എന്താണ് ആര്‍ജെ സൂരജ് ചെയ്ത തെറ്റ്: ബഷീര്‍ വള്ളിക്കുന്ന് പറയുന്നത് ഇങ്ങനെ

മലപ്പുറത്തെ തട്ടമിട്ട പെണ്‍കുട്ടികളുടെ ജിമിക്കി കമ്മല്‍ ഡാന്‍സിനെ അനുകൂലിച്ച് ദോഹയിലുള്ള എഫ്എം സ്റ്റേഷനിലെ ആര്‍ജെ സൂരജ് പോസ്റ്റ് ചെയ്ത വീഡിയോ വൈറലായിരുന്നു. ഇതിന്റെ പേരില്‍ സൂരജിന് വലിയ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നു. വന്‍വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ സൂരജിന് ജോലി പോലും രാജിവെയ്‌ക്കേണ്ടി വന്നു. എന്തുകൊണ്ട് ഇത്തരം സാഹചര്യമുണ്ടാകുന്നു എന്ന വിശകലനം നടത്തുകയാണ് ബ്ലോഗറും എഴുത്തുകാരും മുന്‍മാധ്യമ പ്രവര്‍ത്തകനുമായ ബഷീര്‍ വള്ളിക്കുന്ന്. ബഷീറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ.

മലപ്പുറത്തെ പെണ്‍കുട്ടികളുടെ ഡാന്‍സിനെക്കുറിച്ച് അഭിപ്രായം പറഞ്ഞ ആര്‍ ജെ സൂരജിന് നേരെയുള്ള ഭീഷണികളും അതേത്തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും ശ്രദ്ധിക്കാനിടയായി..

എന്താണ് സൂരജ് ചെയ്ത തെറ്റ്?.

പെണ്‍കുട്ടികളുടെ ഫ്ളാഷ് മോബിനെക്കുറിച്ച് ചിലര്‍ കടുത്ത ഭാഷയില്‍ വിമര്‍ശനമുയര്‍ത്തി. ആ പെണ്‍കുട്ടികളെ സോഷ്യല്‍ മീഡിയയില്‍ അവഹേളിച്ചു. സ്വാഭാവികമായും ആ അവഹേളങ്ങള്‍ക്കെതിരെ സ്വാതന്ത്ര്യ ബോധമുള്ള പലരും പ്രതികരിച്ചു. ഞാനും പ്രതികരിച്ചിരുന്നു. സൂരജിന്റെ പ്രതികരണവും ഞാന്‍ ഇപ്പോള്‍ കണ്ടു.. ആ പ്രതികരണത്തില്‍ പ്രതിഷേധമുയര്‍ത്തേണ്ട ഒരു തരിമ്പും ഉണ്ടായിരുന്നില്ല. ഹാദിയയുടെ വ്യക്തി സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവര്‍ മലപ്പുറത്തെ പെണ്‍കുട്ടികളുടെ വ്യക്തി സ്വാതന്ത്ര്യത്തിന് വില കല്പിക്കുന്നില്ലേ എന്ന വളരെ സ്വാഭാവികമായ ഒരു ചോദ്യമാണ് തന്റേതായ ശൈലിയില്‍ ആ യുവാവ് ഉയര്‍ത്തിയത്. അതിനാണ് ഈ പുകിലെല്ലാം ഉണ്ടാക്കിയിരിക്കുന്നത്. അയാള്‍ക്ക് ഭീഷണി, അയാള്‍ വര്‍ക്ക് ചെയ്യുന്ന സ്ഥാപനത്തിലേക്ക് ഭീഷണി. അയാളുടെ പേജില്‍ തെറികളുടെ പ്രവാഹം. അവസാനം ആ യുവാവിന് മാപ്പ് പറയേണ്ടി വന്നിരിക്കുന്നു. റേഡിയോയിലെ ജോലി ഉപേക്ഷിക്കുകയാണ് എന്ന് പറയേണ്ടി വന്നിരിക്കുന്നു.

