ആഴ്ചയില്‍ എട്ടു ദിവസമുണ്ടായിരുന്നെങ്കില്‍ എന്നു ഞാനാഗ്രഹിക്കുന്നു; ഉമ്മന്‍ചാണ്ടിയെ വേദിയിലിരുത്തി ഭാര്യയുടെ പ്രസംഗം

കേരളത്തിന്റെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്റെ പ്രസംഗം വൈറലാകുന്നു. കുവൈത്തില്‍ ഒഐസിസിയുടെ പരിപാടിക്കിടെയാണ് മറിയാമ്മയുടെ രസകരമായ പ്രസംഗം. ഭര്‍ത്താവ് ഉമ്മന്‍ചാണ്ടിയും മറ്റു കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു സംഭവം.

എന്നെ പ്രസംഗിക്കാന്‍ വിളിച്ചത് മുതല്‍ ഭര്‍ത്താവിന് ഉള്‍ക്കിടിലമാണ് എന്നുപറഞ്ഞാരംഭിക്കുന്ന പ്രസംഗത്തിലുടനീളം മാതൃസ്‌നേഹത്തെയും, കുടുംബകാര്യങ്ങളെയുമാണ് മറിയാമ്മ പരാമര്‍ശിച്ചത്.

ഞാന്‍ രാഷ്ട്രീയം അറിയാത്ത രാഷട്രീയക്കാരിയല്ല. എന്നാല്‍ പ്രസംഗിക്കാന്‍ ഒന്നുമറിയില്ല. ഒരുപാട് അസുഖങ്ങള്‍ ഒക്കെയുള്ള ഒരു പാവം വീട്ടമ്മയാണ്, ഉമ്മന്‍ ചാണ്ടിയെപ്പറ്റി നിങ്ങള്‍ക്ക് നന്നായി അറിയാം. നാട്ടുകാരുടെ മുഴുവന്‍ ദുരിതങ്ങള്‍ കാണുന്ന ആളാണ്. 24*7 പ്രവര്‍ത്തനമണ്ഡലത്തില്‍ സജീവമായിരിക്കുകയാണ് അദ്ദേഹം. പക്ഷെ ഞാനാഗ്രഹിക്കാറുണ്ട് ഒരാഴ്ചയില്‍ എട്ടു ദിവസം ഉണ്ടായിരുന്നെങ്കില്‍ എന്ന്. കാരണം അന്നെങ്കിലും അദ്ദേഹം എന്റെയും കുടുംബത്തിന്റെയും കൂടെ ഉണ്ടാകുമല്ലോ മറിയാമ്മ ഇത് പറഞ്ഞതും സദസ്സ് കൂട്ടച്ചിരിയിലാണ്ടു. എല്ലാവരുടെും കണ്ണീരൊപ്പുന്ന ഉമ്മന്‍ചാണ്ടി എന്റെയും പിള്ളേരുടെയും കാര്യം നോക്കുന്നില്ലെന്ന പരിഭവത്തിന് നിറഞ്ഞ കയ്യടിയാണ് സദസ്സിലുണ്ടായത്. അതേസമയം വേദിയിലിരുന്നു ഉമ്മന്‍ചാണ്ടിയും ചിരിയിലാണ്ടു.

എന്റെ ഭര്‍ത്താവ് കടന്നുവന്ന അഗ്‌നി പരീക്ഷകള്‍ നിങ്ങള്‍ക്കറിയാം. എന്ത് ടെന്‍ഷന്‍ വരുമ്പോഴും നിങ്ങള്‍ എന്നെ ഓര്‍ത്താല്‍ മതി. ടെന്‍ഷന്‍ മാറ്റാന്‍ എല്ലാവരും എപ്പോഴും ചിരിക്കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അവര്‍ സ്‌നേഹപൂര്‍വം ഉപദേശിക്കുന്നു.

ഈയിടെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഭാര്യ മാധ്യമങ്ങളോട് സംസാരിക്കുന്ന വീഡിയോ വൈറലായിരുന്നു. ഇതിനിടെയാണ് ഉമ്മന്‍ചാണ്ടിയുടെ ഭാര്യയും സമൂഹമാധ്യമങ്ങളിലെ താരമാകുന്നത്.