോസവും ജപ്പാൻ ബ്ലാക്കും പ്രൈമറുമൊക്കെയുള്ള കാലം കടന്നാണ് ഇവിടെത്തിയത് എന്നോർത്തു. സോമര്‍സെറ്റ് മോമിന്റെ ഭാഷയില്‍ ആത്മാവും ശരീരവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെട്ട കാലത്തെ അന്നം, ആ പണിയായിരുന്നു. ഡിഗ്രിക്കാലം വരെ പഠിച്ചതും അങ്ങനെ തന്നെ. ഏട്ടൻ അതിലേറെ ബുദ്ധിമുട്ടി. പിന്നെ അവൻ വീട്ടിലെ കപ്പിത്താനായി. വായനശാലയിൽ 150 രൂപ മാസ ശമ്പളത്തിൽ ലൈബ്രറിയിൽ പണി ചെയ്തു. രാവിലെ പത്രം ഇടാൻ അവസരം മേടിച്ചു. പള്ളിയും വീടുകളും കടയും ടോയ്‌ലറ്റും മതിലും ഉരച്ചുകഴുകി വൈറ്റ് സിമന്റ് അടിക്കുന്ന അപ്രന്റീഷിപ്പ് പണിയ്ക്ക് പോയി. അതെല്ലാം കഴിഞ്ഞാണ് ജേര്‍ണലിസത്തില്‍ എത്തുന്നത്. യൂണിവേഴ്സിറ്റി ക്യാമ്പസ്സിലേക്ക്. ആ ഹോട്ടലിലെ പെയിന്റ് എനിക്ക് നൊസ്റ്റാള്‍ജിയയുടെ ഗന്ധമായി. (ഇത് ഇപ്പോ പറയേണ്ട കാര്യമുണ്ടോ എന്ന് ആലോചിച്ചാല്‍ പലവട്ടം ചെയ്ത പോലെ പറയാതെ പോകും, പക്ഷേ എന്തോ ഇപ്പോള്‍ പറയാൻ തോന്നി).

എന്തുകൊണ്ടാണ് ഓര്‍മക്കുറിപ്പുകളോട് ഇത്രമേല്‍ ഇഷ്ടമെന്ന് ഞാനാലോചിച്ചുനോക്കാറുണ്ട്. മറവിയോടുള്ള ഓര്‍മയുടെ യുദ്ധമെന്ന് ഗാര്‍സിയ മാര്‍കേസിന്റെ ഭാവനയെക്കുറിച്ച് വിശേഷിപ്പിച്ചത് വായിച്ചിട്ടുമുണ്ട്. വേദന മായ്ക്കാന്‍ വായിച്ചുകിടന്ന കുട്ടിയെന്ന് എം.ടി. ഒരിക്കല്‍ എഴുതിയത് വായിച്ചപ്പോള്‍ ചില കുട്ടിക്കാല സാദൃശ്യങ്ങളെ ഓര്‍ത്തെടുത്തു. ആ കുട്ടിയെ എനിക്കറിയാം. അതിൽ ചില അംശങ്ങളിൽ ഞാനുമുണ്ട് എന്നറിഞ്ഞു. എംടിയുടെ ആ കുറിപ്പ് സൂക്ഷിച്ചുവെച്ചു. യാങ് ഴിമോയുടെ സായാഹ്ന പ്രദര്‍ശന സിനിമയിലുമുണ്ട് ഒരു കുട്ടി. അതൊരു ഷോർട് ഫിലിം ആണ്. അവന്റെ കൗതുകവും സിനിമ കാണിച്ചുതുടങ്ങുമ്പോഴുള്ള അവന്റെ ഉറക്കവും ഇന്നും ഇഷ്ടമാണ്. ഇനാരിറ്റു തീയറ്ററിലെ കണ്ണുകാണാത്ത