കേശപരിചരണ ഉത്പന്നത്തിന്റെ പരസ്യത്തിന് ഹിജാബണിഞ്ഞ മോഡല്‍

മുടിയുടെ സൗന്ദര്യപരിചരണ ഉത്പന്നങ്ങളുടെ പരസ്യത്തില്‍ ഹിജാബണിഞ്ഞ മോഡല്‍. മുടി പുറത്ത് കാണിക്കാതെ എങ്ങനെ മുടിയുടെ പരസ്യം എന്നാണോ സംശയം. മോഡല്‍ തന്നെ ഉത്തരം പറയട്ടെ. മുടി വെളിയില്‍ കാണിക്കാത്ത സ്ത്രീകള്‍ മുടി സംരക്ഷിക്കുന്നവരല്ലെന്ന മുന്‍ധാരണയുടെ ആവശ്യമെന്തെന്നാണ് ഇതേ കുറിച്ച് പരസ്യത്തിലെ മോഡലായ അമീന ഖാന്റെ ചോദ്യം. മുടി സംരക്ഷണം സ്വയം പരിചരണത്തിന്റെ ഒരുഭാഗമാണെന്നു അമീന പറയുന്നു. പ്രമുഖ കേശപരിചരണ ഉത്പന്നങ്ങളുടെ നിര്‍മാതാക്കളായ ലോറിയലാണ് കേശസൗന്ദര്യ സങ്കല്‍പങ്ങല്‍ പൊളിച്ചെഴുതിയ ഈ പരസ്യത്തിന് പിന്നില്‍.

https://www.instagram.com/p/Bd7WvmhHb4r/?taken-by=amenaofficial

20 വയസ്സുള്ളപ്പോള്‍ മുതലാണ് ഹിജാബ് ധരിക്കാന്‍ ആരംഭിച്ചത്. തന്നെ സംബന്ധിച്ചിടത്തോളം തന്റെ സ്ത്രീത്വത്തിന്റെ ഭാഗമാണ് മുടിയെന്ന് അമീന പറയുന്നു. മുടി സ്‌റ്റൈലിങ് ചെയ്യുന്നത് തനിക്ക് ഇഷ്ടമാണ്. മുടി സംരക്ഷണത്തിനായിട്ടുള്ള ഉല്പന്നങ്ങള്‍ മുടിയില്‍ പരീക്ഷിക്കാനും താല്പര്യപ്പെടുന്നു. മുടിക്ക് നല്ല മണമുണ്ടാകണമെന്നും ആഗ്രഹിക്കുന്നുണ്ട്. ഇതെല്ലാം താനാരാണെന്നുള്ളതിന്റെ പ്രകാശനമാണെന്ന് അമീന പറയുന്നു.

കേശസൗന്ദര്യ ഉല്പന്നങ്ങളുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മോഡല്‍ മുടി കാണിക്കാതെ ഹിജാബ് ധരിച്ചെത്തുന്നത്. ലെയ്സസ്റ്റര്‍ സ്വദേശിനിയും ബ്യൂട്ടി ബ്ലോഗറുമായ അമീനക്ക് 5,70,000 ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സാണ് ഉള്ളത്. ലോറിയലിനെ പോലുള്ള വലിയ ബ്രാന്‍ഡ് പുതിയ ചുവടുവെയ്പിന് ധൈര്യം കാണിച്ചതിന്റെ സന്തോഷത്തിലാണ് അമീന. “ഗെയിം ചെയിഞ്ചറെ”ന്നാണ് ലോറിയലിന്റെ പുതിയ ക്യാംപയിന്‍ തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചുകൊണ്ട് അമീന കുറിച്ചത്. അമീനയെയും ലോറിയലിനെയും അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തി കഴിഞ്ഞു. ചരിത്രപരമായ ധീരത എന്നാണ് ഈ പരസ്യത്തെ കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ വിശേഷിപ്പിക്കുന്നത്.