‘ഷോളൊക്കെ ഇട്ട് ലൂസായ ചുരിദാറേ ഇടാന്‍ അനുവാദമുള്ളു, പിന്നെ ജീന്‍സ് ഇടാനേ പാടില്ല’; തിരുവനന്തപുരം ബി.എഡ് കോളജിലെ സദാചാര നിയമങ്ങളെ കുറിച്ച് അധ്യാപികയുടെ കുറിപ്പ്

തിരുവനന്തപുരം ബി.എഡ് കോളജിലെ സദാചാര നിയമങ്ങളെ വിമര്‍ശിച്ച് അധ്യാപിക ശ്രീലക്ഷ്മി അറയ്ക്കല്‍. ആദ്യമായി അവിടെ ചെന്നപ്പോഴുണ്ടായ തന്റെ അനുഭവം തുറന്നു പറഞ്ഞു കൊണ്ടാണ് ശ്രീലക്ഷ്മിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. ടോപ്പും ലെഗ്ഗിന്‍സും ഇട്ട് അഡ്മിഷന്‍ എടുക്കാന്‍ ചെന്ന തന്റെ വേഷം കണ്ടതേ ഒരു ടീച്ചര്‍ പറഞ്ഞതിങ്ങനെ, ‘ഇതൊന്നും ഇവിടെ പറ്റില്ല; ഷോളൊക്കെ ഇട്ട് ലൂസായ ചുരിദാര്‍ ഇട്ടുകൊണ്ട് വേണം വരാന്‍. പിന്നെ ജീന്‍സ്..അയ്യയ്യോ…അത് പാടെ പാടില്ല’ .

‘ഷാള്‍ തോന്നിയപോലെ ഒന്നും ഇടരുത്, മറയ്ക്കേണ്ടത് ഒക്കെ മറച്ച് ഇട്ടോണം ‘, എന്നായിരുന്നു മറ്റൊരു അധ്യാപകന്റെ ഉപദേശം. ഇതൊക്കെ ചോദ്യം ചെയ്താല്‍ അതൊക്കെ ഒരു സിസ്റ്റത്തിന്റെ ഭാഗമാണ്. പെട്ടെന്ന് അത് നമുക്ക് മാറ്റാന്‍ പറ്റില്ല എന്നാണ് മറുപടിയെന്നും ശ്രീലക്ഷ്മി കുറിക്കുന്നു. സഹപാഠി എഴുതിയ കഥ സഭ്യതയില്ലാത്തതാണ് എന്നു പറയുകയും ഇത്തരം കഥകള്‍ ഇവിടെ പറ്റില്ല എന്നുമായിരുന്നു അധ്യാപകരുടെ നിലപാടെന്നും ശ്രീലക്ഷ്മി പറയുന്നു.

ശ്രീലക്ഷ്മിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം ഗവൺമെന്റ് ബി എഡ്ഡ് കോളേജ് ഒരു സദാചാര കോട്ടയാണ്.
അഡ്മിഷൻ എടുക്കാൻ പോയത് ടോപ്പും ലഗ്ഗിൻ ഉം ഇട്ടുകൊണ്ടാണ്.
എന്റെ വേഷം കണ്ടതേ ഒരു ടീച്ചർ പറഞ്ഞു ‘ഇതൊന്നും ഇവിടെ പറ്റില്ല ; ഷോളൊക്കെ ഇട്ട് ലൂസായ ചുരിദാർ ഇട്ടുകൊണ്ട് വേണം വരാൻ.
പിന്നെ ജീൻസ്..അയ്യയ്യോ…അത് പാടെ പാടില്ല’

ആദ്യമായി ഒരു ചുറ്റുപാടിലേക്ക് പോവുകയല്ലേ..
മാത്രമല്ല ആറ്റുനോറ്റ് കിട്ടിയ അഡ്മിഷനും.

ഞാൻ തലകുലുക്കി സമ്മതിച്ചു.

നല്ല ഒരു ചുരിദാറുപോലും സ്വന്തമായില്ലാത്ത ഞാൻ പിന്നെ ചുരിദാറിന് വേണ്ടി കിടന്ന് പാഞ്ഞു.

മൂന്ന് സെറ്റ് ചൂരിദാറും ലൈനിങ്ങും എല്ലാം കൂടെ 2000 രൂപ..

ഇനി അതൊന്ന് തയ്ച്ച് കിട്ടാനായി കടയായ കടകളിൽ എല്ലാം കയറി വില ചോദിച്ചു.
600 for one churidar stitching.

ഇത് കേട്ട് എന്റെ ബോധം പോയി.

അങ്ങനെ മൂന്ന് ചുരിദാർ തയ്ച്ചപ്പോളേക്കും എന്റെ 4000 രൂപ പൊടിപൊടിഞ്ഞു.
Maxm 3500 രൂപക്ക് ഒരുമാസം തളളി നീക്കുന്ന എനിക്ക് ഒറ്റദിവസം കൊണ്ട് ചിലവായത് 4000 രൂപ.

അതിന് ശേഷം കലാലയത്തിലേക്ക് ചെന്നു.
അസംബ്ലി ഒക്കെ കഴിഞ്ഞ് ഒരു സർ വന്ന് പറഞ്ഞു.
‘ഷാൾ തോന്നിയപോലെ ഒന്നും ഇടരുത്,
മറക്കേണ്ടത് ഒക്കെ മറച്ച് ഇട്ടോണം ‘

ഹോ എന്തൊരു നല്ല സാർ…മറക്കേണ്ടതൊക്കെ ഷാളിട്ട് മറക്കുന്നതിനിടക്ക് ഷാളൊന്നു മാറിപോയാൽ …
ഇതോർത്ത് എന്റെ ചങ്ക് പിടഞ്ഞു.