അന്നയെ കാണിച്ചപ്പോൾ ഇഷ്ടം തോന്നി. ബര്‍ഗ്മാന്റെ ആത്മകഥയില്‍ ആദ്യ സ്വയംഭോഗത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. രസം തോന്നി. ഈ പുസ്തകത്തിലെ ഇഷ്ടം സാരമാഗുവിന്റെ കുട്ടിക്കാല കുറിപ്പിനോട് തോന്നിയില്ല. ദൃശ്യഖ്യാനത്തോടുള്ള ഇഷ്ടമാകാം കാരണം. എക്കാലവും വേദനിപ്പിച്ച ഒരു കുട്ടി ചിന്നു അച്ചബെയുടെ വരിയിൽ ആണ്. വാള് കൊണ്ട് ബലിയായി തീരാന്‍, അതറിയാതെ അച്ഛനൊപ്പം രാത്രി നിലാവില്‍ വരമ്പത്തുകൂടെ നക്ഷത്രങ്ങളെ തെരഞ്ഞ് നടന്നുപോകുന്ന കുട്ടിയെ വായിച്ച് വ്യസനിച്ചു. അതൊരു കാലം. തല കൊയ്യപ്പെടുന്നതറിയാത്ത അവന്റെ നടത്തം, ആ രാത്രിദൃശ്യകല്‍പ്പന ഉള്ളില്‍ പൂട്ടിവെച്ചു. കൗതുകങ്ങളുടെ നെരിപ്പോടിനെ നീറിപ്പിച്ച് കത്തിക്കാന്‍ ഇക്കഴിഞ്ഞ ഏഴെട്ട് വര്‍ഷങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. അങ്ങനെ ഒരു ദിവസമാണ് ഘട്ടക്കിന്റെ ശിഷ്യന്‍ അരബിന്ദോ ഭട്ടാചാര്യയുടെ വിചിത്രമായ ജീവിതാവസാനത്തെ ബംഗാളില്‍ നിന്ന് വീണുകിട്ടുന്നത്. കാല്‍നൂറ്റാണ്ട് രോഗം വന്നു മിണ്ടാട്ടം മുട്ടിപ്പോയ ഒരു ബംഗാളി റേഡിയോ ജോക്കി യുവാവിന്റെ പിന്നീടുള്ള 10 വർഷത്തെ പാവറട്ടി പെരുന്നാളിലെ വെടിക്കെട്ടു പോലെയുള്ള വാക്ക് കൊണ്ടുള്ള കഥ എഴുതി. അത് ഫീച്ചര്‍ എഴുത്തിലെ രസമുള്ള ഓര്‍മയാണ്. ഒരിക്കല്‍ ചമ്പലില്‍ നിന്ന് കിട്ടി പഴയ കൊള്ളക്കാരിയുടെ ഇപ്പോഴത്തെ പുതിയ മേല്‍വിലാസ ജീവിതം. അതും എഴുതി. വിഖ്യാത ശില്പി രാം കിങ്കർ ബെയ്ജിന്റെ മകൾ മീനാദിയെ കാണാൻ കെഎൻ. ഷാജിയെട്ടനൊപ്പം പോയി. ബാവുളിന്റെ സ്വന്തം അജോയ് നദിക്കരയിൽ അലഞ്ഞു. എഴുതിയതിനേക്കാള്‍ കൂടുതൽ ദേശങ്ങളെ കേട്ടു. കിട്ടിയ ഫീച്ചറുകളില്‍ 90 ശതമാനവും എഴുതാന്‍ മെനക്കെട്ടില്ല എന്നതിൽ ഇപ്പോഴും പെരുത്ത് സന്തോഷമേയുള്ളൂ.

