കേരള പൊലീസിന്റെ പോസ്റ്റ് സ്ത്രീവിരുദ്ധമെന്ന് വി. ടി ബല്‍റാം, പോസ്റ്റ് പിന്‍വലിച്ച് അഡ്മിന്‍

കേരളാ പൊലീസിലെ ട്രോളന്മാര്‍ക്ക് പണി കിട്ടി. ഡ്രൈവ് ചെയ്യുന്നവര്‍ ശ്രദ്ധ പുലര്‍ത്തണമെന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി കേരളാ പൊലീസ് ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റാണ് വിവാദമായത്. പോസ്റ്റിനെതിരെ വി. ടി ബല്‍റാം എംഎല്‍എ രംഗത്തു വന്നതോടെ കേരളാ പൊലീസിലെ ട്രോളന്മാര്‍ പോസ്റ്റ് പിന്‍വലിച്ചു.

ഇരുവശവും വൃക്ഷങ്ങള്‍ നിറഞ്ഞ പ്രകൃതിരമണീയമായ റോഡിന്റെ ഒരു വശത്ത് നടി സണ്ണി ലിയോണിന്റെ  ചിത്രമുള്ള പരസ്യത്തിന്റെ ഹോര്‍ഡിംഗുള്ള പോസ്റ്റാണ് ഡ്രൈവ് ചെയ്യുന്നവര്‍ ശ്രദ്ധ പുലര്‍ത്തണമെന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന് ഉപയോഗിച്ചത്. ഇതിനെതിരെയാണ് വി ടി ബല്‍റാം രംഗത്ത് വന്നത്.

വി ടി ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഡ്രൈവ് ചെയ്യുന്നവര്‍ ശ്രദ്ധ പുലര്‍ത്തണമെന്ന ഈ സന്ദേശം പ്രചരിപ്പിക്കാന്‍ കേരള പോലീസിന് ഇതുപോലൊരു ചിത്രം യഥാര്‍ത്ഥത്തില്‍ ആവശ്യമുണ്ടോ? കേരള പോലീസിനെ നയിക്കുന്നത് ലോകനാഥ് ബഹ്രയും പിണറായി വിജയനും ആണെന്നത് കൊണ്ട് ഇത് ഒരു നിലക്കും സ്ത്രീവിരുദ്ധമല്ല എന്നുണ്ടോ?

അപാകത മനസ്സിലായതിനാലാണ് ഈ പോസ്റ്റ് പിന്‍വലിച്ചതെങ്കില്‍ കേരള പോലീസ് പേജ് അഡ്മിന് അഭിനന്ദനങ്ങള്‍.
ഇവിടെ ചൂണ്ടിക്കാട്ടിയത് വി ടി ബല്‍റാം ആണെന്നത് കൊണ്ട് മാത്രം ചൊറിയാനും തെറിയഭിഷേകം നടത്താന്നും കടന്നു വരുന്ന സൈബര്‍ സിപിഎമ്മുകാരെ പതിവ് പോലെ ബ്ലോക്ക് ചെയ്യുന്നു.