എന്തൊരു ദുരന്ത കാലത്തിലൂടെയാണ് നാമൊക്കെ കടന്നു പോകുന്നത്. നാണം കൊണ്ട് തൊലിയുരിഞ്ഞു പോകുന്നു. മതവിശ്വാസത്തെക്കുറിച്ച് ഒരു ചെറിയ സാമൂഹ്യ വിമര്‍ശനം പോലും ഉള്‍കൊള്ളാന്‍ സാധിക്കാത്ത വിധം ഭ്രാന്ത് തലക്ക് കയറിയ ഒരു കൂട്ടം പേപ്പട്ടികള്‍ നമ്മുടെ സാമൂഹ്യാന്തരീക്ഷത്തെ വല്ലാതെ മലിനപ്പെടുത്തുകയാണ്. വിമര്‍ശനങ്ങളുടെ പെരുമഴക്കാലത്തിലൂടെയാണ് പ്രവാചകന്‍ കടന്ന് പോയത്. അതിരൂക്ഷമായ വിമര്‍ശനങ്ങളോട് പോലും ക്ഷമയും സമചിത്തതയും കൈവിടാതെ പ്രതികരിച്ച ഒരു പ്രാവാചകന്റെ അനുയായികളെന്നു പറയുന്ന ചിലര്‍ കാട്ടിക്കൂട്ടുന്ന അസഹിഷ്ണുത കാണുമ്പോള്‍ അറിയാതെ ചോദിച്ചു പോവുകയാണ്.. നിങ്ങളൊക്കെ ഏത് പ്രവാചകന്റെ അനുയായികളാണ്?.

സംഘ പരിവാര്‍ ഫാസിസത്തെ എതിര്‍ക്കുന്ന ആളുകളാണല്ലോ നിങ്ങളൊക്കെ.. നിങ്ങളൊക്കെ എന്ന് പറഞ്ഞാല്‍ സൂരജിന് നേരെ ഉറഞ്ഞു തുള്ളിയ ആളുകളൊക്കെ എന്നാണ് ഉദ്ദേശിക്കുന്നത്, മറ്റാരെയുമല്ല. ഏത് ഫാസിസത്തെയാണ് നിങ്ങള്‍ എതിര്‍ക്കാന്‍ പോകുന്നത്. അതിനുള്ള നിങ്ങളുടെ അര്‍ഹത എന്തുണ്ട്?. ഒരു ചെറിയ സാമൂഹ്യ വിമര്‍ശനം നടത്തിയ വ്യക്തിയോട് പോലും സഹിഷ്ണുത കാണിക്കാന് പഠിച്ചിട്ടില്ലാത്ത നിങ്ങള്‍ക്ക്, മറ്റുള്ളവന്റെ അസഹിഷ്ണുതയെക്കുറിച്ച് സംസാരിക്കാന്‍ എന്താണ് അര്‍ഹത.

കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുക എന്നൊരു പ്രയോഗമുണ്ട്.. ആ കാറ്റാണ് നിങ്ങളില്‍ ചിലര്‍ വിതയ്ക്കുന്നത്. കൊടുങ്കാറ്റ് കൊയ്യേണ്ടി വരും.. അപ്പോള്‍ നിലവിളിക്കരുത്.

സൂരജിന് പിന്തുണ.. സൂരജിന് മാത്രമല്ല, അഭിപ്രായ സ്വാതന്ത്ര്യത്തിനും സഹിഷ്ണുതക്കും വേണ്ടി നിലകൊള്ളുന്ന മുഴുവന്‍ മനുഷ്യര്‍ക്കും പിന്തുണ. അതിനെ എതിര്‍ക്കുന്ന മുഴുവന്‍ പേപ്പട്ടികളോടും വിയോജിപ്പ്.

Read more

https://www.facebook.com/vallikkunnu/posts/10210996926745386