കൊല്‍ക്കത്ത വിട്ട് കൊഹിമയിൽ പോകുമ്പോൾ സുമിയ്ക്ക് കമ്മലുമായി വീട്ടിലെത്തിയ വിദ്യാര്‍ത്ഥി ചാറ്റര്‍ജി വടിവുള്ള ഇംഗ്ലീഷിൽ ഉന്മാദ രുചിയുള്ള ഗഞ്ച പാസ്തയെക്കുറിച്ച് പറഞ്ഞു. അത് കേട്ടിരിക്കാന്‍ ഇഷ്ടമായിരുന്നു. ജോഷിയേട്ടനൊപ്പം മഹാശ്വേതാദേവിയെ കാണാന്‍ പോവാറുള്ളത് മറക്കാനാവില്ല. ഇക്കണോമിസ്റ്റ് Jean Dreze യുടെ ക്ലാസ് കേട്ടത് കൊല്‍ക്കത്തയില്‍ വെച്ചാണ്. അദ്ദേഹത്തിന്റെ അമര്‍ത്യസെന്നുമൊത്തുള്ള പുസ്തകത്തിന്റെ പ്രകാശനം നന്ദനിൽ. ബംഗാളി ഭദ്രലോകുകളുടെ ചാകരയില്‍ ഡ്രെസെ, ഗുജറാത്ത് മോഡലിനെ കണക്കുവെച്ചു അക്കമിട്ട് കീറി. കഴിഞ്ഞ ദിവസം അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ അതോർത്തു. കൊല്‍ക്കത്തയെക്കുറിച്ച് അശോക് മിത്ര എഴുതിയത് വായിക്കണമെന്ന് പറഞ്ഞത് പണ്ട് ജിനോയി. വായിക്കുക മാത്രമല്ല അതുക്കുംമേലെ, ഒരിക്കല്‍ അഭിമുഖത്തിനു വേണ്ടി അശോക് മിത്രയെ പോയി കാണുകയും ചെയ്തു, കമ്യൂണിസ്റ്റ് കാലങ്ങൾ അദ്ദേഹം ആവേശത്തോടെ ഓർത്തു. കാർത്തികേയേട്ടനൊപ്പമായിരുന്നു അത്. ബംഗാൾ ഒരു അനുഭവം ആയിരുന്നു. യുപിയും. കൊഹിമ, തണുപ്പ് ശാന്തത, വേറൊരു ലോകം. സന്തോഷഭരിതമായ ഓര്‍മകളാണവയെല്ലാം. ഒപ്പം നിന്നവരെ, സഹായിച്ചവരെ പേരെടുത്തു എഴുതിയാല്‍ തീരില്ല. അതിനാല്‍ പേരുകള്‍ ഒഴിവാക്കുന്നു. പ്രിയ സുഹൃത്തുക്കള്‍ ക്ഷമിക്കണം.

ബംഗാളും നോര്‍ത്ത് ഈസ്റ്റും രാജസ്ഥാനും യു.പിയും നേപ്പാളും ഭൂട്ടാനുമെല്ലാമായി എത്രയോ മനുഷ്യരെ കണ്ടുമുട്ടി, അവരുടെ സ്‌നേഹം, കരുതല്‍, ശാസനകള്‍, നിരാസങ്ങള്‍ കണ്ടു. വറ്റല്‍മുകളിലെ കുരു കളഞ്ഞ് തോരനുണ്ടാക്കിയ രുചി അറിഞ്ഞു ഞെട്ടിയത് തിംഫുവില്‍ പോകുംവഴി. കൊൽക്കത്ത പാർക്ക്‌ സ്ട്രീറ്റ് രാത്രികൾ, അടുത്ത ജന്മത്തില്‍ എനിക്കൊരു മഹുവാ മരമായി ജനിക്കണമെന്ന് ദീദി (മഹാശ്വേതാദേവി) പറഞ്ഞത് വായിച്ച കാലത്താണ് മഹുവയുടെ പൂവിട്ട് വാറ്റിയ തീ തൈലം ഛത്തീസ്ഗഡില്‍ നിന്ന് കിട്ടുന്നത്. രാഷ്ട്രപതിയുടെ ഗ്രാമത്തില്‍ സ്റ്റോറി ചെയ്യാന്‍ പോയവനോട് ഈ ഗ്രാമത്തിലേക്ക് കുടിവെള്ളവും റോഡും കിട്ടാന്‍ രാഷ്ട്രപതിയോട് റെക്കമെന്‍ഡ് ചെയ്യാമോ എന്ന് ചോദിച്ച് വേദനിപ്പിച്ചുകളഞ്ഞ ഗ്രാമീണരുടെ നാട് കാന്‍പുര്‍ ദെഹാട്ടില്‍ കണ്ടു. കൂടെ വന്ന ഒരു ഗ്രാമീണന്‍ അവന്റെ കുടിയില്‍ കൊണ്ടുപോയി വെള്ളം തന്നു. അവസ്ഥ കണ്ട് വേദനിക്കാനേ കഴിഞ്ഞുള്ളൂ. രാഷ്ട്രപതിയുടെ വാര്‍ത്ത ചെയ്യാന്‍ പോകുന്നവന്‍ രാഷ്ട്രപതിയുടെ വീട്ടില് പോയി ചായ കുടിച്ചുവെന്ന് കരുതി അവൻ രാഷ്ട്രപതിയുടെ സുഹൃത്തല്ല എന്ന് പറഞ്ഞിട്ടും അവരുടെ ലോകത്തിന് അത് മനസ്സിലാകുമായിരുന്നില്ല.

