അശാന്തനോട് ചെയതതിന് കേരളം വലിയ വില കൊടുക്കേണ്ടിവരുമെന്ന് ഷഹബാസ്; ‘ഇതുപോലെ ദുര്‍ഘടം പിടിച്ച ഒരു നാട് വേറെ ഇല്ലെന്ന് പുറം ലോകം പറയുന്ന കാലം’

കേരളം പോലെ ദുര്‍ഘടം പിടിച്ച ഒരു നാട് വേറെ ഇല്ലെന്ന് അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ പുറം ലോകത്തെക്കൊണ്ട് പറയിപ്പിക്കാനുള്ള എല്ലാ സെറ്റപ്പും ഏകദേശം ആയിക്കഴിഞ്ഞെന്ന് ഷഹബാസ് അമന്‍. ഒരു നിലക്ക് നോക്കിയാല്‍ തത്വചിന്താപരമായി അശാന്തന്‍ എന്ന പേര് സ്വയം സ്വീകരിച്ച ഒരു ചിത്രകാരനു മാത്രമേ പോകുന്ന പോക്കില്‍ അങ്ങനെയുള്ളൊരു ദു:സൂചന സ്വന്തം നാടിനെക്കുറിച്ച് ഇത്ര മേല്‍ കൃത്യമായി വരച്ചു കാണിക്കാനാവുകയുള്ളു! മരണവര എന്ന് പറയാവുന്ന ഒന്നുണ്ടെങ്കില്‍ അത് ഇതാണ് !- പ്രശസ്ത ചിത്രകാരന്‍ അശാന്തന്റെ മൃതദേഹത്തോട് സംഘപരിവാര്‍ കാണിച്ച ക്രൂരതയോട് പ്രതികരിക്കുകയായിരുന്നു ഷഹബാസ്.

പെയ്‌സ്ബുക്ക് പോസ്റ്റിന്റെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ

ഒരു വലിയ കലാകാരന്‍ ഇത്രയേറെ അപമാനിക്കപ്പെട്ട് ഈ ഭൂമിയില്‍ നിന്നും തിരിച്ചു പോകേണ്ടി വരുന്നതും സാധാരണ മനുഷ്യവര്‍ഗത്തിന്റെ ചരിത്രത്തില്‍ത്തന്നെ ഒരുപക്ഷെ അപൂര്‍വ്വമായിട്ടായിരിക്കും. ഇനി അങ്ങനെ അല്ല എന്നുണ്ടെങ്കിലും അങ്ങനെത്തന്നെ അതിനെ കാണണം !ജാതി പ്രശ്‌നം ഉറപ്പായിട്ടും ഇതില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ത്തന്നെ കട്ടക്ക് നില്‍ക്കുന്ന വേറൊരു കാര്യം കൂടി കാണാതെ പോകരുത് .അത് കലാ ബോധത്തിന്റെ വലിയൊരു പ്രശ്‌നമാണ് . സിനിമാ താരങ്ങളെപ്പോലെയോ രാഷ്ട്രീയക്കാരെപ്പോലെയോ സംഗീതകാരെപ്പോലെയോ സാഹിത്യകാരെപ്പോലെയോ ഒന്നും കേരളത്തിലെ ഭരണ വിഭാഗത്തിനോ മറ്റു ഭൂരിപക്ഷ പൗരര്‍ക്കോ ഒന്നും ബൗദ്ധികമായി ഒരു കാലത്തും മനസ്സിലാക്കാന്‍ കഴിയാത്ത തരത്തിലുള്ള ഒരു ചിത്രകലാകാരന്‍ കൂടിയാണു -അങ്ങനെയുള്ള കുറച്ച് ചിത്രകാരില്‍ ഒരാളാണ് – അശാന്തന്‍ എന്നതും വാസ്തവത്തില്‍ അയാളെ ഈ വിഷയത്തില്‍ ‘ഒറ്റക്ക്’ ഒരു മൂലക്കലാക്കുന്നുണ്ട് . നൂറു ബിനാലെ കൊണ്ടും അക്കാര്യത്തിലൊന്നും നമ്മള്‍ സാക്ഷരരാവാനുള്ള സാധ്യത കാണുന്നില്ല .

കേരളം ഇതിനു വലിയ വില കൊടുക്കേണ്ടി വരും എന്നുറപ്പാണ് .കൃത്യമായി പറഞ്ഞാല്‍ ഈ ഒരു സംഭവവും കൂടി ആയതോടെ ഭാവിയിലേക്ക് ഇന്ത്യയിലെ ഏറ്റവും ദുഷിച്ചതും സാംസ്‌കാരികമായി പൊള്ളയായതുമായ വാസസ്ഥലങ്ങളില്‍ ഒന്ന് തങ്ങളുടെ പേരക്കുട്ടികളുടെയോ അല്ലെങ്കില്‍ അവരുടെ മക്കളുടേയോ പേരില്‍ എഴുതി ഒപ്പിട്ടു വെക്കുകയാണ് മുഴുവന്‍ മലയാളികളും ചെയ്തത് എന്ന് ഉള്ള് പിടയുന്നുണ്ട്.

അതേ സമയം തന്നെ ,ഏത് തരം കലാജീവനുകളേയും പൊതുവെ ഇഷ്ടപ്പെടുന്ന വളരെ സാധാരണക്കാരായ ഹിന്ദു /അമ്പല/ദൈവ വിശ്വാസികളെയടക്കം തിരിച്ചു പ്രതികരിക്കാനാവാത്ത വിധം മൗനത്തിലാഴ്ത്തിക്കൊണ്ട് ‘യഥാര്‍ത്ഥ ശത്രു പക്ഷം’ ബോധപൂര്‍വ്വം കൈയ്യൂക്ക് ഉപയോഗിച്ച് നടത്തിയ വേഗതയാര്‍ന്ന ഒരു പരീക്ഷണ യുദ്ധനീക്കങ്ങളിലൊന്നായി ഭരണകൂടം (പ്രത്യേകിച്ചും ) ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗം കേരളീയരും ഒന്നടങ്കം ഇതിനെ കാണുന്നില്ലെന്നത് പേടിപ്പിക്കുന്ന ഒരറിവാണു!

അശാന്തനു വേണ്ടി ഇന്നലെ നടന്ന സ്വന്തം സംഗീത പരിപാടിയില്‍ സങ്കടവും അരിശവും പേടിയും കലര്‍ന്ന ഒരു പാട്ട് സമര്‍പ്പിക്കാന്‍ മാത്രമേ ഇതെഴുതുന്നയാള്‍ക്ക് കഴിഞ്ഞുള്ളൂ എന്നതാണു യഥാര്‍ത്ഥ സത്യം! ബാക്കിയെല്ലാം വാക്കുകള്‍ മാത്രം.വാക്കുകള്‍ കൊണ്ടെന്തുകാര്യം?

 

https://www.facebook.com/photo.php?fbid=1586207911494934&set=a.273755206073551.62794.100003172201147&type=3&theater