ഈ ലോകത്തുളള മനുഷ്യൻമാരൊക്കെ ആ സാമഗ്രഹി കുടിക്കാതെ വന്നതാവും എന്നോർത്ത് ഞാൻ സമാധാനിച്ചു.

ഇതൊക്കെ സഹിച്ച് സഹിച്ച് ഇരുന്നപ്പോളാണ് പ്രിൻസിപ്പൾ ഒരു ദിവസം ക്ലാസ്സിൽ വന്നത് .
സോക്രട്ടീസിനെ പറ്റായോ പ്ലേറ്റോയെ പറ്റിയോ സർ എന്തോ പറയുകയായിരുന്നു.
“അവർ നിരന്തരം സിസ്റ്റത്തോട് കലഹിച്ചിരുന്നു; ചോദ്യം ചോദിച്ചിരുന്നു. അതിനാൽ സമൂഹം അവരെ പൊട്ടൻമാർ എന്ന് മുദ്രകുത്തിയിരുന്നു’ഇങ്ങനെ എന്തോ ഒരു വാക്യം സർ പറഞ്ഞപ്പോൾ എന്നിലെ സ്ത്രീശക്തി ഉണർന്നു.

“സർ എന്നാൽ എനിക്ക് ഒരു ചോദ്യം ചോദിക്കാനുണ്ട്.
എന്തിനാണ് ഷോൾ ഇടണം എന്ന് ഇത്ര നിർബന്ധം വെക്കുന്നത്?
എന്താണ് ലഗ്ഗീൻസ് ഇട്ടാൽ പ്രശ്നം.”

“അതൊക്കെ ഒരു സിസ്റ്റത്തിന്റെ ഭാഗമാണ്.പെട്ടന്ന് അത് നമുക്ക് മാറ്റാൻ പറ്റില്ലല്ലോ…gradually it will change.
പണ്ട് ഇവിടെ സാരി ഉടുക്കണം എന്നായിരുന്നു നിബന്ധന ;
ഇപ്പോൾ അത് മാറി ചുരിദാർ ഇടാം എന്നായല്ലോ…
അതുപോലെ ഈ സിസ്റ്റവും മാറും.” സർ പറഞ്ഞു.

ഞാൻ ആ ഉത്തരത്തിൽ ഇപ്പോളും തീരേ സന്തോഷവതി അല്ല.

എല്ലാ ബുധനാഴ്ചകളിലും അവസാന പിരീഡ് കൾച്ചറൽ ആക്ടിവിറ്റീസ് ആണ്.
ഈ കഴിഞ്ഞ ബുധനാഴ്ച എന്റെ കൂട്ടുകാരി സുദിന അവിടെ അവൾ എഴുതിയ ഒരു കഥ വായിച്ചു.
ഒരു വേശ്യ സ്ത്രീയുടെ കഥ ആയിരുന്നു അത്.

വെളളിയാഴ്ച അസംബ്ലിക്ക് ശേഷം ഒരു ടീച്ചർ വന്ന് അനൗൺസ് ചെയ്യുകയാണ് “ഇത്തരം കഥ ഒന്നും ഈ കോളേജിൽ വായിക്കാൻ പറ്റില്ല ” എന്ന്.

ആ കഥക്ക് എന്താണ് കുഴപ്പം എന്ന് ചോദിച്ചപ്പോൾ അതിൽ സഭ്യതയില്ല എന്നാണ് ഉത്തരം കിട്ടിയത്.

ഇത്തരം ടീച്ചേഴ്സാണ് ബി.എഡ് കുട്ടികളെ പഠിപ്പിക്കുന്നത് എന്നോർത്തപ്പോൾ തന്നെ എനിക്ക് നാണക്കേട് തോന്നി.
ഒരു സാഹിത്യ സൃഷ്ടിപോലും കേട്ടിരിക്കാനുളള സഹിഷ്ണുത പലർക്കും ഇല്ല എന്നോർത്തപ്പോൾ എനിക്ക് വളരെ സങ്കടം ആയി.
ഇവർ ട്രെയിൻ ചെയ്യുന്ന കുട്ടികളാണാ നാളെ ക്ലാസ്റൂമിൽ പോയി ഒരു ജനതയേ വാർത്തെടുക്കുന്നത്.

നാളെ മലയാളം പ്ലസാടൂ സിലബസിൽ ലൈംഗീകത പരാമർശിക്കുന്ന ഒരു പാഠം ഉൾക്കൊളളിച്ചാൽ ആ പോർഷൻ സ്കിപ്പ് ചെയ്ത് ഇവർ ക്ലാസ് എടുക്കുമോ?

ബയോളജി പിരിഡിലെ reproduction എന്ന ചാപ്റ്റർ ഇവർ ട്രെയിൻ ചെയ്യുന്ന കുട്ടികൾ ഏത് രീതിയിലാവും എടുത്ത് കൊടുക്കുക?

ഒരു കുട്ടി ഒരു വേശ്യയേ പറ്റി കഥ എഴുതികൊണ്ട് വന്നാൽ ഏത് രീതിയിലാവും ആ കുട്ടിയോട് ഇവർ ട്രെയിൻ ചെയ്യുന്ന ടീച്ചേഴ്സ് പ്രതികരിക്കുക?

ഇതെല്ലാം ഓർക്കുമ്പോ നല്ല റിലാക്സേഷൻ ഉണ്ട്.