ഒരിക്കൽ ട്രെയിനിൽ വെച്ച് ഇന്ത്യ എമ്പാടും പോയതിനെക്കുറിച്ചു ഒരു വൃദ്ധൻ സംസാരിച്ചു, പോകേണ്ടതിനെക്കുറിച്ചു ഉപദേശിച്ചു. അയാൾ ഇന്ത്യയ്ക്ക് പുറത്തും പോയിട്ടുണ്ട്. തവാങ് പോകൂ സുന്ദരമാണ് എന്ന് എന്നോട് ഉപദേശിച്ചു. തവാങിൽ കുടുങ്ങി വയ്യാതായ സുഹൃത്തിനു വേണ്ടി ട്രെയിൻ യാത്രയിൽ ഞാൻ നടത്തിയ ഫോൺ പരമ്പരയാണ് അടുത്തിരുന്ന വൃദ്ധൻ ഇടപെടാൻ കാരണം. ഒടുവിൽ എങ്ങോട്ട് പോകുന്നു എന്ന് ഞാൻ ചോദിച്ചു. പുള്ളിയുടെ വാക്കുകൾ എന്നെ പൊള്ളിച്ചു. എല്ലാ അപകർഷതയെയും എടുത്ത് വലിച്ചു പുറത്തു കളയിച്ചു അത്. ഞാൻ മധുരൈ ആസ്പത്രി വരെ പോകുന്നു. അന്ധനാണ്. മുൻപ് ഒരു കണ്ണിൽ 40% കാഴ്ച ഉണ്ടായിരുന്നു ഇപ്പൊ അതു പോയി. ഒരു കണ്ണ് പണ്ടേയില്ല. ഓപ്പറേഷൻ സാധ്യത തേടിയാണ്. ഹിന്ദി മാഷ് ആയിരുന്നു. ഇപ്പോഴും ട്യൂഷൻ എടുക്കുന്നു. ഈ 40% കാഴ്ച വെച്ച് ലോകം കണ്ടു അനുഭവിച്ചു ആനന്ദിച്ചു, തൃപ്തിപെട്ടവനെ ഞാൻ അന്ന് കണ്ടു. ഉത്തരാഖണ്ഡിൽ, ചമോലിയില്‍ നിന്ന് രുദ്രനാഥിലെക്ക് പോകുമ്പോൾ കുത്തനെയുള്ള കയറ്റങ്ങള്‍ക്കിടെ പഹാഡികള്‍ ഉണ്ടാക്കിത്തരുന്ന ഉപ്പിടാന്‍ മടിയുള്ള രുചി മാത്രമല്ല അവരുടെ നിരാസക്തമായ ഒരു ചിരിയുണ്ട്. അത് കണ്ടു ആനന്ദപെട്ടു. ടിബറ്റിൽ മഞ്ഞുപുലിയെ തേടിപ്പോയ പീറ്റർ മത്തിസൺ ഒരിക്കൽ അത്തരം ഒരനുഭവം എഴുതിയിട്ടുണ്ട്. ഹിമാലയത്തിലെ അവധൂതരെപറ്റി പോൾ ബ്രണ്ടനും. രുദ്രനാഥിലെ പാതിരായ്ക്ക് ആ ഹിമാലയന്‍ ശിഖരത്തില്‍ അനുഭവിച്ച നിലാവും നക്ഷത്രങ്ങളും മറക്കില്ല. ഓക്‌സിജന്‍ കുറഞ്ഞുള്ള അസ്വസ്ഥപ്പെട്ടലും. വാരാണസിയിലെ ഗ്രീന്‍ (ഭാംഗ് ) ലെസ്സിയുടെ രുചിയും.

