ഇന്ത്യന്‍ ശിക്ഷാനിയമത്തിന് മുകളില്‍ നില്‍ക്കുന്ന കാനോന്‍ ചട്ടങ്ങള്‍ക്ക് മറ്റൊരു ഉദാഹരണമായ ജലന്തര്‍ ബിഷപ്പ് കേസ് , ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡനത്തിന് കന്യാസ്ത്രീ പരാതി നല്‍കിയിട്ട് ഒരു വര്‍ഷം

ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ പരാതി നല്‍കിയിട്ട് ഒരു വര്‍ഷമാകുന്ന സാഹചര്യത്തില്‍ മറ്റെല്ലാ കേസുകളെയും പോലെ ചോദ്യങ്ങളാണ് അവശേഷിക്കുന്നത്. ഏറെ വിവാദമായ കേസില്‍ വിചാരണ നടക്കുകയാണ്. ഇന്ന് പാലാ കോടതിയില്‍ പരിഗണിക്കുന്ന കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റും. മൂന്ന് മാസം നീണ്ട അന്വേഷണങ്ങള്‍ക്കും വിവാദങ്ങള്‍ക്കു ശേഷം ഫ്രാങ്കോ ജാമ്യത്തിലിറങ്ങുകയും ചെയ്തു. പരാതി നല്‍കി ഒരു വര്‍ഷമാകുമ്പോള്‍ എല്ലാവരും മറന്നു കൊണ്ടിരിക്കുന്ന ഈ കേസ് മറ്റുള്ള പീഡനാരോപണങ്ങള്‍ പോലെയോ?

കാനോന്‍ നിയമങ്ങള്‍ ഇന്ത്യന്‍ നിയമങ്ങള്‍ക്ക് മേല്‍ നില്‍ക്കുന്നതിങ്ങനെ

ലാറ്റിന്‍ കത്തോലിക്കാ സഭയുടെ ജലന്തര്‍ രൂപതയുടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മാത്രമല്ല കുറ്റാരോപിതനായ ഒരു ബിഷപ്പിനെയും സ്ഥാനത്ത് നിന്ന് മാറ്റില്ലെന്നാണ് വത്തിക്കാന്റെ തീരുമാനം. കാനോന്‍ നിയമപ്രകാരം ഇത്തരം ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ മാത്രമേ ഇത്തരം പദവികള്‍ എടുത്തു കളയാന്‍ കഴിയൂ. പൊലീസ് കേസെടുത്താലും കോടതി ശിക്ഷിച്ചാലോ അഭിഷിക്തനില്‍ നിന്നും അധികാരവും അവകാശവും തിരിച്ചെടുക്കാന്‍ കഴിയില്ല. സഭാനിയമം അനുസരിച്ച് അഭിഷേകം ചെയ്തയാളുടെ ബിഷപ്പ് പട്ടം പിന്‍വലിക്കാനാകില്ല. എന്നാല്‍ അധികാരങ്ങളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വരാം. വിശ്വാസത്തിനും ധാര്‍മ്മികതക്കും എതിരായ പ്രവൃത്തികള്‍ സഭാ അധികാരികള്‍ക്ക് ബോധ്യപ്പെടണം. എങ്കില്‍ മാത്രമേ കടുത്ത ശിക്ഷകള്‍ ഇവര്‍ക്ക് മേല്‍ ചുമത്തൂ. എന്നാല്‍ പരാതി നല്‍കി ഒരു വര്‍ഷം കഴിഞ്ഞിട്ടും യാതൊരു അന്വേഷണവും സഭയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. അതീവ രഹസ്യമായി നടത്തിയിട്ടുണ്ടെങ്കില്‍ തന്നെ ബിഷപ്പിന് അനുകൂലമായ റിപ്പോര്‍ട്ടുകളായിരിക്കും വത്തിക്കാനിലെത്തിയിരിക്കുക എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ശരിക്ക് പറഞ്ഞാല്‍ ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരം കുറ്റക്കാരനെന്ന് തെളിവുകളുടെ സാന്നിധ്യത്തില്‍ കണ്ടെത്തിയാലും ശിക്ഷ അനുഭവിച്ചാലും വത്തിക്കാനില്‍ സഭ ‘നല്ല പ്രോഗ്രസ് കാര്‍ഡ്’ നല്‍കിയാല്‍ മുഖം രക്ഷിക്കാന്‍ കഴിയുമെന്ന് ചുരുക്കം.

