‘പതിനെട്ട് ലോഡ് സ്നേഹം’; തെക്കന്‍-മൂര്‍ഖന്‍ വിഭാഗീയ പരാമര്‍ശങ്ങളെ പൊളിച്ചടുക്കി കളക്ടര്‍ ബ്രോ

തെക്കന്‍-മൂര്‍ഖന്‍ പരാമര്‍ശങ്ങള്‍ നടത്തി സോഷ്യല്‍ മീഡിയയില്‍ പരസ്പരം വാക്‌പോര് നടത്തുന്നതിനിടെ വയനാട്ടിലെ ദുരന്തബാധിതര്‍ക്കായുള്ള സഹായവുമായി തിരുവനന്തപുരം നഗരസഭയുടെ പതിനെട്ടാമത് ലോറിയും വയനാട്ടിലെത്തി. ‘പതിനെട്ട് ലോഡ് സ്നേഹം’ എന്ന കുറിപ്പോടു കൂടി കോഴിക്കോട് കളക്ടറായിരുന്ന പ്രശാന്ത് ഐ.എ.എസാണ് ഈ ചിത്രം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്.

കേരളം പ്രളയത്തെ ഒറ്റക്കെട്ടായി അതിജീവിക്കുന്നതിനിടെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ പരസ്പരം കുറ്റപ്പെടുത്തലുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. സിനിമാ താരം പാര്‍വ്വതിയുടെ പേരില്‍ പോലും ഭിന്നത പ്രചരിപ്പിക്കുന്ന വ്യാജ പോസ്റ്റുകള്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു.

തിരുവനന്തപുരത്ത് നിന്ന് പ്രധാനമായും മേയറുടെ നേതൃത്വത്തിലാണ് മലബാറിലേക്ക് അയക്കാനായി സാധനങ്ങള്‍ ശേഖരിച്ചിരുന്നത്. ഡി.വൈ.എഫ്.വൈയുടെ നേതൃത്വത്തിലും പത്ത് ലോഡ് മലബാറിലേക്കെത്തിയിരുന്നു.

മാധ്യമപ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും വിദ്യാര്‍ത്ഥികളുമെല്ലാം തങ്ങളുടേതായ രീതിയില്‍ സാധനങ്ങള്‍ അയച്ചിരുന്നു.