സന്തോഷം വേണമെങ്കില്‍ വിവാഹം കഴിക്കാതിരുന്നാല്‍ മതി; താന്‍ ഇത്രയും കാലം ജീവിച്ചത് വിവാഹം കഴിക്കാത്തതു കൊണ്ട്; 107 വയസ്സുള്ള മുത്തശ്ശി പറയുന്നു

അവിവാഹിതയായി തുടരുന്നതു കൊണ്ടാണ് താനിപ്പോഴും സന്തോഷവതിയായിരിക്കുന്നതെന്ന് പറയുകയാണ് ന്യൂയോര്‍ക്ക് ബ്രോണ്‍ക്സില്‍ നിന്നുള്ള മുത്തശ്ശി. നൂറിലധികം സുഹൃത്തുക്കളും, കുടുംബക്കാരും ഒരുമിച്ചു കൂടി 107-ാമത്തെ പിറന്നാള്‍ ആഘോഷിക്കവെയാണ് മുത്തശ്ശി തന്റെ ജീവിത രഹസ്യം വെളിപ്പെടുത്തിയത്.

സിഗ്‌നോറില്‍ 1912 ജൂലൈ 31 ന് ജനിച്ച ലൂയിസ് ജീന്‍ തന്റെ ജീവിതകാലം മുഴുവന്‍ സന്തോഷത്തോടെയാണ് ജീവിച്ചത്. വളരെ സ്വാതന്ത്ര്യത്തോടെ തനിച്ചായിരുന്നു അവര്‍ ജീവിച്ചത്. തന്റെ ആയുസ്സിന്റേയും, സന്തോഷത്തിന്റേയും രഹസ്യം വിവാഹം കഴിക്കാതിരുന്നതാണെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഇവര്‍ പുരുഷന്മാരില്‍ നിന്ന് അകന്ന് ജീവിച്ച ആളായിരുന്നില്ല. സന്തോഷം വേണമെങ്കില്‍ വിവാഹം കഴിക്കാതിരിക്കൂ എന്നും ഇവര്‍ പറയുന്നു.

നല്ല ഭക്ഷണവും, വ്യായാമവും, സമയത്തുള്ള ഉറക്കവും ആരോഗ്യം നിലനിര്‍ത്തുന്നുവെന്ന് ലൂയിസ് പറയുന്നു. ലൂയിസിന് നാല് സഹോദരങ്ങളാണുള്ളത്. അതില്‍ മൂന്ന് പേര്‍ ഇന്നും ജീവിച്ചിരിക്കുന്നു. അതില്‍ ഏറ്റവും ഇളയ സഹോദരിക്ക് കഴിഞ്ഞ മാര്‍ച്ചില്‍ 102 വയസ് തികഞ്ഞു. വ്യായാമത്തിന് പുറമെ എല്ലാ ദിവസവും ഇവര്‍ നൃത്തം ചെയ്യാനും സമയം കണ്ടെത്തുന്നു.