442 രൂപയ്ക്ക് ഒരു മുറി തന്നെ തരാമെന്ന് ഓയോ; ട്രോളില്‍ മുങ്ങി ഹോട്ടല്‍ മാരിയറ്റ്

രണ്ട് പഴത്തിന് നികുതിയടക്കം 442.50 രൂപയുടെ ബില്ലിട്ട ജെഡബ്ല്യു മാരിയറ്റിനെ പരിഹസിച്ച് ഓണ്‍ലൈന്‍ റൂം ബുക്കിംഗ് സംവിധാനമായ ഓയോയും രംഗത്ത്. പഴത്തൊലിയില്‍ തെന്നി വീഴരുതെന്നും 442 രൂപയ്ക്ക് ഒരു മുറി തന്നെ തരാമെന്നുമാണ് ഓയോയുടെ പരിഹാസം. നേരത്തേ ഹോട്ടല്‍ ഭീമനായ താജും മാരിയറ്റിനെ ട്രോളിയിരുന്നു. അതിഥികള്‍ക്ക് പഴങ്ങള്‍ സമ്മാനമായി നല്‍കാമെന്നായിരുന്നു താജിന്റെ വാഗ്ദാനം.

കഴിഞ്ഞ ദിവസമാണ് അമ്പരപ്പിക്കുന്ന ബില്ല് രാഹുല്‍ ബോസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ജിം സെഷന് ശേഷം ഓര്‍ഡര്‍ ചെയ്ത രണ്ട് വാഴപ്പഴത്തിനാണ് ഈ ബില്ല് ചുമത്തിയിരിക്കുന്നത്. ഇത്തരം കൊള്ളവില ഈടാക്കിയതിനെതിരെ താരത്തിന്റെ ആരാധകരും രംഗത്തു വന്നിട്ടുണ്ട്. പഴങ്ങള്‍ക്ക് ഇത്തരത്തില്‍ ജി.എസ്.ടി ഏര്‍പ്പെടുത്താനാകില്ലന്നും ആരാധകര്‍ പറയുന്നു.

ഒഴിവാക്കപ്പെട്ടവയായിട്ടും പഴത്തിന് 18 % ജിഎസ്ടി ചുമത്തുകയായിരുന്നു. ഇതോടെ സംസ്ഥാന എക്സൈസ് നികുതി വകുപ്പ് ഹോട്ടലിന് 25000 രൂപ പിഴയിടുകയും ചെയ്തു. ഒഴിവാക്കപ്പെട്ട ഉത്പന്നത്തില്‍ നികുതി ചുമത്തുന്നതിനെതിരെയുള്ള സിജിഎസ്ടി നിയമത്തിലെ 11-ാം വകുപ്പ് പ്രകാരമാണ് നടപടി. ജൂലൈ 22- നാണ് രാഹുല്‍ മാരിയട്ടിനെതിരെ ദുരനുഭവം വിവരിച്ച് വീഡിയോ പങ്കുവെച്ചത്.