വിവാദമായ കേസ്

കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ട് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ കോട്ടയം എസ്. പിയായിരുന്ന ഹരിശങ്കറിന് പരാതി നല്‍കുന്നത്. പിന്നീട് അന്വേഷണം വൈക്കം ഡിവൈഎസ്പി കെ. സുഭാഷിന് കൈമാറുകയായിരുന്നു. 2014 മുതല്‍ 2016 വരെ കുറവിലങ്ങാട് മഠത്തില്‍ വെച്ച് പതിമൂന്ന് തവണ ബലാത്സംഗം ചെയ്തുവെന്നായിരുന്നു പരാതി. കൃത്യമായ തെളിവുകളും അനുകൂല മൊഴികളും പുറത്തു വന്നു. കേസില്‍ 83 സാക്ഷികളാണുള്ളത്. പ്രധാന സാക്ഷികളുടെയെല്ലാം രഹസ്യമൊഴിയും രേഖപ്പെടുത്തി. കേസില്‍ പരാതിക്കാരിക്ക് അനുകൂലമായ ഘടകങ്ങള്‍ ഏറെയുണ്ടായിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതില്‍ കാലതാമസമുണ്ടായതും വലിയ വിവാദമായി. എല്‍.ഡി.എഫ് സര്‍ക്കാര്‍ ബിഷപ്പിനെ സംരക്ഷിക്കുകയാണെന്ന ആരോപണം ഉയര്‍ന്നു. എന്നാല്‍ പഴുതടച്ചുള്ള അന്വേഷണത്തിന് ശേഷം മാത്രമേ അറസ്റ്റ് ചെയ്യൂ എന്ന നിലപാടായിരുന്നു പൊലീസ് തലപ്പത്തുള്ളവര്‍ക്ക്. ഒടുവില്‍ ഏറെ കോലാഹലങ്ങള്‍ക്ക് ശേഷം സെപ്തബംര്‍ 23ന് അറസ്റ്റ് നടന്നു.

74 പേജുള്ള കുറ്റപത്രം

ഏപ്രില്‍ മാസം 74 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു. ബലാത്സംഗം ഉള്‍പ്പെടെ ആറ് വകുപ്പുകള്‍ ചേര്‍ത്താണ് കുറ്റപത്രം. അന്യായമായി തടഞ്ഞുവെച്ചു, അധികാര ദുര്‍വിനിയോഗം നടത്തി, ലൈംഗികമായി പീഡിപ്പിച്ചു, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തല്‍, മേലധികാരം ഉപയോഗിച്ച് തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്തു, ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ച് തുടര്‍ച്ചയായി ബലാത്സംഗം ചെയ്തു എന്നീ വകുപ്പുകളാണ് ചുമത്തിയത്. പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഫ്രാങ്കോ മുളയ്ക്കല്‍ മാത്രം പ്രതിയായ കേസില്‍ സിറോ മലബാര്‍ സഭാ അധ്യക്ഷന്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ 83 സാക്ഷികളുടെ മൊഴികളില്‍ 11 പേര്‍ വൈദികരും 3 പേര്‍ ബിഷപ്പുമാരും 25 കന്യാസ്ത്രീമാരും  ആണുള്ളത്.

ചരിത്രത്തെ ഞെട്ടിച്ച് കന്യാസ്ത്രീകള്‍ തെരുവില്‍

പ്രതിക്ക് സര്‍ക്കാരിലും ഉന്നതങ്ങളിലും പിടിപാടുണ്ടാകും എന്ന കാരണത്താലാണ് അന്വേഷണം വൈകുതെന്ന ആരോപണത്തില്‍ തുല്യനീതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ പ്രത്യക്ഷ സമരം തുടങ്ങി. കുറവിലങ്ങാട് മഠത്തിലെ അഞ്ചു കന്യാസ്ത്രീകള്‍ വഞ്ചി സ്‌ക്വയറിലാണ് സമരം നടത്തിയത്. ലോകശ്രദ്ധ ആകര്‍ഷിച്ച ഈ സമരത്തിന് വലിയ പിന്തുണ ലഭിച്ചതോടെയാണ് അറസ്റ്റിലേക്കും മറ്റും കാര്യങ്ങള്‍ നീങ്ങിയത്.