കാലുകളില്ലെങ്കിലെന്ത്? നടത്തം ഉഷാര്‍!; ഇരുകാലുകളും നഷ്ടപ്പെട്ട ആമയ്ക്ക് ‘വീല്‍ ചെയര്‍’ ഒരുക്കി യുവതി

രണ്ട് കാലുകളുമില്ലാത്ത ആമയ്ക്ക് പ്രത്യേകതരം വീല്‍ചെയര്‍ ഘടിപ്പിച്ചു നല്‍കി ഉടമ. സാന്ദ്രാ ട്രെയ്‌ലര്‍ എന്ന യുവതിയാണ് 15 വയസ് പ്രായമുളള പെഡ്രോ എന്ന വളര്‍ത്ത് ആമയ്ക്ക് വീല്‍ ചെയര്‍ ഘടിപ്പിച്ചു നല്‍കിയത്. മൂന്ന് കാലുകള്‍ മാത്രമേ ദത്തെടുക്കുമ്പോള്‍ പെഡ്രോയ്ക്ക് ഉണ്ടായിരുന്നുള്ളു. പിന്നില്‍ ഒരു കാലും മുമ്പില്‍ രണ്ട് കാലുകളും. എന്നാല്‍ കുറച്ച് മാസങ്ങള്‍ക്ക് ശേഷം പെഡ്രോയെ വീട്ടിന്റെ പിന്നിലെ മുറ്റത്ത് നിന്നും കാണാതായി. പിന്നീട് തിരിച്ച് വന്നപ്പോള്‍ പിന്നിലുള്ള അവശേഷിച്ച കാലും നഷ്ടമായിരുന്നു.

അമേരിക്കയിലെ ലൂസിയാന സര്‍വകലാശാലയുടെ കീഴിലുളള സ്‌കൂള്‍ ഓഫ് വെറ്ററിനറി മെഡിസിന്‍ ആശുപത്രിയില്‍ പെഡ്രോയെ കാണിച്ചു. മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും പെഡ്രോയ്ക്ക് ഇല്ലായിരുന്നു. പക്ഷെ കാലുകള്‍ വെച്ച് പിടിപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ഡോക്ടര്‍മാര്‍ സാന്ദ്രയോട് പറഞ്ഞു. എന്നാല്‍ കാലുകള്‍ക്ക് പകരമായി പെഡ്രോയുടെ പിന്നില്‍ ചക്രങ്ങള്‍ ഘടിപ്പിക്കാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

തുടര്‍ന്ന് പെഡ്രോയുടെ ശരീര ഭാരത്തിന് അനുസരിച്ച് ഭാരം കുറഞ്ഞ ഉപയോഗപ്രദമായ ചക്രം പിറകില്‍ ഘടിപ്പിച്ചു. ചക്രം ഉപയോഗിച്ച് നടക്കുന്ന പെഡ്രോയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ഇതിനകം വൈറലായി കഴിഞ്ഞു.