വേലൂരിലെ പല വായനശാലകളിലൂടെ, നടന്നും സൈക്കിള് കടമെടുത്തും പോയി എടുത്തുവായിച്ച പുസ്തകങ്ങളുടെ ഊര്‍ജ്ജത്തിലാണ് ഇന്നും ജീവിതം. ഓരോ യാത്രയും അക്കാലം ഓര്‍മിപ്പിക്കും. ഓർമ. മാർകേസിന്റെ അതെ യുദ്ധം. പല യാത്രകളും ഇഷ്ടത്തിനൊത്തുള്ള പുറപ്പെടലുകളല്ലായിരുന്നു. ജോലിയ്ക്ക് നിയോഗിക്കപ്പെടുകയാണ്. പോകുന്നവന് ചോയ്‌സില്ല, പക്ഷേ ആ യാത്രയുടെ ആകൃതി മാറ്റാന്‍ അവന് കഴിയും. അതൊരു വലിയ സാധ്യതയാണ്. ഒന്നൊന്നര സാധ്യത. അങ്ങനെയാണ് “ബേണിങ് “എന്ന സിനിമ സംഭവിച്ചത്. ഇപ്പറഞ്ഞ യാത്രകളും. ഉള്ള സമയവും സ്ഥലവും സൗകര്യവും എടുത്തു “വാക്യത്തിൽ” പ്രയോഗിച്ചതാണവയെല്ലാം. അത് ഇനിയും തുടരും. മറ്റൊരു മാധ്യമസ്ഥാപനത്തിലോ അല്ലാതെയൊ ഞാനിവിടെയൊക്കെ തന്നെ കാണും. മാതൃഭൂമിയിലെ അനുഭവങ്ങള് തന്നെ പുസ്തകത്തിനുള്ള വകുപ്പുണ്ട്. സ്വതസിദ്ധമായ അലസത ആണ് തടസ്സം. രസകരമായ എത്രയോ ഓർമ്മകൾ, ദേശങ്ങൾ, മനുഷ്യർ.

ഒര് കാര്യത്തില് നല്ല സന്തോഷമുണ്ട്. അനുസരണക്കേട്, ധിക്കാരം, വിനയക്കുറവ് എന്നീ അതിസുന്ദരമായ പേരുദോഷങ്ങള്‍ ഈ 12 വര്‍ഷത്തിനിടെ കേട്ടെങ്കിലും ജേര്‍ണലിസ്റ്റ് എന്ന നിലയില്‍ എടുത്ത ജോലിയില്‍ ഏതെങ്കിലും തെറ്റിന്റേയോ അബദ്ധത്തിന്റെയോ പേരില്‍, അല്ലെങ്കിൽ പണിയെടുക്കുന്നില്ലെന്ന പരാതിയിലോ ഒര് മെമ്മോയോ ഒര് ഫോണ്‌കോളിന്റെ ശാസന പോലുമോ കേള്‍ക്കാതെയും കിട്ടാതെയുമാണ് മാതൃഭൂമിയില്‍ നിന്ന് പടിയിറങ്ങിയത്. അതിൽ അഭിമാനം.

