വിവാഹ മധുരമായി ഈ ഗാനങ്ങള്‍; സ്വന്തമായി ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ മക്കള്‍ക്ക് വിവാഹസമ്മാനമായി നല്‍കാനൊരുങ്ങി തച്ചങ്കരി

കെഎസ്ആര്‍ടിസി എംഡിയായി തബലയടിച്ചാണ് ടോമിന്‍ തച്ചങ്കരി ചുമതലയേറ്റത്. ഇപ്പോഴിതാ മക്കളുടെ വിവാഹച്ചടങ്ങും വ്യത്യസ്തമാക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. സ്വന്തമായി എഴുതി ഈണമിട്ട പാട്ടുകളാണ് മക്കള്‍ക്ക് വിവാഹസമ്മാനമായി നല്‍കുക. ആംഡ് പോലീസ് ബറ്റാലിയന്‍ എ.ഡി.ജി.പി. ടോമിന്‍ ജെ. തച്ചങ്കരിയുടെയും ഭാര്യ അനിതയുടെയും മൂത്ത മകള്‍ മേഘയുടെ വിവാഹവും ഇളയ മകള്‍ കാവ്യയുടെ വിവാഹ നിശ്ചയവും 30-ന് കൊച്ചിയില്‍ വെച്ചാണ്.

ഒരു സംഗീത കുടുംബമായതിനാലാണ് വിവാഹത്തിന് ഇത്തരമൊരു ആലോചനയുണ്ടായതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. തച്ചങ്കരിയുടെ വീട്ടില്‍ തന്നെയുണ്ട് പാട്ടിന്റെ ഒരു ബറ്റാലിയന്‍. രണ്ട് മക്കളും ഗിറ്റാര്‍ വായിക്കുന്നവരാണ്. അനിത പിയാനോ വായിക്കും. പി.കെ ഗോപിയുടെ രചനയില്‍ തച്ചങ്കരി സംഗീതം നല്‍കിയ “രക്ഷകാ എന്റെ പാപഭാരമെല്ലാം.., കാല്‍വരിക്കുന്നിലെ..” തുടങ്ങിയ ക്രിസ്തീയ ഭക്തിഗാനങ്ങള്‍ വലിയ ഹിറ്റുകളാണ്.

കല്യാണത്തിനു മുന്നോടിയായി 28-ന് എറണാകുളത്തെ വസതിയില്‍ നടക്കുന്ന മധുരംവെപ്പ് ചടങ്ങിലാണ് തച്ചങ്കരി എഴുതി സംഗീതം നല്‍കിയ പാട്ട് അവതരിപ്പിക്കുന്നത്. വളര്‍ത്തി വലുതാക്കിയ മക്കള്‍ വീടു വിട്ടുപോകുന്നതിന്റെ വിഷമം, ദൈവം തന്ന ദാനമായ മക്കളെ ദൈവത്തെ തിരിച്ചേല്പിക്കുന്ന വിവാഹമെന്ന ദൈവിക കൂദാശയുടെ സന്തോഷം തുടങ്ങിയ കാര്യങ്ങളാണ് “ദൈവം തന്ന ദാനം…” എന്ന പാട്ടിന്റെ ഉള്ളടക്കം. എറണാകുളം തമ്മനത്തുള്ള അദ്ദേഹത്തിന്റെ സ്റ്റുഡിയോയില്‍ ഇതിന്റെ ജോലികള്‍ പൂര്‍ത്തിയായി. തച്ചങ്കരിയും കുടുംബാംഗങ്ങളും തന്നെയാണ് പാടുന്നത്. രാത്രി മുഴുവന്‍ നീളുന്നതാണ് മധുരംവെപ്പ് ചടങ്ങും ആഘോഷങ്ങളും. സ്വന്തം പാട്ടുകളുടെതുള്‍പ്പെടെ പാരഡികളുമുണ്ടാകും. കുറച്ചുകാലമായി ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്ന തച്ചങ്കരിയുടെ ഭാര്യ അനിതയ്ക്കും ഇതൊരു പുത്തനുണര്‍വ്വാണ്.

Read more

രണ്ടു മക്കളും ബംഗളൂരുവില്‍ എന്‍ജിനീയര്‍മാരാണ്. പ്രതിശ്രുത വരന്‍മാരും അവിടെത്തന്നെ എന്‍ജിനീയര്‍മാര്‍. മൂത്ത മകള്‍ മേഘയുടെത് മിശ്രവിവാഹമാണ്. വരന്‍ കോഴിക്കോട് ചേവായൂര്‍ സ്വദേശി ഗൗതം. കൊച്ചി കോന്തുരുത്തി സെയ്ന്റ് ജോണ്‍ നെപുംസ്യാന്‍സ് പള്ളിയിലാണ് വിവാഹം. തുടര്‍ന്ന് ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സത്കാരം. കാവ്യയെ വിവാഹം ചെയ്യുന്നത് എറണാകുളം സ്വദേശി ക്രിസ്റ്റഫര്‍. ജൂലായ് ആറിന് വാഴക്കാലയിലാണ് ഇവരുടെ വിവാഹം.