എംപിമാരുടെ ശമ്പള വര്‍ധവിനെ വിമര്‍ശിക്കുന്നവര്‍ ഇതു കൂടി അറിഞ്ഞിരിക്കണമെന്ന് ശശി തരൂര്‍

എംപിമാരുടെ ശമ്പള വര്‍ധവിനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ശശി തരൂര്‍ എംപി. ഒരു എംപിക്ക് 50,000 രൂപയാണ് ശമ്പളം. ഇതിനു പുറമെ നിയോജകമണ്ഡല അലവന്‍സായി 30,000 രൂപയും ലഭിക്കുന്നുണ്ട്.

ഈ തുക ഉപയോഗിച്ച് ഡല്‍ഹിയിലെയും സ്വന്തം മണ്ഡലത്തിലെയും വസതി മെയിന്‍റെന്‍ ചെയ്യണം. ഇരു സ്ഥലങ്ങളിലും ഓഫീസും ജീവനക്കാരുമുണ്ട്. ഇവരുടെ ചെലവ് വഹിക്കണം. രണ്ടു സ്ഥലത്തുമുള്ള വാഹന യാത്ര (ഇന്ധനത്തിനുള്ള ചെലവുകള്‍ സര്‍ക്കാരില്‍ നിന്നും പ്രത്യേകം കിട്ടില്ല), വൈദ്യുതി ബില്‍ എന്നിവ നല്‍കണം (ഡല്‍ഹിയിലെ ഔദ്യോഗിക ഓഫീസില്‍ മാത്രമേ സൗജന്യമായി വൈദ്യുതി ലഭിക്കൂ).

രണ്ടു സ്ഥലങ്ങളിലും ഫോണ്‍ ബില്ലുകള്‍ ശമ്പളത്തില്‍ നിന്നും നല്‍കണം. രണ്ടു സ്ഥലത്തും സന്ദര്‍ശകര്‍ക്ക് നല്‍കുന്ന പാനീയങ്ങളും മറ്റും ചെലവ് വര്‍ധിക്കാന്‍ കാരണമാകുന്നു. ഇതു കൂടാതെ കുടുംബത്തിന്റെ ചെലവ് വഹിക്കണം.

ആവശ്യത്തിനുള്ള വരുമാനം ലഭിക്കാതെ ഇതു സാധ്യമല്ല. അല്ലെങ്കില്‍ അഴിമതിയാണ് ഒരു സ്രോതസ്സ്. എം.പി ശമ്പളം അപര്യാപ്തമാണ്. ഒരു എംപിക്ക് ഈ തുകകൊണ്ട് എന്തു ചെയ്യാനാവുമെന്ന് മനസിലാക്കാതെ വിമര്‍ശിക്കുന്നത് ശരിയില്ലെന്നും തരൂര്‍ പറയുന്നു.