എന്നെ ആ ഡെസ്ക്കിൽ രൂപപ്പെടുത്തിയതില്‍ ഒരാളിനോട് ഞാന്‍ കടപെട്ടിരിക്കുന്നു. അത് എന്‍.പി. രാജേന്ദ്രന്‍ എന്ന പ്രിയപ്പെട്ട എന്‍.പി.ആറിനോടാണ്. ജനയുഗത്തില്‍ നിന്ന് മാതൃഭൂമിയിലേക്ക് പോകുമ്പോള്‍ “ഇനിയും നീ എന്റെ മുന്നിലെ കസേരയില്‍ ഇങ്ങനെ ഇരുന്നാല്‍ ഞാന്‍ കരഞ്ഞുപോകുമെന്ന്” പറഞ്ഞ ഒരു ചീഫ് എഡിറ്ററെ ഇനി സങ്കല്‍പ്പിക്കാന്‍ ആകുമോ? അങ്ങനെ ഒരാളെ ഞാൻ പിന്നീട് കണ്ടില്ല. അത് എം.പി. അച്യുതന്‍ എന്ന മനുഷ്യനാണ്. കീഴെ ഉള്ളവരെ കയ്യൊഴിയുന്ന, ഈഗോയുടെ ഈ ആറാംവാരി കാലത്ത് ഇങ്ങനെയും ചിലര്‍ എന്നതാണ് എന്റെ എന്നത്തേയും സ്നേഹാത്ഭുതം. അങ്ങനെ പലയിടത്ത്, പല കാലങ്ങളിൽ സ്‌നേഹവും കരുതലും കൊണ്ട് പലരും വീര്‍പ്പുമുട്ടിച്ചിട്ടുണ്ട്. ആരെല്ലാം ഉണ്ടായാലും ഇല്ലെങ്കിലും ഒപ്പമുള്ള യാത്രകളില്‍ എന്നും ഒരാള്‍ കൂടെയുണ്ടായി. അത് പുസ്തകങ്ങളായിരുന്നു. അതിന് ഇനിയും മാറ്റമുണ്ടാകരുത് എന്നാഗ്രഹിക്കുന്നുണ്ട്. ബിക്കാനീറിനു ഏറെ ദൂരെ കാലിബംഗ എന്ന ഹാരപ്പന്‍ സൈറ്റില്‍ പോയി തിരികെ വരുമ്പോള്‍ ബാഗ് മോഷ്ടിക്കപ്പെട്ടു. സര്‍വ്വതും പോയി. പുസ്തകങ്ങളും ക്യാമറയും പോയല്ലോ എന്ന വേദന കുറെനാള്‍ പിടികൂടി.

മറ്റൊന്നുകൂടി പറഞ്ഞ് വാക്കിന്റെ ഈ അമിതവ്യയപ്രയത്നം നിര്‍ത്തുന്നു. ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരുടെ വേജ് ബോര്‍ഡ് പരിഷ്‌കരണം സംബന്ധിച്ച സമരപരിപാടികളും പ്രതിഷേധങ്ങളുമാണ് എന്നെ കൊല്‍ക്കത്തയിലേക്ക് എത്തിച്ചത്. ഈ അനുഭവലോകം കാണിച്ചുതരാന്‍ അത് കാരണമായതിൽ സന്തോഷം. ആ പ്രക്ഷോഭത്തിന്റെ നിരയില്‍ ആവുംവിധം നിലപാടെടുത്ത് ഉറച്ചുനില്‍ക്കാന്‍ കഴിഞ്ഞതില്‍ എക്കാലവും അഭിമാനമുണ്ട്. നിലപാട് വിട്ടൊരു കളിയില്ല. ഇനി മറ്റൊരു മാധ്യമസ്ഥാപനത്തില്‍, ചിലപ്പോള്‍ മറ്റൊരു ദൗത്യത്തിലോ വേഷത്തിലോ ഈ പണിയുമായി ഇവിടെ തന്നെയുണ്ടാകും. ബാക്കി പിന്നീട് പറയാം. മാതൃഭൂമി ലേഖകന് എന്ന നിലയ്ക്ക്, അല്ലാതെയും എനിക്ക് നല്‍കിയ സഹായത്തിനും പരിധിയില്ലാത്ത സ്‌നേഹത്തിനു സഹപ്രവര്ത്തകരോടും എല്ലാ ഫ്രണ്ട്സിനോടും സന്തോഷം അറിയിക്കുന്നു.

ഇനി മുതല്‍ മാതൃഭൂമി ലേഖകനല്ലെന്ന്, ഞാൻ രാജിവെച്ചുവെന്ന് പറയാനുള്ള പരിശ്രമമായിരുന്നു ഈ കുറിപ്പ്, പക്ഷേ, ഒറ്റ വരിയില്‍ ഒതുക്കാമായിരുന്നു!വിഎസ്.സനോജ്

https://www.facebook.com/photo.php?fbid=2202401303159362&set=a.646163672116474&type=3&theater