കെ.എസ്.ആര്‍.ടി.സി: 'സ്വയംപര്യപരാപ്തമാക്കാന്‍ സര്‍ക്കാര്‍ പ്രതിഞ്ജാബദ്ധമാണ്, പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ഒപ്പമുണ്ടാകും'

കെ.എസ്.ആര്‍.ടി.സിയിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തി കെ.എസ്.ആര്‍.ടി.സിയെ സ്വയംപര്യപരാപ്തമാക്കാന്‍ സര്‍ക്കാര്‍ പ്രതിഞ്ജാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെന്‍ഷന്‍ ഉള്‍പ്പടെയുള്ള എല്ലാ പ്രതിസന്ധികളും പരിഹരിക്കാന്‍ കെ.എസ്.ആര്‍.ടി.സിക്കൊപ്പം സര്‍ക്കാരും ഊര്‍ജ്ജിത ശ്രമത്തിലാണ്. മാര്‍ച്ച് മാസം മുതല്‍ കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ വിഷയത്തില്‍ പരിഹാരമാകും. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം പെന്‍ഷന്‍ വിതരണത്തിന് സഹകരണ വകുപ്പ് പദ്ധതി തയാറാക്കി. 224 കോടി രൂപ പെന്‍ഷന്‍ കുടിശ്ശികയായി നല്‍കാനുണ്ട്. ജനുവരി മാസത്തെ മാത്രം പെന്‍ഷന്‍ തുക 60 കോടി രൂപയാണ്. ആദ്യ ഗഡുവായി 284 കോടി രൂപ അടുത്ത മാസം സഹകരണ ബാങ്കുകള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു

സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കെ.എസ്.ആര്‍.ടി.സി.യെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് ശാശ്വതമായി രക്ഷിക്കുന്നതിനുള്ള ക്രിയാത്മകവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. കെ.എസ്.ആര്‍.ടി.സിയെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റാന്‍ പ്രൊഫ. സുശീല്‍ ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വരുമാന വര്‍ദ്ധനവിനും കാര്യക്ഷമായ പ്രവര്‍ത്തനത്തിനും അനുഗുണമായി ഷെഡ്യൂളുകള്‍ പുനക്രമീകരിക്കുകയും ജോലി സമയം 8 മണിക്കൂറായി നിജപ്പെടുത്തുകയും ചെയ്തു. വാഹന ഉപയോഗ നിരക്ക് ദേശീയ ശരാശരിക്കൊപ്പം എത്തുന്നതിനുതകുംവിധം വര്‍ക്ക്‌ഷോപ്പുകളുടെ പ്രവര്‍ത്തനത്തിലും ഇതര സെക്ഷനുകളിലും മാറ്റങ്ങള്‍ വരുത്തി. ഇന്ധനോപയോഗക്ഷമത വര്‍ദ്ധിപ്പിക്കാനും ഷെഡ്യൂളുകള്‍ പുനക്രമീകരിച്ച് വരുമാനം വര്‍ദ്ധിപ്പിക്കാനും നടപടി കൈക്കൊണ്ടിട്ടുണ്ട്. തൊഴിലാളി സംഘടനകളുടെ കൂടി പിന്തുണയോടെ മുഴുവന്‍ ഷെഡ്യൂളുകളും ഡ്യൂട്ടി രീതിയും ഏകീകരിക്കുന്നതിന് നടപടിയും സ്വീകരിച്ചിട്ടുണ്ടെന്നും പിണറായി വ്യക്തമാക്കി.

ഡീസലിന്റെ അനിയന്ത്രിതമായ വിലക്കയറ്റം കൂനിന്‍മേല്‍ കുരു എന്ന പോലെയുള്ള സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ ഡിസംബറില്‍ കേന്ദ്ര സര്‍ക്കാര്‍ ഡീസല്‍ വില വര്‍ദ്ധിപ്പിച്ചതു മൂലം പ്രതിമാസം 10 കോടി രൂപയുടെ അധിക ചെലവുണ്ടായിട്ടുണ്ട്. ഇത് കെ.എസ്.ആര്‍.ടി.സി പ്രതിസന്ധിയുടെ ആക്കം കൂട്ടിയിരിക്കുകയാണ്.

കഴിഞ്ഞ സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സി.ക്ക് നല്‍കിയ പദ്ധതിയേതര സാമ്പത്തിക സഹായം 1220.82 കോടിയും ഗ്രാന്റായി 32 കോടിയുമാണ് നല്‍കിയത്. ഈ സര്‍ക്കാര്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ തന്നെ 1075.28 കോടി രൂപ കെ.എസ്.ആര്‍.ടി.സി.ക്ക് സാമ്പത്തികസഹായമായി നല്‍കികഴിഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ ഇടപെടലോടെ 9 ശതമാനം പലിശ നിരക്കില്‍ എസ്.ബി.ഐ. കണ്‍സോര്‍ഷ്യത്തില്‍ നിന്നും പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി 3,350 കോടി രൂപ വായ്പ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചു. ഇത് ഈമാസം ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പുനരുദ്ധാരണ പദ്ധതിയിലൂടെ പ്രതിമാസം 60 കോടി രൂപ കെ.എസ്.ആര്‍.ടി.സി.ക്ക് വായ്പാ തിരിച്ചടവില്‍ കുറവുവരുമെന്നാണ് കണക്കാക്കുന്നത്.

Read more

തൊഴിലാളികളുടെയും സര്‍ക്കാരിന്റെയും യോജിച്ചുള്ള പ്രവര്‍ത്തനവും ഇച്ഛാശക്തിയും ഒത്തു ചേര്‍ന്ന് കെ.എസ്.ആര്‍.ടി.സിയെ രാജ്യത്തിനു തന്നെ മതൃകയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പിണറായി പറഞ്ഞു