‘എന്റെ ശരീരത്തിന്റെ വില അഞ്ച് രൂപയാണ്, ദിവസങ്ങളായി പട്ടിണിയിലാണ്’; ലോക്ഡൗണില്‍ ഉയരുന്ന തെരുവിലെ വിലാപം

Advertisement

‘എന്റെ ശരീരത്തിന്റെ വില അഞ്ച് രൂപയാണ്, ദിവസങ്ങളായി പട്ടിണിയിലാണ്’, കൊല്‍ക്കത്തിയിലെ ലൈംഗീക തൊഴിലാളിയായ റഷീദയുടെ വാക്കുകളാണിത്. ലോക്ഡൗണ്‍ മുതല്‍ റഷീദയുടെയും മൂന്ന് പെണ്‍കുട്ടികളുടെയും ജീവിതം കൂടുതല്‍ പ്രതിസന്ധിയിലായി. ലോക്ഡൗണ്‍ ഇത്തരത്തില്‍ അനൗദ്യോഗിക മേഖലകളില്‍ ജീവിക്കുന്നവരെയും ഏറെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ഒരാള്‍ക്കു പോലും നിന്നു തിരിയാന്‍ ഇടമില്ലാത്ത ഒറ്റമുറി വീട്ടിലാണ് റഷീദയടക്കം നാലു ജീവിതങ്ങള്‍ കഴിയുന്നത്. 620 രൂപ മാസവാടക പോലും നല്‍കാന്‍ കഴിയാത്ത അവസ്ഥയില്‍ അഞ്ച് രൂപയ്ക്കാണ് ശരീരം വില്‍ക്കുന്നതെന്ന് റഷീദ പറയുന്നു. കെട്ടുറപ്പില്ലാത്ത വീട്ടില്‍ ഭയത്തോടെയാണ് ഓരോ ദിനവും കഴിഞ്ഞു കൂടുന്നത്. റഷീദയെ പോലെ നിരവധി ജീവിതങ്ങളാണ് കൊല്‍ക്കത്തയിലുള്ളത്. രാജ്യം ലോക്ഡൗണിലായതോടെ അവരുടെ ജീവിതവും കൂടുതല്‍ നരകതുല്യമായിരിക്കുകയാണ്.

ലോക്ഡൗണ്‍ കാലം കഴിഞ്ഞാലും ഇവരുടെ ജീവിതം ആശങ്കയിലാണെന്ന് ന്യൂ ലൈറ്റ് എന്ന കുട്ടികള്‍ക്കും ലൈംഗിക തൊഴിലാളികള്‍ക്കുമായി കൊല്‍ക്കത്തയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ സ്ഥാപക ഉര്‍മി ബസു പറയുന്നു. ഒരു ലൈംഗിക തൊഴിലാളിയുടെ 12 വയസ്സുള്ള കുട്ടി വിളിച്ച് ‘പത്ത്് ദിവസമായി ഭക്ഷണമില്ലെന്ന്’ പറഞ്ഞു എന്ന് സാമൂഹിക പ്രവര്‍ത്തക രുചിര ഗുപ്ത പറയുന്നു. അവര്‍ക്ക് പണവുമില്ല, ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങളുമില്ല.

2016ല്‍ നടത്തിയ സര്‍വെ പ്രകാരം ഇന്ത്യയില്‍ 6,57,800 ലൈംഗിക തൊഴിലാളികളുണ്ടെന്നായിരുന്നു കണക്ക്. നാലുവര്‍ഷങ്ങള്‍ക്കിപ്പുറം ഈ കണക്ക് ഉയര്‍ന്നിരിക്കാനാവും സാധ്യത. പാവപ്പെട്ടവര്‍ക്കും മറ്റും സര്‍ക്കാര്‍ ദുരിതാശ്വാസ പദ്ധതികളും ധനസഹായങ്ങളും നടപ്പാക്കുന്നുണ്ടെങ്കിലും ഇത് ലൈംഗിക തൊഴിലാളികളിലേക്കും എത്തുന്നുണ്ടോ എന്നത് സംശയമാണ്. കാരണം മിക്കവര്‍ക്കും സര്‍ക്കാര്‍ ഹാജരാക്കാന്‍ പറയുന്ന രേഖകളൊന്നും ഇല്ല. അതിനാല്‍ സര്‍ക്കാര്‍ സഹായം ഇവരിലേക്കും എത്രയും വേഗം എത്തിക്കണമെന്നാണ് സന്നദ്ധ സംഘടനകളെല്ലാം ആവശ്യപ്പെടുന്നത്.