കേരളത്തിലെ മരവിച്ച മനഃസാക്ഷിയെ തിരുത്താന്‍ ഇവരുണ്ട്; ബഹുനില കെട്ടിടത്തിനു മുകളില്‍ നിന്ന് വീണയാളെ രക്ഷിച്ചത് ഈ അമ്മയും മകളും

കൊച്ചി നഗരമധ്യത്തില്‍ ബഹുനിലക്കെട്ടിടത്തിനു മുകളില്‍ നിന്ന് വീണ യുവാവിനെ രക്ഷിച്ചത് ഒരു അമ്മയും മകളുമാണ്. റോഡരികില്‍ കൂടിനിന്നവരെല്ലാം ആ ജീവനെ തിരിച്ചുപിടക്കാന്‍ മടിച്ചുനിന്നപ്പോള്‍, ജീവന്റെ തുടിപ്പാണ് ലോകത്ത് മറ്റേതിനേക്കാളും വലുതെന്ന് തിരിച്ചറിവാണ് ഈ അമ്മയെയും മകളെയും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാക്കുന്നത്.

കഴിഞ്ഞ ദിവസം വൈകിട്ടാണ് കൊച്ചിയിലെ തിരക്കേറിയ പത്മ ജംങ്ഷനില്‍ തൃശൂര്‍ സ്വദേശി സജി.കെ.ആന്റോ ലോഡ്ജിന്റെ മുകളില്‍ നിന്നും റോഡിലേക്ക് വീഴുന്നത്. വീഴ്ചയെ തുടര്‍ന്ന് ബോധരഹിതനായ സജിയെ അവിടെ കൂടിനിന്നവര്‍ തിരിഞ്ഞുനോക്കിയിരുന്നില്ല. സംഭവസമയത്ത് സ്ഥലത്ത് ഒട്ടേറെ യുവാക്കള്‍ ഉണ്ടായിരുന്നിട്ടുപോലും ഗുരുതരമായി പരിക്കേറ്റ സജിയെ എല്ലാവരും അവഗണിക്കുകയായിരുന്നു. അപ്പോഴാണ് അഭിഭാഷകയായ രഞ്ജിനിയും മകള്‍ വിഷ്ണുപ്രിയയും സ്ഥലത്തെത്തുന്നത്.

സജിയെ കണ്ടയുടനെ അമ്മയും മകളും വേറൊന്നും ആലോചിച്ചില്ല.കാഴ്ചക്കാരെ വകഞ്ഞുമാറ്റി വഴിയരികില്‍ ജീവനുവേണ്ടി പിടയുന്ന സജിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവരെ സഹായിക്കാന്‍ പോലും ആദ്യം ആരും എത്തിയിരുന്നില്ല.പിന്നീട് തുടര്‍ച്ചയായ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ചുറ്റുമുണ്ടായിരുന്നവര്‍ സഹായത്തിനെത്തുകയായിരുന്നു.

സജി വീഴുന്നതിന്റെയും പിന്നീട് ആശുപത്രിയിലെത്തിക്കാന്‍ അമ്മയും മകളും മാലാഖമാരെപോലെ എത്തുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ ഇന്നലെ ചാനലുകളില്‍ വന്നതോടെയാണ് രഞ്ജിനിയുടെയും മകളുടെയും സഹാനുഭൂതിയെയും ധീരതയെയും ലോകം അറിയുന്നത്. ഹൈക്കോടതിയിലെ അഭിഭാഷകയാണ് രഞ്ജിനി. തൃക്കാക്കര ഭവന്‍സ് വരുണ വിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് വിഷ്ണുപ്രിയ.

ദൃശ്യങ്ങള്‍ ചാനലുകളിലും സമൂഹമാധ്യമങ്ങളിലും പ്രചരിക്കാന്‍ തുടങ്ങിയതോടെ അമ്മയുടെയും മകളുടെയും ധീരതയെയും സഹജീവി സ്‌നേഹത്തെയും പുകഴ്ത്തി നിരവിധി പേരാണ് രംഗത്തുവന്നത്. ദൃശ്യങ്ങള്‍ പുറത്തുവന്നയുടനെ ചലച്ചിത്രതാരം ജയസൂര്യ അമ്മയ്ക്കും മകള്‍ക്കും നന്ദി പറഞ്ഞ് രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ നിയമസഭാ സമ്മേളനത്തിനിടെയിലും രഞ്ജനിക്കും മകള്‍ക്കും അഭിനന്ദനം അറിയിച്ചിരുന്നു.

ചിത്രത്തിന് കടപ്പാട് മലയാള മനോരമ