അവര്‍ അത്രമേല്‍ ഹൃദയം കൊണ്ട് അടുത്തിരുന്നു; ക്യാന്‍സര്‍ ബാധിച്ച് ഉടമ മരിച്ചതിനു പിന്നാലെ വളര്‍ത്തുനായയും മരിച്ചു

വളര്‍ത്തുനായയുടെ സ്‌നേഹത്തെ കുറിച്ച് എത്ര പറഞ്ഞാലും തീരാത്ത കഥകളുണ്ട്. നായയും മനുഷ്യനും തമ്മിലുള്ള ചങ്ങാത്തത്തിന്റെ വാര്‍ത്തകളും ഏറെ. സ്റ്റുവര്‍ട്ട് ഹച്ചിസണും  നീറോ എന്ന നായയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പുതിയത്. ബ്രെയിന്‍ ക്യാന്‍സര്‍ മൂലം കഴിഞ്ഞ ദിവസമാണ് സ്റ്റുവര്‍ട്ട് മരിച്ചത്. സ്റ്റുവര്‍ട്ട് മരിച്ച് 15 മിനിറ്റു കഴിഞ്ഞതും നീറോയും സ്റ്റുവര്‍ട്ടിനൊപ്പം യാത്രയായി. ജീവിച്ചിരിക്കുമ്പോള്‍ പിരിഞ്ഞിരിക്കാത്തവര്‍ മരണത്തിലും പിരിഞ്ഞില്ല.

സ്റ്റുവര്‍ട്ടിന്റെ വീട്ടില്‍ വേറെയും നായകളുണ്ട്. എങ്കിലും സ്റ്റുവര്‍ട്ടിന് പ്രിയപ്പെട്ടത് നീറോയായിരുന്നു. 2011 മുതല്‍ ക്യാന്‍സര്‍ ചികിത്സയിലായിരുന്നു സ്റ്റുവര്‍ട്ട് എന്ന 25 കാരന്‍. നീറോ എപ്പോഴും സ്റ്റുവര്‍ട്ടിനൊപ്പമായിരുന്നു- സ്റ്റുവര്‍ട്ടിന്റെ അമ്മ പറഞ്ഞു. സ്റ്റുവര്‍ട്ടിന്റെയും നീറോയുടെയും നഷ്ടത്തില്‍ തകര്‍ന്നു പോയ സ്റ്റുവര്‍ട്ടിന്റെ ഭാര്യ ഇപ്പോള്‍ സാധാരണ ജീവിതത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

ഈ വാര്‍ത്ത വന്നതോടെ സ്റ്റുവര്‍ട്ടിന്റെയും നീറോയുടെയും സ്നേഹത്തെ വാഴ്ത്തിപ്പാടുകയാണ് സോഷ്യല്‍ മീഡിയ. ധാരാളം പേര്‍ നായയുടെ സ്‌നേഹത്തെ കുറിച്ച് പറയുകയും ചെയ്യുന്നുണ്ട്.